Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക് കർമപദ്ധതി; നിരീക്ഷക സമിതിയിൽ പി.ടി.ഉഷയും അഞ്ജു ബോബി ജോർജും ഐ.എം. വിജയനും

vijayan-anju-usha

ന്യൂഡൽഹി∙ ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് കർമപദ്ധതി തയാറാക്കുന്നതിനു കേന്ദ്ര കായിക മന്ത്രാലം വിദഗ്ധ സമിതിയെ നിയോഗിച്ചു. മന്ത്രാലയത്തിന്റെ മുൻഗണനാ പട്ടികയിലുള്ള 12 ഇനങ്ങളിലാണ് ആദ്യഘട്ടത്തിൽ നിരീക്ഷകരെ നിയമിച്ചത്. സ്വന്തം ഇനങ്ങളിൽ കർമ പദ്ധതി തയാറാക്കുന്നതിനൊപ്പം കൂട്ടായ നിർദേശങ്ങളും സമിതി നൽകും.

കായിക മന്ത്രാലയം, സ്പോർട്സ് ഫെഡറേഷനുകൾ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എന്നിവയുടെ ഉപദേശക സമിതിയായും സമിതി പ്രവർത്തിക്കും. കേരളത്തിൽ നിന്ന് പി.ടി.ഉഷ, അജ്ഞു ബോബി ജോർജ് (അത്‌ലറ്റിക്സ്), ഐ.എം.വിജയൻ (ഫുട്ബോൾ) എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

ഡോ. സജ്ഞീവ്കുമാർ സിങ് (അമ്പെയ്ത്ത്), അപർണ പോപട്ട് (ബാഡ്മിന്റൺ), മേരി കോം, അഖിൽകുമാർ (ബോക്സിങ്), ജഗ്ബീർ സിങ് (ഹോക്കി), അഭിനന്ദ ബിന്ദ്ര (ഷൂട്ടിങ്), സോംദേവ് ദേവ്‌വർമൻ (ടെന്നിസ്), കർണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീൽകുമാർ (ഗുസ്തി), ഖാജൻ സിങ് (നീന്തൽ), കമലേഷ് മേത്ത (ടേബിൾ ടെന്നിസ്) എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ.

ഒളിംപിക്സ് മെഡൽ ലക്ഷ്യമിട്ട് കായിക മേഖലയിൽ സമഗ്രമായ പദ്ധതി തയാറാക്കാൻ റിയോ ഒളിംപിക്സിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രാലയത്തിന്റെ നടപടി. ദീർഘകാല പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു സമിതിയുടെ പ്രധാന ലക്ഷ്യം.

സിലക്‌ഷൻ നയം, നിലവാരം ഉയർത്തൽ, പ്രതീക്ഷയുടെ പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കൽ, സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കൽ, അത്‌ലിറ്റുകളുടെ പ്രകടനം സമയബന്ധിതമായി വിലയിരുത്തൽ എന്നീ ചുമതലകളാണു സമിതിയെ ഏൽപിച്ചിരിക്കുന്നത്. ഓരോരുത്തർക്കും അവരുടെ മേഖലയിലാണു ചുമതല നൽകിയിരിക്കുന്നത്.

എന്നാൽ, കായിക വികസനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളിൽ ഉപദേശക സമിതിയായും ഇവർ പ്രവർത്തിക്കും. 2020, 2024, 2028 ഒളിംപിക്സുകൾ ലക്ഷ്യമിട്ട് മന്ത്രാലയം ഇതിനകം ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതും സമിതിയുടെ ചുമതലയായിരിക്കും.