സന്തോഷ് ട്രോഫി ഫൈനൽ കാണാൻ സ്പോർട്സ് ചാനലുകൾ വച്ചുനോക്കി. എവിടെയുമില്ല. ന്യൂസ് ചാനലുകൾ അരിച്ചുപെറുക്കിനോക്കി, അപ്ഡേറ്റുകളല്ലാതെ തൽസമയ സംപ്രേഷണമില്ല. ഒടുവിലത്തെ ആശ്രയമായി ദൂരദർശൻ നോക്കി, എപ്പോഴോ നടന്ന ഏതോ ഗെയിംസിന്റെ ആർക്കും വേണ്ടാത്ത ഹൈലൈറ്റ്സ് ഓടിക്കൊണ്ടിരിക്കുകയാണവിടെ!
ഇന്ത്യയിൽ ഫുട്ബോൾ വളരാത്തതിനു ക്രിക്കറ്റിനെ കുറ്റം പറയുന്നവരാണു നമ്മൾ. മിനിയാന്നത്തെ സന്തോഷ് ട്രോഫി അനുഭവംകൊണ്ട് ഒരുകാര്യം ബോധ്യപ്പെട്ടു. ക്രിക്കറ്റിനെ കുറ്റംപറയാൻ നമുക്ക് ഒരവകാശവുമില്ല. ക്രിക്കറ്റിനെ ആരാധകർ സ്നേഹിക്കുന്നതുകൊണ്ടു ക്രിക്കറ്റ് വളരുന്നു. ആരാധകർക്കു വേണ്ടതെല്ലാം നൽകി ക്രിക്കറ്റ് സംഘാടകർ കളിയെ പ്രോൽസാഹിപ്പിക്കുന്നു. രഞ്ജിട്രോഫിപോലും ലൈവ് ആയി ആരാധകരിലെത്തിക്കുന്നു. ഇതൊന്നും ഫുട്ബോൾ ആരാധകർക്കു ചെയ്തുകൊടുക്കാൻ ഇന്ത്യയിൽ ആരുമില്ല. ഇന്ത്യക്കാരുടെ ഫുട്ബോൾ ലോകകപ്പാണു സന്തോഷ് ട്രോഫി. ആ മത്സരം ഇന്ത്യ മുഴുവൻ തൽസമയം സംപ്രേഷണം ചെയ്യാൻ ഒരു ചാനലുമുണ്ടായില്ല.
മകന്റെ ഫോണിലെ ഫെയ്സ്ബുക്കിലൂടെയാണു ഞാൻ മത്സരം കണ്ടത്. ഇത്രയേറെ വീറും വാശിയും നിറഞ്ഞൊരു മത്സരം ഐഎസ്എല്ലിൽപോലും കണ്ടിരുന്നില്ല. എന്നിട്ടും ആ കളിയൊന്ന് ആസ്വദിച്ചു കാണാൻ യോഗമുണ്ടായില്ല. വിഡിയോ ബഫർ ചെയ്യുന്നതുമൂലം കളിയുടെ നിർണായക നിമിഷങ്ങളെല്ലാം റീപ്ലേ കണ്ട് ആശ്വസിക്കേണ്ടിവന്നു. ശ്വാസംപോലും നിലച്ചുനിന്ന ടൈബ്രേക്കർ സമയത്തു വിഡിയോയും നിലച്ചതു കണ്ടു ഫോൺ എറിഞ്ഞുപൊട്ടിക്കാൻപോലും തോന്നി.
കബഡി മത്സരം പോലും ലൈവ് ആയി മാർക്കറ്റ് ചെയ്യാൻ നമുക്കു സംവിധാനമുള്ളപ്പോൾ സന്തോഷ് ട്രോഫിക്കും ഫെഡറേഷൻ കപ്പിനുമൊക്കെ എന്തുകൊണ്ട് ഈ ഗതി വരുന്നു? ഫുട്ബോൾ ആസ്വദിക്കാൻ ആരെയും സമ്മതിക്കില്ലെന്ന് ഇവിടെ ആർക്കെങ്കിലും വാശിയുണ്ടോ? അതോ, ഐഎസ്എൽ മാത്രം വളർന്നാൽ മതിയോ? ഐഎസ്എല്ലിനെ മാർക്കറ്റ് ചെയ്യാൻ അതിന്റെ സംഘാടകർക്കറിയാം. ഐഎസ്എൽകൊണ്ടുമാത്രം ഇന്ത്യൻ ഫുട്ബോൾ ടീം ഉടൻ ലോകകപ്പ് കളിക്കുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട. അതിനു നമ്മുടെ സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പുമൊക്കെ നന്നായി സംഘടിപ്പിക്കാതെ വഴിയില്ല.
സന്തോഷ് ട്രോഫി കാണാൻ ആളില്ലാത്തതുകൊണ്ടാണു തൽസമയ സംപ്രേഷണം ഇല്ലാത്തത് എന്ന ന്യായമാണു നിങ്ങൾ പറയാനൊരുങ്ങുന്നതെങ്കിൽ, അരുത് സർ, അതുമാത്രം പറയരുത്. ഈ കളിയെ സ്നേഹിക്കുന്ന ആർക്കും ആ ന്യായം മനസ്സിലാവില്ല.