ഷറഫലി പറയുന്നു, നമ്മളറിയാത്ത സത്യന്റെ ജീവിതം, കൊൽക്കത്ത, ഫുട്ബോൾ, വിഷാദം: ദി അദർ ക്യാപ്റ്റൻ

യു.ഷറഫലി

ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്‌വരയിലെത്തി. ‘ഇതിന്റെ അപ്പുറം കാണേണ്ടേ?’ ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു. പച്ചപിടിച്ച താഴ്‌വര. ഏട്ടത്തി പറഞ്ഞു– ‘ഞാനിവിടെത്തന്നെ നിൽക്കട്ടെ’.

‘എനിക്കു പോകണം’ അനുജത്തി പറഞ്ഞു. അവളുടെ മുന്നിൽ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. ‘നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു. 

‘മറക്കില്ല’ അനുജത്തി പറഞ്ഞു. ‘

‘മറക്കും’ ഏട്ടത്തി പറഞ്ഞു. 

ഇതു കർമപരമ്പരയുടെ സ്‌നേഹ രഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദു:ഖവും മാത്രമേ ഉള്ളൂ. 

(ഖസാക്കിന്റെ ഇതിഹാസം)

പ്രാണനു കാൽപന്തിന്റെ മിടിപ്പുണ്ടായിരുന്ന കാലത്ത് അവർ ഒരേ മനസ്സോടെ സ്വപ്‌നങ്ങൾ നെയ്‌തു. കൊമ്പുകുലുക്കി വരുന്ന ഭീഷണികൾക്കുമുന്നിൽ സമചിത്തതയോടെ പ്രതിരോധത്തിന്റെ നെടും കോട്ടകളായി നിന്നു. സുഹൃത്തിനെ കാവലേൽപിച്ച്  എതിർ ഗോൾമുഖത്തേയ്‌ക്ക് ഇടിമിന്നലായി കുതിച്ചു. വീഴ്‌ചകളിൽ കൈപിടിച്ചുയർത്തി. നേട്ടങ്ങളിലും  നഷ്‌ടങ്ങളിലും ഒരുമെയ്യായി നിന്നു. ഇടയിലൊരാൾക്കു ചുവടു പിഴച്ചു. കൂട്ടുകാരൻ ഓടിയെത്തും മുൻപേ വിധിയുടെ കാർഡ് സ്വയമേറ്റുവാങ്ങി അയാൾ കളം വിട്ടിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷം അഭ്രപാളിയിൽ ഇതിഹാസമായി പുനർജനിച്ച പ്രിയസുഹൃത്തിനെക്കുറിച്ചുള്ള  ഓർമകൾ പങ്കുവയ്‌ക്കുകയാണ് മുൻ ഇന്ത്യൻ നായകനും കേരള പൊലീസിന്റെ റാപിഡ് റെസ്‌പോൺസ് റെസ്ക്യൂ ഫോഴ്‌സ് കമാൻഡന്റുമായ യു. ഷറഫലി. 

∙ വി.പി.സത്യനുമായുള്ള പരിചയം തുടങ്ങുന്നത് എന്നു മുതലാണ്?

1984–ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്കു കേരള പൊലീസിൽ സെല‌ക്‌ഷൻ ലഭിക്കുന്നത്. പ്രീഡിഗ്രി പരീക്ഷയുണ്ടായിരുന്നതിനാൽ ആ വർഷത്തെ സന്തോഷ് ട്രോഫി ഞാൻ കളിച്ചിട്ടില്ല. പൊലീസിലെത്തിയപ്പോഴേക്കും സത്യൻ ആ വർഷത്തെ സന്തോഷ് ട്രോഫി കളിച്ച് തിരിച്ചെത്തിയിരുന്നു. പിന്നീട് കുറേക്കാലത്തേക്കു ഞങ്ങൾ ഒരുമിച്ചു തന്നെയായിരുന്നു. പൊലീസിലും ഇന്ത്യൻ ക്യാംപിലുമെല്ലാം. ഒരുമിച്ചായിരുന്നു ഉറങ്ങുന്നതും ഉണരുന്നതും ഭക്ഷണം കഴിക്കുന്നതും പ്രാക്‌ടീസിനിറങ്ങുന്നതുമെല്ലാം. കുടുംബാംഗങ്ങൾക്കിടയിൽ പോലുമില്ലാത്ത ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടായി. വളരെ റിസർസ്‌വ്‌ഡ് ആയിട്ടുള്ള കാരക്‌ടറായിരുന്നു സത്യൻ. എല്ലാവരോടും അങ്ങനെ മനസ്സു തുറക്കുന്ന പ്രകൃതമല്ല. കളിക്കളത്തിൽ വളരെ ‘ടഫ്’ ആയിരുന്നു. പ്രാക്‌ടീസ് സമയത്ത് പോലും അയയുന്ന പ്രകൃതമല്ല.  വാശി മൂത്ത് അടിപിടിയിലെത്തുന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. 

∙ ഇടക്കാലത്തെ കൊൽക്കത്തയിലേയ്‌ക്കുള്ള കൂടുമാറ്റത്തെക്കുറിച്ച്?

അക്കാലത്തെ  ഇന്ത്യൻ ഫുട്‌ബോളറുടെ സ്വപ്‌ന ഭൂമിയായിരുന്നു കൊൽക്കത്ത. പ്രഫഷനൽ ഫുട്‌ബോൾ അന്ന് അവിടെയേ ഉള്ളൂ. സാമ്പത്തിക നേട്ടവും ചെറുതായിരുന്നില്ല. നമ്മുടെ പത്തുവർഷത്തെ വർഷത്തെ ശമ്പളം ഒറ്റ സീസണിൽ ഉണ്ടാക്കാം. തികച്ചും അവിചാരിതമായാണ് ഞാൻ മോഹൻ ബഗാനിൽ എത്തിപ്പെട്ടത്. ഒരിടയ്‌ക്ക് ഞാനും സത്യനും മുഹമ്മദൻസിൽ ചേർന്നിരുന്നെങ്കിലും അധികം വൈകാതെ തിരിച്ചു പോരുകയായിരുന്നു. 

വി.പി. സത്യനും ഐ.എം. വിജയനും

പിന്നീട് 1991 മാർച്ചിൽ സന്തോഷ് ട്രോഫിയുടെ സെമിഫൈനൽ പാലക്കാട് വച്ച് നടന്നിരുന്നു. കേരളവും ബംഗാളും തമ്മിൽ. അത്തവണ അണ്ടർ 23 മത്സരമായിട്ടാണ് സന്തോഷ് ട്രോഫി നടത്തിയത്. നമ്മുടെ ഹബീബ് റഹ്മാനും ഐ.എം. വിജയനുമൊക്കെ അത്തവണ കളിച്ചിരുന്നു. ഞാൻ കളി കാണാൻ പോയതായിരുന്നു. ഇന്ത്യൻ കോച്ച് സുഭാഷ് ഭൗമിക് ആയിരുന്നു മോഹൻ ബഗാന്റെയും കോച്ച്. ഗ്രൗണ്ടിൽ വച്ചു കണ്ടപ്പോൾ അദ്ദേഹത്തെ വിഷ് ചെയ്‌തു. ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ തന്നെയാണ് അദ്ദേഹവും തങ്ങുന്നത് എന്നറിഞ്ഞു. വൈകുന്നേരം അദ്ദേഹത്തിന്റെ റൂമിലേയ്‌ക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ  മോഹൻ ബഗാന്റെ ഒഫിഷ്യൽസും ഉണ്ട്. അവരെന്നെ മോഹൻ ബഗാനിലേക്കു ക്ഷണിച്ചു. നമ്മുടെ ഡിമാൻഡ് എന്താണെന്നു മാത്രമാണ് അവരുടെ ചോദ്യം. നാടുവിട്ടു പോകാൻ ആഗ്രഹമില്ലാതിരുന്ന ഞാൻ അവരെ ഒഴിവാക്കാൻ വേണ്ടിയാണ് അന്നത്തെ വലിയൊരു തുക ആവശ്യപ്പെട്ടത്. ’അതൊരു വലിയ തുകയല്ലേ? ടോപ് പ്ലയേഴ്‌സിനു പോലും രണ്ടര ലക്ഷം രൂപയാണ് നൽകുന്നത്’ എന്നൊക്കെ അവർ പറഞ്ഞു നോക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല. പിറ്റേന്നു രാവിലെ വരെ സമയം തരുമോ എന്നു ചോദിച്ചു. ഒടുവിൽ ഞാൻ പറഞ്ഞ തുകയിൽ നിന്നും പതിനായിരം രൂപ കിഴിച്ച് അവരെന്നെ കൊൽക്കത്തയിലെത്തിച്ചു. പിന്നാലെ വിജയനും  കൊൽക്കത്തയിലെത്തി.

ഒരു സീസൺ മാത്രമേ ഞാൻ കൊൽക്കത്തയിൽ തുടർന്നുള്ളൂ. ഞങ്ങളുടെ ഭാഗ്യത്തിന് അത്തവണ ഈസ്റ്റ് ബംഗാളിനോടു തോറ്റില്ല. ഫെഡറേഷൻ കപ്പ് ഫൈനലിൽ മൂന്നു ഗോളിനാണ് അവരെ തോൽപിച്ചത്. കൊൽക്കത്തയിലെ കാണികൾ വന്യമായി പ്രതികരിക്കുന്നവരാണ്. കാണികളുടെ ചൂട് അറിയണമെങ്കിൽ അവിടുത്തെ ജില്ലാ ലീഗ് മത്സരങ്ങൾ കാണണം. ഫസ്റ്റ് ഹാഫ് കഴിഞ്ഞിട്ടും ഗോൾ അടിച്ചില്ലെങ്കിൽ കാണികൾ അസ്വസ്ഥരാകാൻ തുടങ്ങും. ഫെഡറേഷൻ കപ്പ് ഫൈനലിൽ തന്നെ ഈസ്റ്റ് ബംഗാൾ ടീമിനെ പൊലീസ് വാനിലാണ് പുറത്തേക്കു കൊണ്ടുപോയത്. ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ്, സിക്കിം ട്രോഫി എന്നിവ ഉൾപ്പെടെ ആറു കിരീടങ്ങൾ ആ സീസണിൽ മോഹൻബഗാൻ നേടിയെടുത്തു.

∙ ‘ക്യാപ്റ്റൻ’ എന്ന സിനിമയെക്കുറിച്ച്? സ്‌ക്രീനിൽ കാണുന്നത് വി.പി സത്യന്റെ ജീവിതം തന്നെയാണോ?

ഇരുപതു വർഷത്തെ ജീവിതം രണ്ട ുമണിക്കൂറിലേയ്‌ക്ക് ചുരുക്കുകയാണല്ലോ! വി.പി. സത്യന്റെ ഫുട്‌ബോളിനേക്കാൾ  വൈകാരിക ജീവിതത്തെയാണ് സിനിമ ഹൈലൈറ്റ് ചെയ്യുന്നത്. പുതിയ തലമുറയ്‌ക്ക് വി.പി സത്യൻ ആരെന്നറിയാൻ സിനിമ ഉപകരിക്കും. സിനിമയുടെ ചില രസക്കൂട്ടുകളൊഴിച്ചാൽ ഒരു പരിധിവരെ സത്യന്റെ ജീവിതത്തോട് സിനിമ നീതി പുലർത്തിയിട്ടുണ്ട്. ജയസൂര്യയുടെ കഥാപാത്രമായുള്ള മാറ്റവും വിസ്‌മയകരമാണ്. എന്നാൽ ചില സീനുകളുടെ കാര്യത്തിൽ  വിയോജിപ്പുണ്ട്. പ്രത്യേകിച്ചും സത്യൻ പൊലീസിൽ നിന്നും പുറത്തുപോകാനുള്ള കാരണമായി പറയുന്നതു വസ്തുതകൾക്കു നിരക്കാത്തതാണ്. 

വി.പി. സത്യനും ഭാര്യ അനിതയും

ഫുട്‌ബോളിനെയും കളിക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എന്നും കേരള പൊലീസ് സ്വീകരിച്ചിരുന്നത്. വ്യക്തിപരമായി സത്യന് പൊലീസ് ചട്ടക്കൂടിനോട് താൽപര്യം കുറവായിരുന്നു. പൊലീസിലെ ജോലി വിടുന്നതിനെക്കുറിച്ച് പലപ്പോഴും പറയും. അക്കാര്യം അവന്റെ വീട്ടിലും അറിയാമായിരുന്നതിനാൽ ഒന്നു ശ്രദ്ധിക്കണമെന്ന് അച്ഛൻ എന്നെ ഏൽപ്പിച്ചിരുന്നു.

1995–ൽ ചെന്നൈയിൽ നടന്ന സന്തോഷ് ട്രോഫി ടീമിൽ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ പുറത്തു പോയി വരാമെന്നു പറഞ്ഞു. ഞാനും കൂടെച്ചെല്ലാനൊരുങ്ങിയപ്പോൾ സമ്മതിച്ചില്ല. ഇന്നു കളിയുള്ളതല്ലേ നീ പോരണ്ട എന്നു പറഞ്ഞു. എന്തെങ്കിലും തീരുമാനിച്ചാൽ അങ്ങനെയാണ്. ആ അഭിപ്രായം തിരുത്താൻ നമ്മളെക്കൊണ്ടു പറ്റില്ല. ഇന്ത്യൻ ബാങ്കിന്റെ ഒഫിഷ്യലുമായി സംസാരിക്കാനായിരുന്നു അവൻ പോയത്. ആകെയുള്ള കണ്ടീഷൻ അക്കാര്യം ഞാനറിയരുതെന്നായിരുന്നു.

അന്നത്തെ കളി കേരളം തോറ്റു. ഇന്ത്യൻ ബാങ്കിൽ ഒരു ജോലി ശരിയായിട്ടുണ്ടെന്നും പൊലീസിൽ നിന്നും റിലീവ് ചെയ്യുകയാണെന്നും അവൻ പറഞ്ഞു. ഞാൻ  അച്ഛനെ വിളിച്ച് പറയുമെന്നായപ്പോൾ ‘നീ ഇപ്പോൾ പറയണ്ട, ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം’ എന്നു പറഞ്ഞു. അപ്പോഴും ഇനിയും സമയമുണ്ടല്ലോ എന്നാണു ഞാൻ കരുതിയത്. പിറ്റേന്ന് രണ്ടുപേരും ചെന്നെയിൽ നിന്നു പോന്നു. ഞാൻ അരീക്കോട്ടെത്തിയതിന്റെ പിറ്റേദിവസം വൈകിട്ട് സത്യൻ വിളിച്ച്  പൊലീസിൽ നിന്നും റിലീവ് ആയെന്നു പറഞ്ഞു. അവൻ ചെന്നെയിൽ നിന്നും തിരുവനന്തപുരത്തേക്കാണു പോയത്. രാവിലെ ഡിജിപിയെ കണ്ട് നേരിട്ട് അപേക്ഷ കൊടുത്ത് അന്നു തന്നെ റിലീവിങ് ഓർഡർ അടിച്ചു വാങ്ങിക്കുകയായിരുന്നു. സാധാരണ നിലയിൽ രണ്ടാഴ്‌ചയെങ്കിലും എടുക്കുന്ന ഫോർമാലിറ്റി എങ്ങനെയാണ് ഒരു ദിവസം കൊണ്ട് അവസാനിച്ചതെന്ന്  എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.

∙ മദ്രാസിലെ ജീവിതമാണ് സത്യനെ ‘ഡിപ്രഷനിലേക്ക്’ തള്ളിയിട്ടതെന്ന് പറയാമോ?

ചെന്നൈയിലെ ആദ്യ വർഷങ്ങളിലെല്ലാം സത്യൻ വളരെ സന്തുഷ്‌ടനായിരുന്നു. ഒന്നു രണ്ടു ദിവസം ഞാനവന്റെ ഫ്‌ളാറ്റിൽ പോയി താമസിച്ചിട്ടുണ്ട്. അവനന്നൊരു ഫിയറ്റ് കാർ ഉണ്ട്. ടീമിന്റെ പരിശീലകനും കളിക്കാരനുമായിരുന്നു. തികച്ചും നോർമലായ മനുഷ്യൻ. വർഷത്തിലൊരിക്കലെങ്കിലും മലപ്പുറത്തു വരും. തിരൂരിൽ വണ്ടിയിറങ്ങും. ഞാൻ മലപ്പുറം എംഎസ്പിയിൽ ഡപ്യൂട്ടി കമാൻഡന്റായിരുന്നു. സ്റ്റേഷനിൽ ചെന്ന് കൂട്ടിക്കൊണ്ടു പോരും. കരുത്തുറ്റ മനസ്സിന്റെ ഉടമയായിരുന്ന സത്യനെയാണ് ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം തേടി ഞങ്ങൾ വിളിച്ചിരുന്നത്. അതിസങ്കീർണമായ പ്രശ്‌നങ്ങളുടെ നടുവിലാണ് അവനെന്നു തിരിച്ചറിയുന്നത് ഏറെ വൈകിയായിരുന്നു.  

വി.പി. സത്യന്റെ വിവാഹ ഫോട്ടോ

ഒരു തവണ മലപ്പുറത്തേയ്‌ക്ക് വരുമെന്ന് പറഞ്ഞ ദിവസം ആൾ എത്തിയില്ല. ഞാൻ ലീവെടുത്തത് വെറുതെയായി. വിളിച്ചു നോക്കിയപ്പോൾ അടുത്തയാഴ്‌ച വരാമെന്നു പറഞ്ഞു. ആ ആഴ്‌ചയിലും വന്നില്ല. പിന്നീട് ആ വരവ് സംഭവിച്ചില്ല. ഫോൺ വിളിച്ചാൽ പോലും കിട്ടാതെയായി. വല്ലപ്പോഴും ഏതെങ്കിലും നമ്പറിൽ നിന്നും വിളിക്കും. പിന്നീട് അതും കുറഞ്ഞുവന്നു. പിന്നീടൊരിക്കൽ എറണാകുളത്തു വച്ചാണ് സത്യനെ കണ്ടത്. എനിക്കു തന്നെ എന്തോ അസ്വാഭാവികത തോന്നി. വ്യക്തിപരമായ  പ്രശ്‌നങ്ങളിൽ പെട്ട് ഞാനും ഒന്നു പിന്നാക്കം പോയ സമയമായിരുന്നു അത്. കേരളത്തിലെ ഫുട്‌ബോൾ സർക്കിളിൽ നിന്നുള്ള അകൽച്ച തന്നെയാണ് സത്യനെ നമുക്ക് നഷ്‌ടപ്പെടുത്തിയതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

∙ ഇന്ത്യൻ ഫുട്‌ബോളിന്റെ മാറ്റത്തെക്കുറിച്ച്?

തീർച്ചയായും നമ്മുടെ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ ലോക ഫുട്‌ബോൾ പറക്കുകയാണ്. സയൻസിന്റെയും ടെക്‌നോളജിയുടെയും കൂട്ടു പിടിച്ചാണ് അവരുടെ പോക്ക്. ഈയിടെ ബ്രസീൽ ടീമിന്റെ ലെയ്‌സൺ ഓഫീസറായി പോകാൻ അവസരം ലഭിച്ചിരുന്നു.  22 കളിക്കാരുടെ കൂടെ പതിനെട്ട് ഒഫീഷ്യൽസ് ആണ്. ഐഎസ്എൽ ഒക്കെ വന്നതിനു ശേഷം ഒരാവേശം ഫുട്‌ബോൾ പ്രേമികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതു വളർന്നു വരുന്ന കളിക്കാർക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട് എന്നതാണു നോക്കേണ്ടത്. 

വിദേശ രാജ്യങ്ങളിൽ നൂറുകണക്കിന് അക്കാദമികളിൽ നിന്നും കഴിവുറ്റ കളിക്കാർ വളർന്നുവരുമ്പോൾ പരസ്‌പരധാരണയില്ലാത്ത വിരലിലെണ്ണാവുന്ന അക്കാദമികളാണ് ഇവിടെയുള്ളത്. കളിക്കാരനാവണമെന്ന സ്വപ്‌നവുമായി അക്കാദമികളിലെത്തുന്ന കുട്ടികളിൽ തന്നെ മൂന്നോ നാലോ മാസം കഴിയുമ്പോൾ കൊഴിഞ്ഞു പോകുന്നു. ക്ഷമയോടെ പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നവരെ പ്ലേസ് ചെയ്യാൻ പോലും ക്ലബുകളും നമുക്കില്ല.  

പാശ്ചാത്യ നാടുകളിലൊക്കെ അക്കാദമികൾ കുട്ടികളെ എല്ലാ അർഥത്തിലും ദത്തെടുക്കുകയാണ് ചെയ്യുന്നത്. അവനു കളിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ കളിയുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ ഒരു ഭാവി കണ്ടത്തിക്കൊടുക്കും. ഇവിടെ കാലു പൊട്ടുന്നതു വരെ മാത്രമേ തന്റെ ഭാവിയുള്ളൂ എന്ന് കുട്ടികൾ ആശങ്കപ്പെട്ടാൽ അത് തിരുത്താൻ നമുക്ക് കഴിയുന്നില്ല. 

യു. ഷറഫലി

ജനനം: 1964 അരീക്കോട്, മലപ്പുറം

പൊസിഷൻ: ഡിഫൻഡർ, മിഡ്‌ഫീൽഡർ

1985 മുതൽ  1995 വരെ ഇന്ത്യൻ ടീം അംഗം

1985 മുതൽ 1996 വരെ  സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലും കേരളത്തെ പ്രതിനിധീകരിച്ചു.

1987 ൽ ഇന്ത്യ സാഫ് ഗെയിംസിൽ സ്വർണം നേടുമ്പോൾ ടീം അംഗം. 

1993 ൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ ടീം അംഗം. 

1993 സൂപ്പർ സോക്കർ ഇന്ത്യൻ ടീം ക്യാപ്റ്റൻ.

1994 ലെ സന്തോഷ് ട്രോഫി ടീം ക്യാപ്‌റ്റന്‍

ഇന്ത്യക്കു വേണ്ട ി 50 ലേറെ രാജ്യാന്തര മത്സരങ്ങൾ കളിച്ചു.

1993ൽ സംസ്ഥാനത്തെ മികച്ച സ്‌പോർട്‌സ് താരത്തിനുള്ള ജി.വി.രാജ പുരസ്കാരം ലഭിച്ചു.

1994 ലെ മികച്ച സീനിയർ ഫുട്‌ബോളർക്കുളള ജി.വി രാജ ഗോൾഡ് മെഡൽ

നിലവിൽ കേരള പൊലീസിന്റെ റാപിഡ് റെസ്‌പോൺസ് റെസ്ക്യൂ ഫോഴ്‌സ് കമാണ്ടന്റ്

വി.പി സത്യൻ

ജനനം 1965, ചൊക്ലി, കണ്ണൂർ

പൊസിഷൻ ഫുൾബേക്ക്, ഡിഫൻസീവ് മിഡ്‌ഫീൽഡർ

1985 മുതൽ 1998വരെ ഇന്ത്യൻ ടീം അംഗം

1993 മുതൽ 1997 വരെ ഇന്ത്യൻ ക്യാപ്‌റ്റൻ

1984 മുതൽ 1995 വരെ കേരളത്തെ പ്രതിനിധീകരിച്ചു.                                                                

(ഇടയിൽ ഒരു സീസൺ മോഹൻ ബഗാനിൽ)

1995 മുതൽ ഇന്ത്യൻ ബാങ്കിൽ

2001ൽ ഇന്ത്യൻ ബാങ്ക് കോച്ച്

2002ൽ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

1992 ൽ സംസ്ഥാനത്തെ മികച്ച കളിക്കാരനുള്ള ജി.വി.രാജ പുരസ്കാരം

1995 ൽ എഐഎഫ്‌എഫ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം 

2006 ജൂലൈയിൽ ജീവിതത്തിൽ നിന്നും വിടവാങ്ങി