Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ ദേശീയ ഫുട്ബോൾ താരം അസ്തോരി ഹോട്ടലിൽ മരിച്ചനിലയിൽ

Davide-Astori ഡേവിഡ് അസ്തോരി (ട്വിറ്റർ ചിത്രം)

റോം∙ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ നായകനും ഇറ്റലിയുടെ ദേശീയ ടീം അംഗവുമായ ഡേവിഡ് അസ്തോരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇറ്റാലിയൻ നഗരമായ ഉഡിനിലെ ലാ ഡി മോറെറ്റ് ഹോട്ടലിലാണ് അസ്തോരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 31 വയസ്സായിരുന്നു. 14 മൽസരങ്ങളിൽ ഇറ്റാലിയൻ ജഴ്സി അണിഞ്ഞിട്ടുള്ള താരമാണ് അസ്തോരി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീനയാണ് മരണവാർത്ത പുറത്തുവിട്ടത്. ‘കടുത്ത ഞെട്ടലിലായ ഫിയോറന്റീന ക്ലബ് തങ്ങളുടെ നായകൻ ഡേവിഡ് അസ്തോരിയുടെ ആകസ്മികവും അപ്രതീക്ഷിതവുമായ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നിർബന്ധിതരായിരിക്കുന്നു’ – ക്ലബ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Davide Astori

അസ്തോരി പ്രഭാത ഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് സഹതാരങ്ങൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ചിലർ റൂമിനു പുറത്തുപോയി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അസ്തോരി താമസിച്ചിരുന്ന മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് താരം മരിച്ചു കിടക്കുന്നത് കണ്ടത്.

ഇറ്റാലിയൻ സീരി എയിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ഫിയോറന്റീന ഉഡിനീസുമായി മൽസരിക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഇതോടെ ലീഗിലെ ഇന്നത്തെ മൽസരങ്ങളെല്ലാം മാറ്റിവച്ചു. 2011ലാണ് അസ്തോരി ഇറ്റാലിയൻ ദേശിയ ജഴ്സിയിൽ അരങ്ങേറിയത്. തുടർന്ന് 14 മൽസരങ്ങളിൽ ദേശീയ ടീമിനായി കളിച്ചു. എസി മിലാൻ താരമായിരുന്നു അസ്തോരി 2015ലാണ് ഫിയോറന്റീനയിൽ എത്തിയത്.