മിലാൻ ∙ അർജന്റീനയെക്കുറിച്ചായിരുന്നു ഫുട്ബോൾ ആരാധകരുടെ ആശങ്ക; പക്ഷേ ദുരന്തം വന്നു വീണത് ഇറ്റലിയുടെ തലയ്ക്കു മുകളിലാണ്. 2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ അസ്സൂറിപ്പടയും ക്യാപ്റ്റൻ ജിയാൻല്യൂജി ബുഫണും ആരാധകരുടെ കണ്ണീരായി. യൂറോപ്യൻ പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ സ്വീഡനോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലിക്കു റഷ്യയിലേക്കു ടിക്കറ്റ് ഇല്ലാതായത്. സ്റ്റോക്ക്ഹോമിൽ നടന്ന ആദ്യപാദത്തിൽ സ്വീഡൻ 1–0നു ജയിച്ചിരുന്നു. ടീം പുറത്തായതിനു പിന്നാലെ ബുഫൺ, ജോർജിയോ കില്ലെനി, ഡാനിയേൽ ഡിറോസി, ആൻഡ്രിയ ബർസാഗ്ലി എന്നിവർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചു.
മിലാൻ ക്ലബുകളുടെ ഹോം മൈതാനമായ സാൻസീറോയിൽ കളി പൂർണമായും നിയന്ത്രിച്ചത് ഇറ്റലിയാണ്. പക്ഷേ, ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്തിൽത്തന്നെ അമൂല്യമായേക്കാവുന്ന ഒരു ഗോൾ നേടാൻ കളിക്കാർക്കായില്ല. 1958നുശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്താകുന്നത്. 1930ലെ പ്രഥമ ലോകകപ്പിൽ പങ്കെടുക്കാതിരുന്നതും പരിഗണിച്ചാൽ ഇറ്റലിയില്ലാത്ത മൂന്നാം ലോകകപ്പ് മാത്രമാകും റഷ്യയിലേത്. ഇറ്റലിയുടെ നിർഭാഗ്യം സ്വീഡന് ഭാഗ്യമായി. 2006നു ശേഷം അവർ ആദ്യമായി ലോകകപ്പിനു യോഗ്യത നേടി.
പ്രതിരോധനിര പതിവുപോലെ ഇളകാതെ ഉറച്ചുനിന്നെങ്കിലും മുന്നേറ്റത്തിൽ പിഴച്ചതാണ് ഇറ്റലിക്കു വിനയായത്. മാർക്കോ വെരാറ്റി വിലക്കു കൊണ്ടും സിമോൺ സാസ, ലിയൊനാർഡോ സ്പിന്നസോല എന്നിവർ പരുക്കു മൂലവും പുറത്തിരുന്നത് ഇറ്റലിക്കു തിരിച്ചടിയായി. ഡാനിയേൽ ഡിറോസി, ആൻഡ്രിയെ ബെലോട്ടി എന്നിവരും പൂർണമായും ഫിറ്റാവാത്തതിനാൽ പകരക്കാരുടെ ബെഞ്ചിലായി. കളിയുടെ തുടക്കത്തിൽത്തന്നെ ഇറ്റലി ഒരു പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പ്രതിഷേധിച്ചതിനു കില്ലെനിക്ക് മഞ്ഞക്കാർഡും കിട്ടി.
ആദ്യപാദത്തിലെ ഗോൾ സ്കോറർ ജേക്കബ് ജൊഹാൻസൺ പരുക്കേറ്റു പുറത്തുപോയെങ്കിലും സ്വീഡൻ ഗോളടിക്കുന്നതിനെക്കാളേറെ വഴങ്ങാതിരിക്കുന്നതിലാണു ശ്രദ്ധിച്ചത്. അലസാന്ദ്രോ ഫ്ലോറൻസി, സിർകോ ഇമ്മൊബൈൽ എന്നിവരുടെ ഷോട്ടുകൾ സേവ് ചെയ്തു ഗോൾകീപ്പർ റോബിൻ ഓൾസെൻ സ്വീഡന്റെ രക്ഷകനാവുകയും ചെയ്തു. തുടരെ സബ്സ്റ്റിറ്റ്യൂഷനുകളുമായി ഇറ്റാലിയൻ കോച്ച് ജിയാൻ പിയെറോ വെഞ്ചുറ അവസാനശ്രമം നടത്തിയെങ്കിലും ഇന്നലെ ഇറ്റലിയുടെ ദിവസമല്ല എന്നതു കൂടുതൽ തെളിഞ്ഞു.
∙ ‘‘മാപ്പ്! എന്റെ അവസാന മൽസരം എല്ലാവർക്കും ഒരു സങ്കടമായിപ്പോയതിൽ. ഇതൊരു വെറും ഫുട്ബോൾ തോൽവിയല്ല എന്നറിയാം. ഇറ്റാലിയൻ ജനത ഒന്നാകെ വീണുപോയൊരു നിമിഷമാണിത്. പക്ഷേ, എനിക്കു പ്രതീക്ഷയുണ്ട്. ജിജി ഡൊന്നാരുമ, മാറ്റിയ പെരിൻ എന്നിവരടങ്ങിയ ഈ യുവനിര മികച്ചതാണ്. വിജയം എല്ലാവരുടേതുമാണ് എന്നതിനാൽ ഈ തോൽവിയും കോച്ച് ഉൾപ്പെടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്തം മാത്രമാണ്..’’ - ജിയാൻല്യൂജി ബുഫൺ
∙ ഇറ്റലിയില്ലാത്ത മൂന്നാം ലോകകപ്പ് മാത്രമാണ് റഷ്യയിലേത്. 1930ലെ ആദ്യ ലോകകപ്പിൽ ഇറ്റലി പങ്കെടുത്തില്ല. 1958ൽ സ്വീഡനിൽ നടന്ന ലോകകപ്പിനു യോഗ്യത നേടിയില്ല. ഇത്തവണ സ്വീഡനോടു തോറ്റ് പുറത്താവുകയും ചെയ്തു.