ബ്യൂണസ് അയേഴ്സ് ∙ പ്രതീക്ഷകളുടെ സമനില തെറ്റിച്ചു ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനയ്ക്കു വീണ്ടും തിരിച്ചടി. സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയ അർജന്റീനയെ പോയിന്റ് പട്ടികയിലെ പിന്നാക്കക്കാരായ വെനസ്വേല 1–1നു സമനിലയിൽ പിടിച്ചു. തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ ദുർബല ടീമുകളിലൊന്നായ വെനസ്വേലയ്ക്കെതിരെയും ജയം കൈവിട്ടതോടെ മുൻലോകചാംപ്യൻമാരുടെ റഷ്യൻ ടിക്കറ്റിന്റെ കാര്യവും തുലാസിലായി. ബൊളീവിയയ്ക്കെതിരെ 0–1നു തോറ്റ ചിലെയുടെ കാര്യവും തുലാസ്സിലായി. പാരഗ്വായെ 2–1നു തോൽപ്പിച്ച് യുറഗ്വായ് യോഗ്യതയ്ക്ക് അരികിലെത്തി.
നേരത്തേ തന്നെ യോഗ്യത ഉറപ്പാക്കിയ ബ്രസീൽ കൊളംബിയയുമായി 1–1 സമനിലയിൽ പിരിഞ്ഞു. പെറു ഇക്വഡോറിനെ 2–1നു തോൽപിച്ചു.
കഴിഞ്ഞ ലോകകപ്പ് ഫൈനലിനെ അനുസ്മരിപ്പിച്ച് ഏയ്ഞ്ചൽ ഡി മരിയയുടെ പിൻമാറ്റം കണ്ടായിരുന്നു അർജന്റീനയുടെ തുടക്കം.ലയണൽ മെസ്സിയും പൗളോ ഡൈബാലയും മൗറോ ഇകാർഡിയും അണിനിരന്ന അർജന്റീന ടീമിനെതിരെ വെനസ്വേലയാണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. കളംനിറഞ്ഞു കളിച്ച അർജന്റീനയുടെ മുന്നേറ്റങ്ങൾക്കിടെയെത്തിയ കൗണ്ടർ അറ്റാക്കിലൂടെ ജോൺ മുരില്ലോ സന്ദർശകർക്ക് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, കളിയുടെ ഒഴുക്കിനെതിരെ വീണ ഗോളിൽ പതറിയെങ്കിലും അർജന്റീനയുടെ തിരിച്ചുവരവും വൈകിയില്ല. രാജ്യാന്തര മൽസരത്തിൽ ആദ്യഗോൾ കണ്ടെത്തിയ മൗറോ ഇകാർഡിയുടെ മികവിലാണ് അർജന്റീന നാലു മിനിട്ടിനുള്ളിൽ തിരിച്ചടിച്ചത്. ഇടതുവിങ്ങിൽ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ മാർക്കോസ് അക്യൂന നൽകിയ ക്രോസ് ഇകാർഡി ഇടംകാലിൽ ഗോളിലേക്കു തിരിച്ചിട്ടു.
കൊളംബിയയ്ക്കെതിരെ വില്ലിയന്റെ മനോഹരമായ വോളി ഗോളിൽ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ റഡമൽ ഫൽക്കാവോയുടെ ഉജ്വല ഹെഡറിൽ കൊളംബിയ സമനില പിടിച്ചു. പാരഗ്വായ്ക്കെതിരെ ബാർസിലോന താരം ലൂയി സ്വാരെസിന്റെ മികവാണു യുറഗ്വായ്ക്കു തുണയായത്. 76–ാം മിനിറ്റിൽ ഫെഡെറിക്കോ വെൽവെർദെ യുറഗ്വായെ മുന്നിലെത്തിച്ചു.
രണ്ടാം ഗോളിനു വഴിയൊരുക്കിയത് സ്വാരെസായിരുന്നു. ഗോൾകീപ്പർ ആന്തണി സിൽവയെ വട്ടംചുറ്റി കടന്ന സ്വാരെസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയെങ്കിലും റീബൗണ്ടിൽ ഗുസ്താവോ ഗോമസ് ലക്ഷ്യംകണ്ടു. ഏഞ്ചൽ റോമേറോ പാരഗ്വായുടെ ആശ്വാസ ഗോൾ നേടി. വെനസ്വേലയ്ക്കെതിരെ അടുത്ത കളി ജയിച്ചാൽ യുറഗ്വായ്ക്കു റഷ്യൻ ടിക്കറ്റ് ഉറപ്പായി.