വീണ്ടും സമനില; ഗോളടിക്കാതെ ബാർസിലോന

ഗെറ്റാഫെ താരങ്ങളുടെ പ്രതിരോധത്തിനിടെ വീണുപോയ മെസ്സി.

മഡ്രിഡ് ∙ തുടർച്ചയായ രണ്ടാം കളിയിലും സമനിലയുടെ കെട്ടുപൊട്ടിക്കാൻ കഴിയാതെ പോയ ബാർസിലോനയെ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ ആവേശപ്പോരിൽ ഗെറ്റാഫെ ഗോൾരഹിത സമനിലയിൽ കുരുക്കി. കഴിഞ്ഞയാഴ്ച കാറ്റലൻ നഗരപ്പോരിൽ എസ്പാന്യോളിനോടു കഷ്ടിച്ചു സമനില പിടിച്ച ബാർസയ്ക്കു ലീഗിൽ തുടർച്ചയായ രണ്ടാം കളിയിലും ജയിക്കാനാവാതെ പോയതു പോയിന്റ് പട്ടികയിലെ ലീഡ് കുറച്ചു. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡുമായി ഏഴു പോയിന്റ് മാത്രമാണിപ്പോൾ വ്യത്യാസം. അത്‌ലറ്റിക്കോ മഡ്രിഡ് കഴിഞ്ഞ ദിവസം മലാഗയെ 1–0ന് തോൽപിച്ചിരുന്നു. 2016 നവംബറിനു ശേഷം സ്വന്തം ഗ്രൗണ്ടിൽ ബാർസയ്ക്കു ഗോളടിക്കാൻ പറ്റാതെ പോയ കളികൂടിയായി ഇത്.

ലീഗിൽ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് സൂക്ഷിക്കുന്ന ഗെറ്റാഫെയെ നിസ്സാരരായി കണ്ടതായിരുന്നില്ല ബാർസയുടെ പ്രശ്നം. ലയണൽ മെസ്സിയുടെ ഫ്രീകിക്കിൽനിന്നു ലൂയി സ്വാരെസിന്റെ ഗോൾ അവരുടെ വലയിൽ കയറിയതാണ്. പക്ഷേ, റഫറി ഓഫ് സൈഡ് വിളിച്ചു. ഇൻജുറി ടൈമിൽ സ്വാരെസിന്റെ ഒരു ഹെഡർ ഗെറ്റാഫെ ഗോളി വിചെന്റെ ഗൗഷ്യ മനോഹരമായി സേവ് ചെയ്തതോടെ ബാർസയുടെ ദൗർഭാഗ്യം പൂർണം.

ലെവാന്തെയെ 3–1നു തോൽപിച്ച് വലൻസിയ, റയൽ മഡ്രിഡിൽനിന്നു മൂന്നാം സ്ഥാനം തിരികെപ്പിടിച്ചു. മെസ്റ്റയ്യയിൽ ഞായർ രാത്രി നടന്ന മൽസരത്തിൽ, സാന്റി മിന, ലൂസിയാനോ വിയെറ്റോ, ഡാനി പരേജോ എന്നിവരാണു ഗോളുകൾ നേടിയത്. സാന്റി മിനയുടെ ഗോളിനു പിന്നാലെ സെർജിയോ പോസ്റ്റിഗോ ലെവാന്തെയ്ക്കായി സമനില സമ്പാദിച്ചെങ്കിലും പിന്നീടു രണ്ടു ഗോളുകൾ കൂടി നേടി വലൻസിയ കളി തങ്ങളുടേതാക്കി. 

‍ 

∙ 'സ്വന്തം കാണികളുടെ മുന്നിൽ ഒരു സമനില ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഗെറ്റാഫെ നന്നായി കളിച്ചു; ഗോളടിക്കാൻ ഞങ്ങളെ അനുവദിച്ചതുമില്ല. അതാണു ഫുട്ബോൾ!'  – ഏണസ്റ്റോ വാൽവെർദെ (ബാർസിലോന പരിശീലകൻ) 

∙ 2016 - ബാർസിലോനയ്ക്കു സ്വന്തം ഗ്രൗണ്ടിൽ ഗോൾ നേടാൻ പറ്റാത്തത് 2016 നവംബറിനു ശേഷം ആദ്യം.