കൃത്യമായ അളവ് അനുപാതത്തിൽ ഒരു മനുഷ്യശരീരം എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായി ലിയൊനാർഡോ ഡാവിഞ്ചിയുടെ ഒരു ചിത്രമുണ്ട്: ദ് വിട്രൂവിയൻ മാൻ. ഇതിനോടു ചേരുന്ന അഴകളവുള്ള മനുഷ്യർ അനുഗൃഹീതരത്രെ. ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫൺ അങ്ങനെയൊരാളാണെന്നു ശരീര ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം. ബുഫണിന്റെ ആ സമ്പൂർണ മനുഷ്യശരീരം ഇങ്ങനെ:
കൈയളവ് 191 സെ.മീ
ഗ്ലൗ സൈസ് 11
കാൽപാദം 46 സെ.മീ
ശരീരഭാരം 83 കി.ഗ്രാം
ഉയരം 191 സെ.മീ
കൈപ്പരപ്പ് 28.5 സെ.മീ
ഡിഎൻഎ: ബുഫണിന്റെ അച്ഛൻ വെയ്റ്റ് ലിഫ്റ്ററായിരുന്നു. അമ്മ ഡിസ്കസ് ത്രോ താരവും. അവർക്കുള്ളതുപോലെ മികച്ച അപ്പർ ബോഡി സ്ട്രെങ്ത് ബുഫണിന്റെയും പ്രത്യേകത.
തലച്ചോർ: അനുഭവജ്ഞാനംകൊണ്ട് പ്രൊസസ് ചെയ്യപ്പെട്ട തലച്ചോറാണു ബുഫണിന്റേത്. ഒരു ഗോൾകീപ്പർ നേരിടേണ്ട ഏതു സാഹചര്യവും ബുഫണിന് അന്യമല്ല. പ്രായം കൂടുമ്പോൾ ന്യൂറോണുകൾ നശിച്ചുപോകുന്നതും ബുഫണിൽ മെല്ലെയാണ്.
മനസ്സ്: മൈതാനത്ത് കടലുപോലെ അലയടിക്കുമെങ്കിലും ഉള്ളിൽ ഒരു തടാകംപോലെ ശാന്തമായിരിക്കും ബുഫൺ. വിഷാദരോഗത്തിൽനിന്നു തിരിച്ചുവന്നതിനു ശേഷമുള്ള ഗുണമാണിതെന്നു ബുഫൺ പറഞ്ഞിട്ടുണ്ട്.
കണ്ണുകൾ: അപാരമായ കാഴ്ച. ഒറ്റബിന്ദുവിൽ കേന്ദ്രീകരിക്കാനും മൈതാനമൊന്നാകെ വീക്ഷിക്കാനുമുള്ള വ്യത്യസ്ത ശേഷി മികച്ചരീതിയിൽ ബുഫണിനുണ്ട്.
കൈ: ഒറ്റക്കൈകൊണ്ടുപോലും പന്തു കുത്തിയകറ്റാൻ കരുത്തുള്ളതാണു ബുഫണിന്റെ കൈകൾ. പന്തിന്റെ വേഗംകൊണ്ട് ഒരിക്കലും കൈകൾ മടങ്ങാറില്ല. പന്തു കൈപ്പിടിയിലൊതുക്കുന്നതിനെക്കാൾ തട്ടിയകറ്റുന്നതാണു ബുഫണിന്റെ ഇഷ്ടവും.
ശരീരം: സന്തുലിതമായ നിൽപാണു ബുഫണിന്റേത്. വരട്ടെ കാണാം എന്ന രീതിയിൽ പന്തു സ്വീകരിക്കാൻ എപ്പോഴും റെഡി ആയിരിക്കും ബുഫൺ.
പേശി: പ്രായം തളർത്താത്ത പേശികൾ. റബർബാൻഡുപോലെ പെട്ടെന്നു വലിഞ്ഞു ചുരുങ്ങുന്നതാണു ബുഫണിന്റെ ടൈപ്പ്–2 മസിൽ ഫൈബറുകൾ. ക്രോസ് ബാർ ഉയരത്തിലുള്ള സേവുകൾക്കുവേണ്ടി ജംപ് ചെയ്യാനും ഇതു സഹായിക്കുന്നു.
പിൻഭാഗം: ഹെർണിയ ഭേദമാക്കാനുള്ള ശസ്ത്രക്രിയയിൽ നിന്ന് പൂർണമായും മുക്തനായിക്കഴിഞ്ഞാണ് ബുഫൺ കളിക്കളത്തിലേക്കു തിരിച്ചെത്തിയത്.
കാലുകൾ: സ്ട്രൈക്കർ പന്തുമായി കുതിച്ചെത്തുമ്പോഴേക്കും ഇരുകാലുകളും തുല്യ അകലത്തിൽ വിടർത്തി തടയാൻ തയാറായിരിക്കും ബുഫൺ. ഒരു ഡിഫൻഡറുടേതുപോലുള്ള ഗുണം.