കുടീഞ്ഞോയ്ക്ക് കന്നിഗോള്‍; ബാർസ ഫൈനലിൽ

ഗോൾ ‍നേടിയ കുടീഞ്ഞോയുടെ ആഹ്ലാദം. മെസ്സി പിന്നിൽ

ബാർസിലോന ∙ സൂപ്പര്‍ താരം ഫിലിപ്പെ കുടീഞ്ഞോ ബാര്‍സിലോന ജഴ്സിയില്‍ ഗോളടി തുടങ്ങി. സ്പാനിഷ് കിങ്സ് കപ്പിന്റെ രണ്ടാംപാദ സെമി ഫൈനലില്‍ വലന്‍സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച ബാര്‍സ ഫൈനലിലേക്കു മുന്നേറി. ഇരുപാദ സ്കോര്‍ 3–0. നൂകാംപില്‍ നടന്ന ആദ്യപാദ സെമിയില്‍ ബാര്‍സ ഒരു ഗോളിനു വിജയിച്ചിരുന്നു. ഏപ്രിലിൽ നടക്കുന്ന ഫൈനലില്‍ സെവ്വിയയാണ് എതിരാളികള്‍. തുടർച്ചയായ അഞ്ചാം വര്‍ഷമാണു ബാർസിലോന ഫൈനൽ കളിക്കുന്നത്.

മൽസരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 49–ാം മിനിറ്റിൽ ലൂയി സ്വാരെസിന്റെ പാസിൽനിന്നായിരുന്നു ബാർസയ്ക്കുവേണ്ടിയുള്ള കുടീഞ്ഞോയുടെ കന്നിഗോൾ. ഗോൾമുഖത്തേക്കെത്തിയ ക്രോസ് ബ്രസീലിയൻ താരം ഗോളിലേക്കു ചെത്തിയിട്ടു. മൽസരം അവസാനിക്കാൻ എട്ടു മിനിറ്റ് മാത്രം ശേഷിക്കെ ഇവാൻ റാക്കിട്ടിച്ചിലൂടെ ബാർസ ലീഡ് ഉയർത്തി. ഇരുപാദങ്ങളിലുമായി ലഗാനെസിനെ 3–1നു തോൽപിച്ചാണു സെവ്വിയ ഫൈനലിലെത്തിയത്.