കളത്തിലെ ദീപം കണ്ണീരോർമ; കണ്ണീരുണങ്ങാതെ ഇറ്റലി, ഫുട്ബോൾ ലോകം

ഡേവിഡ് അസ്തോറിയും ബുഫണും (ഫയൽ ചിത്രം). ഡേവിഡ് അസ്തോറി അനുസ്മരണത്തിനിടെ കണ്ണീരണിഞ്ഞ് ബുഫൺ.

ഇറ്റലിയുടെ കണ്ണീർ തോർന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെ ദേശീയ തിരഞ്ഞെടുപ്പിനെത്തുടർന്നു തൂക്കുസഭ നിലവിൽ വന്നതുമൂലമുള്ള രാഷ്ട്രീയ പ്രതിസന്ധിയൊന്നുമല്ല ഇതിനു കാരണം. മിന്നിത്തിളങ്ങി നിന്ന ദീപനാളം പൊടുന്നനെ പൊലിഞ്ഞു പോയതു പോലെ, അവരുടെ പ്രിയതാരം ഡേവിഡ് അസ്റ്റോറി മുപ്പത്തൊന്നാം വയസ്സിൽ എന്നെന്നേക്കുമായി വിടവാങ്ങിയതിന്റെ നടുക്കത്തിലാണ് ഇറ്റലിക്കാർ. ഇറ്റാലിയൻ സീരി എ ക്ലബ് ഫിയൊറന്റിനയുടെ നായകനായിരുന്ന അസ്റ്റോറി 14 രാജ്യാന്തര മൽസരങ്ങളിൽ അസൂറിപ്പടയ്ക്കു വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. 

സീരി എ പോരാട്ടത്തിൽ ഞായറാഴ്ച ഫിയൊറന്റിന ഉഡിനേസിനെ നേരിടാനിരിക്കെയാണു ദുരന്തം. തലേന്ന് രാത്രി പതിനൊന്നരയോടെ ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടന്ന അസ്റ്റോറി പിന്നീട് ഉണർന്നതേയില്ല. പൊടുന്നനെയുണ്ടായ ഹൃദയസ്തംഭനമായിരിക്കാം മരണകാരണമെന്നു കരുതപ്പെടുന്നുവെങ്കിലും അപായപ്പെടുത്തലിനുള്ള സാധ്യത തള്ളിക്കളയാതെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

ഓർമയിൽ ഒരു ഗോൾ 

ഒട്ടേറെ ഇതിഹാസ താരങ്ങളെ ലോക ഫുട്ബോളിനു സംഭാവന ചെയ്ത ഇറ്റലിയുടെ രാജ്യാന്തര ചരിത്രത്തിലേക്ക് ഒരു ഗോൾ മാത്രമേ അസ്റ്റോറിക്കു സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. 2013ലെ കോൺഫെഡറേഷൻ കപ്പ് ഫുട്ബോളിന്റെ മൂന്നാം സ്ഥാന മൽസരത്തിൽ യുറഗ്വായ്ക്കെതിരെ ആയിരുന്നു ആ ഗോൾ. 2011നും 2017നുമിടെയായിരുന്നു താരം ദേശീയ ടീമിനു വേണ്ടി കളിച്ചത്. 

പ്രതിരോധ ഫുട്ബോളിൽ ലോകത്ത് ഏതു ടീമിനോടും കിടപിടിക്കുന്ന ഇറ്റലിയുടെ സെൻട്രൽ ഡിഫൻഡറായി ഇനിയും മൈതാനദൂരങ്ങളേറെ പിന്നിടാനുണ്ടായിരുന്നു അസ്റ്റോറിക്ക്. സീരി എയിലെ മെച്ചപ്പെട്ട പ്രകടനങ്ങളിലൂടെ വീണ്ടും ഇറ്റാലിയൻ ജഴ്സിയിൽ ഇറങ്ങാമെന്നു സ്വപ്നം കണ്ട താരം ഫുട്ബോളിനെ അത്രയധികം നെഞ്ചോടു ചേർത്തിരുന്നു. ‘ഞാൻ ഇപ്പോൾ എന്റെ ജോലിയെ കൂടുതൽ ഇഷ്ടപ്പെടുന്നു. ഫുട്ബോളിനോടാണ് എന്റെ പ്രണയം. ഒരു പക്ഷേ, എനിക്കു 18 വയസ്സുണ്ടായിരുന്ന കാലത്തേക്കാൾ ഞാൻ ഈ കളിയെ ഇപ്പോൾ ഇഷ്ടപ്പെടുന്നു’ എന്ന് അടുത്ത കാലത്ത് താരം വികാരാധീനനായി പറഞ്ഞതും പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാകണം. 

കുഞ്ഞു മാൽദീനി 

ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളായ പാവ്‍ലോ മാൽദിനിയുടെ പിൻഗാമിയെന്ന് വാഴ്ത്തപ്പെട്ടിരുന്ന അസ്റ്റോറിയുടെ ജനനം മിലാനു സമീപം ബെർഗാമോ നഗരത്തിലായിരുന്നു. 14ാം വയസ്സിൽ എസി മിലാന്റെ യൂത്ത് ക്ലബ്ബിലൂടെയാണ് വളർച്ച. എന്നാൽ, മിലാന്റെ സീനിയർ ടീമിലേക്കു പരിഗണിക്കപ്പെടും മുൻപ് താരം 2008ൽ കഗ്ലിയാരിയിലേക്കു കളം മാറി. 

തുടർന്ന് എട്ടു സീസണുകളിലായി ഇരുനൂറോളം മൽസരങ്ങളിൽ ക്ലബ്ബിന്റെ നിറത്തിൽ ഇറങ്ങി. 2012ൽ സ്പാർട്ടക് മോസ്കോ ഭേദപ്പെട്ട ഓഫർ മുന്നോട്ടു വച്ചെങ്കിലും അതു വേണ്ടെന്നുവച്ച താരം കഗ്ലിയാരി ആരാധകരുടെ പ്രിയപ്പെട്ടവനായി. 

തുടർന്ന്, വായ്പ അടിസ്ഥാനത്തിൽ ആദ്യം എഎസ് റോമയ്ക്കും പിന്നീട് ഫിയറന്റിനയക്കും വേണ്ടി അസ്റ്റോറി കളിച്ചു. 2016ൽ ആണു ഫിയൊറന്റിനയുമായി കരാർ സ്ഥിരപ്പെടുത്തിയത്. 2017–18 സീസൺ തുടക്കത്തിൽ ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൂടി ലഭിച്ചു. 

പ്രിയങ്കരൻ 

മൈതാനത്തിനകത്തും പുറത്തും ഒട്ടേറെ പേർക്ക് ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു അസ്റ്റോറിയുടേത്. താരത്തിന്റെ വിയോഗം രാജ്യത്തെ പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെയുള്ളവർക്ക് വ്യക്തിപരമായ സങ്കടമാകുന്നതും ഇതു കൊണ്ടു തന്നെയാകും. 

ഞായറാഴ്ച നടക്കേണ്ടിയിരുന്ന ലീഗ് മൽസരങ്ങൾ ഒന്നടങ്കം മാറ്റിവച്ചാണ് സീരി എ അധികൃതർ അസ്റ്റോറിക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഈയാഴ്ച നടക്കുന്ന ചാംപ്യൻസ് ലീഗ് പോരാട്ടങ്ങൾ മുൻപ് ആദരാഞ്ജലി അർപ്പിക്കുമെന്ന് യുവേഫയും അറിയിച്ചിട്ടുണ്ട്‌. 

ഫിയൊറന്റിനയുമായി കരാർ പുതുക്കാൻ അസ്റ്റോറി ഒപ്പുവയ്ക്കേണ്ട കാര്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനുള്ള ഒരുക്കങ്ങളും നടക്കുകയായിരുന്നു. പ്രിയങ്കരനായ നായകനോട് കൃതജ്ഞത പ്രകടിപ്പിക്കാനായി മരണശേഷവും കരാർ പുതുക്കാൻ ഫിയൊറന്റിന തയാറാണെന്ന് വാർത്തകൾ പരന്നിരുന്നുവെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചു. അസ്റ്റോറിയുടെ കുടുംബത്തെ സഹായിക്കുമെങ്കിലും അതെക്കുറിച്ച് തീരുമാനമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

ഒരിക്കലും സ്പോർട്സ്മാൻ സ്പിരിട്ട് കൈമോശം വരാതെ കാത്ത അസ്റ്റോറിയെ അനുസ്മരിച്ച് ദേശീയ ടീമിലടക്കമുള്ള സഹതാരങ്ങൾ പറഞ്ഞതേറെയും ആ വ്യക്തിഗുണത്തെക്കുറിച്ചാണ്. 

നിസ്വാർഥവും മാന്യവുമായ പെരുമാറ്റവും മറ്റുള്ളവരോടുള്ള ബഹുമാനവും അസ്റ്റോറിയെ വേറിട്ടുനിർത്തുന്നുവെന്നായിരുന്നു ഇറ്റലിയുടെ മുൻനായകൻ ജിയൻലൂഗി ബുഫണിന്റെ കണ്ണീരു പുരണ്ട വാക്കുകൾ. ഒരു പക്ഷേ, ഇതാകും പൊടുന്നനെ പൊലിഞ്ഞു പോയ യുവതാരത്തിനുള്ള ഏറ്റവും ശ്രദ്ധേയമായ ബാഷ്പാഞ്ജലി.