ഇതു കുതിപ്പിന്റെ തുടക്കം: കാനു, കാംബിയാസ്സോ; കൊച്ചിയിൽ ഇനി കൂട്ടയിടി

കാനുവും കാംബിയാസോയും ഇന്ത്യൻ അണ്ടർ–17 താരം ജാക്സൺ സിങ്ങിനൊപ്പം(മധ്യത്തിൽ)

മുംബൈ ∙ ഇന്ത്യൻ ഫുട്ബോളിന് ഇതു വലിയ കുതിപ്പിലേക്കുള്ള ആദ്യ ചുവടുവയ്പ് ആണെന്ന് എസ്തബാൻ കാംബിയാസ്സോയും നുവാൻകോ കാനുവും. ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 ലോകകപ്പിന്റെ പ്രാഥമികറൗണ്ട് ഗ്രൂപ്പ് നറുക്കെടുപ്പിന് എത്തിയതാണു രണ്ടുപേരും.
ഇത്തവണ ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എന്നാൽ പടിപടിയായി ഇന്ത്യ പുരോഗമിക്കുമെന്നും കാംബിയാസ്സോ പറഞ്ഞു.

ഇതുവലിയ അവസരമാണ്, വലിയ വേദിയാണ്, ഇന്ത്യൻ ടീമിനു മഹത്തായ അവസരമാണ്. അത് ആസ്വദിക്കുക എന്നതാണ് ഇപ്പോഴത്തെ കടമയെന്നാണു കാനുവിനു പറയാനുണ്ടായിരുന്നത്.  രണ്ടുപേർക്കുമൊപ്പം മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിന് ഇന്ത്യൻ അണ്ടർ 17 സാധ്യതാ പട്ടികയിലുള്ള ജാക്സൺ സിങ്ങും എത്തിയിരുന്നു. ലോകഫുട്ബോളിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേദി പങ്കിടുമ്പോൾ പയ്യൻസ് ജാക്സൺ സ്വാഭാവികമായും അമ്പരപ്പിൽ ആയിരുന്നു. പക്ഷേ രണ്ടുപേരും ചേർന്നു ജാക്സണെയും ഇന്ത്യൻ ടീമിനെയും ഉത്തേജിപ്പിക്കുന്ന കാര്യങ്ങളാണു പറഞ്ഞത്.

‘‘സമ്മർദം ഉണ്ടാകും. പക്ഷേ അതിനെക്കുറിച്ച് ഏറെ ആലോചിക്കേണ്ടതില്ല. കളി ആസ്വദിക്കുക. ക്വാർട്ടർ ഫൈനലിൽ എത്തിയാൽപോലും ഇന്ത്യയ്ക്കതു വലിയ നേട്ടമാകും. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കും ഇതു വലിയ അവസരമാണ്. ലോകകപ്പ് കളിക്കാർക്കു വലിയ ക്ലബുകളിലേക്കു വഴിതുറക്കും. കാണികൾ ചെയ്യേണ്ടതു സ്റ്റേഡിയങ്ങൾ നിറയ്ക്കുക എന്നതാണ്. നിറഞ്ഞ സ്റ്റേഡിയത്തിലെ ആ അനുഭവം കളിക്കാർ ആസ്വദിക്കട്ടെ. അപ്പോൾ കളി നന്നാകും.’’ കാംബിയാസ്സോയും കാനുവും പറഞ്ഞു.

കൂടുതൽ മെച്ചപ്പെട്ട എതിരാളികൾക്കെതിരെ കളിച്ചപ്പോൾ ഒട്ടേറെ പാഠങ്ങൾ ലഭിച്ചെന്നു ജാക്സൺ പറഞ്ഞു. പന്ത് എങ്ങനെ നിയന്ത്രണത്തിൽ വയ്ക്കണം, എപ്പോൾ പാസ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ കടുപ്പക്കാർക്കെതിരെ കളിച്ചപ്പോഴാണു പിടികിട്ടിയത്. ടീം ക്യാംപിലെ അന്തരീക്ഷം നല്ലതാണ്. ഞങ്ങൾ പരമാവധി പൊരുതും.

അതിനിടെ, ബ്രസീലും സ്പെയിനും ജർമനിയും കൊച്ചിയിൽ കളിക്കാനെത്തുന്നതോടെ ടിക്കറ്റുകൾ വേഗം വിറ്റുതീരുമെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി. കേരളത്തിലുള്ളവർ മാത്രമായിരിക്കും കൊച്ചിയിലെ മൽസരങ്ങൾക്കു ടിക്കറ്റ് എടുക്കുക എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കിലും സ്ഥിതി മാറിയിരിക്കുകയാണെന്നും സെപ്പി പറഞ്ഞു.

ബ്രസീലിന്റെ കളി കാണാൻ ഗോവക്കാരും കൊച്ചിയിലേക്കു ടിക്കറ്റെടുക്കും. ഇന്ത്യയിലെ സ്പെയിൻ ആരാധകരും കൊച്ചിയിലെത്താൻ ആഗ്രഹിക്കുമ്പോൾ ടിക്കറ്റുകൾ വേഗം വിറ്റുതീരും.