അർജന്റീനയെ ‘സിക്സ്’ അടിച്ച് സ്പെയിൻ; മുറിവുണക്കി ബ്രസീൽ – വിഡിയോ

സ്പെയിനിനെതിരായ സൗഹൃദ ഫുട്ബോൾ മൽസരത്തിൽ അർജന്റീന കൂറ്റൻ തോൽവിയിലേക്കു നീങ്ങുമ്പോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഭാവങ്ങൾ. (ട്വിറ്റർ ചിത്രങ്ങൾ)

മഡ്രിഡ് ∙ മെസ്സിയില്ലാത്ത അർജന്റീന, വാതിലുകൾ തുറന്നിട്ട വീടുപോലെയാണെന്ന് സ്പാനിഷ് താരം ഇസ്കോ തെളിയിച്ചു. ഇസ്കോയുടെ ഹാട്രിക്കിൽ അർജന്റീനയെ 6–1നു മുക്കിക്കളഞ്ഞ സ്പെയിൻ, ‍കിരീടക്കണ്ണുമായി കളിക്കു വരുന്ന മറ്റു ടീമുകൾക്കും മുന്നറിയിപ്പ് നൽകി. 27, 52, 74 മിനിറ്റുകളിലായിരുന്നു ഫുട്ബോൾ പ്രണയികൾക്ക് ഇസ്കോയോടുള്ള ഇഷ്ടം ഇരട്ടിപ്പിച്ച ഗോളുകൾ.

ഡിയേഗോ കോസ്റ്റ (12), തിയാഗോ അൽകാൻട്ര (55), ലാഗോ അസ്പസ് (73) എന്നിവരും ഗോൾ നേടി. ഇതിനിടെ, ഡിഫൻഡർ നിക്ലാസ് ഒട്ടമെൻഡി 39–ാം മിനിറ്റിൽ അർജന്റീനയ്ക്കായി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മറുപാതിയിലെ ഗോൾപ്രളയത്തിൽ അതു മുങ്ങിപ്പോയി. 2009ൽ ബൊളീവിയയോട് ഇതേ സ്കോറിനു തോറ്റശേഷം അർജന്റീനയുടെ ഏറ്റവും വലിയ തോൽവിയായി ഇത്. 

മുൻതാരം ഹവിയർ സനേട്ടിയുടെ 142 മൽസരങ്ങളുടെ റെക്കോർഡിനൊപ്പമെത്തിയ ഹവിയർ മഷരാനോയായിരുന്നു മെസ്സിയുടെ അഭാവത്തിൽ അർജന്റീനയുടെ ക്യാപ്റ്റൻ.  എന്നാൽ, നല്ല നിമിഷങ്ങൾ അധികനേരമുണ്ടായില്ല. റയൽ മഡ്രിഡിന്റെ മുന്നേറ്റനിരയിൽ പൊരുതിക്കളിച്ചു ശീലിച്ച ഇസ്കോ, അർജന്റീനയുടെ പ്രതിരോധപ്പാതിയിലെ വിള്ളലുകളിലൂടെ ഇടിച്ചു കയറി.

പരുക്കുമൂലം വിശ്രമിക്കുന്ന മെസ്സി ഇല്ലാതെ വന്നതോടെ അർജന്റീനയുടെ മുന്നേറ്റനിരയിൽ ആശയക്കുഴപ്പം പ്രകടമായിരുന്നു. അഞ്ചാം മിനിറ്റിൽ ലീഡ് നേടാനുള്ള സുവർണാവസരം ഗോൺസാലോ ഹിഗ്വയിൻ നഷ്ടപ്പെടുത്തിയപ്പോൾ അർജന്റീനയുടെ ദുർവിധി വ്യക്തമായിരുന്നു. ഹിഗ്വയിന്റെ വോളി പോസ്റ്റിനു പുറത്തേക്കാണു പോയത്. എന്നാൽ, തൊട്ടുപിന്നാലെ ഡിയേഗോ കോസ്റ്റയുടെ ഗോളിൽ സ്പെയിൻ ലീഡെടുത്തു. പിന്നെ ഇരുപകുതികളിലുമായി നീണ്ടുനിന്ന ഗോൾപ്രഹരത്തിൽ അർജന്റീന തുലാവർഷം കഴിഞ്ഞ കളിപ്പാടംപോലെ കുഴഞ്ഞുമറിഞ്ഞു. 

കളിക്കിടെ പരുക്കേറ്റ അർജന്റീന ഗോൾകീപ്പർ സെർജിയോ റൊമേരിയോയ്ക്കു പകരം വന്നതു ചെൽസിയുടെ പകരക്കാരൻ വില്ലി കാബയ്യെറോ. കാബയ്യെറോയുടെ പരിചയക്കുറവും സ്പെയിനിനു വൻ മാർജിൻ വിജയമൊരുക്കാൻ കാരണമായി. ഗ്രൗണ്ടിലെത്തി അധികം വൈകാതെ ഇസ്കോ ഗോൾ നേടിയതോടെ കാബയ്യെറോയുടെ ആത്മവിശ്വാസം തന്നെ തകർന്നുപോയി. ഓരോ ഗോളും അർജന്റീന ആരാധകരുടെ നെഞ്ചു തുളയ്ക്കുമ്പോൾ മെസ്സി കാണികൾക്കൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നു; നിശ്ശബ്ദ കാഴ്ചക്കാരനായി!! 

സിദാന് എന്നെ വിശ്വാസമില്ല: ഇസ്കോ

മഡ്രിഡ് ∙ റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാനു തന്നെ വിശ്വാസമില്ലെന്നു സ്പാനിഷ് താരം ഇസ്കോ. അർജന്റീനയെ 6–1നു കീഴടക്കിയ കളിയിൽ ഹാട്രിക് നേടി വിജയശിൽപിയായ ശേഷം സംസാരിക്കുകയായിരുന്നു ഇരുപത്തഞ്ചുകാരൻ താരം. 

റയലിൽ കളിക്കാൻ എനിക്കൊരു സന്തോഷവുമില്ല. സിദാൻ തന്നെ കാരണം. സ്പെയിൻ ദേശീയ ടീമിൽ കളിക്കുമ്പോഴാണ് അൽപമെങ്കിലും സന്തോഷം. – ഇസ്കോ പറഞ്ഞു. 

പരിശീലകൻ ജുലെൻ ലോപെറ്റെഗുയിയുടെ പട്ടികയിലെ പ്രധാന കളിക്കാരിലൊരാളാണ് ഇസ്കോ. എന്നാൽ, റയൽ നിരയിൽ ഇസ്കോയുടെ സ്ഥാനം മിക്കവാറും ബെഞ്ചിലാണ്. ഇസ്കോയെക്കാൾ സിദാനു താൽപര്യം മാർക്കോ അസ്സെൻസിയോ, ലൂക്കാസ് വാസ്ക്വെസ് തുടങ്ങിയവരെയും. യലുമായി അഞ്ചുവർഷക്കരാറിലെത്തിയ ഇസ്കോ അടുത്ത സീസണിൽ ക്ലബ് വിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്. 

ഇതാണു ബ്രസീൽ

ബെർലിൻ ∙ കഴിഞ്ഞ ലോകകപ്പ് തോൽവിയുടെ മുറിവിൽ വിജയത്തിന്റെ മരുന്നു പുരട്ടി ബ്രസീലിന്റെ ഉയിർത്തെഴുന്നേൽപ്. നെയ്മറില്ലാതെ പോയ ടീമിനെ കഴിഞ്ഞ ലോകകപ്പ് സെമിയിൽ 7–1നു മുക്കിയ ജർമനിയെ, നെയ്മർ ഇല്ലാതെ തന്നെ ബ്രസീലുകാർ വീഴ്ത്തി. ജർമനിയിലെ തണുപ്പൻ കാലാവസ്ഥയിൽ നടന്ന സന്നാഹമൽസരത്തിൽ ബ്രസീലിന് 1–0 വിജയം. വില്ലിയന്റെ ക്രോസിൽ പോയിന്റ് ബ്ലാങ്ക് ഹെഡറിലൂടെ മാഞ്ചസ്റ്റർ സിറ്റി താരം കൂടിയായ സ്ട്രൈക്കർ ഗബ്രിയേൽ ജിസ്യൂസാണു ബ്രസീലിന്റെ വിജയഗോൾ നേടിയത്. പരുക്കുമൂലം വിശ്രമിക്കുന്ന നെയ്മറുടെ അഭാവം കളത്തിൽ പ്രകടമാക്കാത്ത വിധമായിരുന്നു ബ്രസീലിന്റെ യുവനിര ജർമനിയെ പൊരുതിക്കീഴടക്കിയത്. അപരാജിതമായ 22 മൽസരങ്ങൾക്കു ശേഷമുള്ള ജർമനിയുടെ തോൽവി കൂടിയായി ഇത്.

ജർമനിക്കെതിരെ ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസ് (ഒൻപത്) ഗോൾ നേടുന്നു. ബ്രസീൽ താരം ഫെർണാണ്ടിഞ്ഞോ (12)യാണ് വീണുപോയ ജർമൻ ഗോളി കെവിൻ ട്രാപ്പിന് അരികെ.

അതേസമയം, രണ്ടാംനിര ടീമിനെ ഇറക്കിയാണു ജർമൻ കോച്ച് യൊക്കിം ലോ ബലപരീക്ഷണത്തിനു മുതിർന്നത്. വിശ്രമിക്കുന്ന പ്രമുഖ താരങ്ങളായ മാനുവൽ ന്യൂയർ, മെസൂട് ഓസിൽ, തോമസ് മുള്ളർ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം സ്പെയിനിനോട് 1–1 സമനില വഴങ്ങിയ ടീമിലെ ഏഴുപേരെയും കോച്ച് കളത്തിലിറക്കിയില്ല. കരുത്തുറ്റ ബ്രസീൽ പ്രതിരോധം ജർമൻ താരങ്ങളെ തങ്ങളുടെ ബോക്സിൽ കയറ്റാതെ പുറത്തുനിർത്തിയാണു കളി തുടങ്ങിയത്. എന്നാൽ, 37–ാം മിനിറ്റിൽ ബ്രസീലിനു മുന്നിൽ ജർമൻ ഗോൾപ്പുരയുടെ വാതിൽ തുറന്നു. ഒന്നാം ഗോളി മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗനു പകരം ഗോൾവല കാത്ത കെവിൻ ട്രാപ്പിന്റെ പിഴവും ഗോളിൽ നിർണായകമായി. ഒരു ഗോൾ ലീഡ് നേടിയതോടെ ബ്രസീൽ യഥാർഥ ബ്രസീലായി. 

അച്ചടക്കമുള്ള പ്രതിരോധനിര ജർമൻ താരങ്ങളുടെ നീക്കങ്ങളുടെ മുനയൊടിച്ചപ്പോൾ വിങ്ങുകളിലൂടെ മാർസെലോയും വില്ലിയനും കുതിച്ചു കയറി ജിസ്യൂസിനും പൗളീഞ്ഞോയ്ക്കും കുടീഞ്ഞോയ്ക്കും പന്തു നീട്ടിക്കൊടുത്തു. ജർമൻ പ്രതിരോധ നിരയ്ക്ക് രണ്ടാം പകുതിയിൽ ഇവരെ പിടിച്ചുനിർത്താൻ അത്യധ്വാനം തന്നെ വേണ്ടി വന്നു. ടീമിൽ സ്ഥിരം സ്ഥാനത്തിനു ശ്രമിക്കുന്ന മാരിയോ ഗോമസ് രണ്ടു സുവർണാവസരങ്ങൾ ഇതിനിടെ നഷ്ടപ്പെടുത്തിയതും ജർമനിക്കു തിരിച്ചടിയായി. ഗോമസിനു പകരം സാന്ദ്രോ വാഗ്നറിനെ ഇറക്കി ആക്രമണത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കോച്ച് ലോ ശ്രമിച്ചെങ്കിലും ബ്രസീൽ മധ്യനിര കൂടി പ്രതിരോധത്തിലേക്കിറങ്ങി ആ നീക്കങ്ങളെ നിഷ്പ്രഭമാക്കി. കോസ്റ്ററിക്ക, സെർബിയ എന്നിവയ്ക്കെതിരെയാണു ബ്രസീലിന്റെ ഇനിയുള്ള സന്നാഹ മൽസരങ്ങൾ.

എംബാപെ, ലുകാകു തിളങ്ങി

ലണ്ടൻ ∙ വിഡിയോ അസിസ്റ്റൻസ് റഫറി (വിഎആർ) സംവിധാനം ഇംഗ്ലണ്ടിനെ ചതിച്ചെന്നോ ഇറ്റലിയെ രക്ഷിച്ചെന്നോ പറയാം! സൗഹൃദമൽസരത്തിൽ വിജയത്തിലേക്കു കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ, ഇത്തവണ ഫൈനൽസ് കളിക്കാൻ യോഗ്യത നേടാതെ പോയ സങ്കടവുമായി വന്ന ഇറ്റലി 1–1 സമനിലയിൽ കുരുക്കി. പതിവുകാരൻ സ്ട്രൈക്കർ ഹാരി കെയ്നിന്റെ അഭാവത്തിൽ ഇംഗ്ലിഷ് ആക്രമണത്തിനു നേതൃത്വം നൽകിയ ജാമി വാർഡി 26–ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ഗോൾ നേടി. ജെസ്സി ലിംഗാർദ് വഴിയൊരുക്കി നൽകിയ പന്തിലാണ് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മയെ കീഴടക്കിയ ഇംഗ്ലിഷ് ഗോൾ പിറന്നത്. എന്നാൽ, വിഎആർ വഴി 87–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ഗോളാക്കി ലോറെൻസോ ഇൻസൈനെ ഇറ്റലിക്കു സമനില സമ്മാനിച്ചു. 

റൊമേലു ലുകാകുവിന്റെ ഡബിൾ ഗോളുകളിൽ ബെൽജിയത്തിന്റെ ‘സുവർണ തലമുറ’യും സൗഹൃദ വിജയമാഘോഷിച്ചു. സൗദി അറേബ്യയെ 4–0ന് ബെൽജിയം മുട്ടുകുത്തിച്ച കളിയിൽ മിച്ചി ബാറ്റ്ഷുവായി, കെവിൻ ഡി ബ്രൂണ്യേ എന്നിവരും ഗോൾ നേടി.

സെന്റ് പീറ്റേഴ്സ്ബർഗിൽ കൈലിയൻ എംബാപെയുടെ ഡബിൾ ഗോൾത്തിളക്കത്തിൽ ഫ്രാൻസ് 3–1ന് ആതിഥേയരായ റഷ്യയെ തോൽപിച്ചു. ലോകകപ്പ് ആതിഥേയർ എന്ന നിലയ്ക്കു ഫൈനൽസിനെത്തുന്ന റഷ്യയുടെ ദൗർബല്യങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു മൽസരം. ആദ്യ ലോകകപ്പിന് ഒരുങ്ങുന്ന പാനമയെ സ്വിറ്റ്സർലൻഡ് 6–0നു തകർത്തെറിഞ്ഞു. ആർസനൽ മിഡ്ഫീൽഡർ ഗ്രാനിറ്റ് സാക്ക, ഷാൽക്കെ ഫോർവേഡ് ബ്രീൽ എംബോളോ എന്നിവരും സ്കോർമാരുടെ പട്ടികയിലുണ്ട്. 

ഏഷ്യയിൽ ജപ്പാനും ദക്ഷിണ കൊറിയയും തോൽവി രുചിച്ചു. പോളണ്ട് 3–2നു ദക്ഷിണ കൊറിയയെ തോൽപിച്ചപ്പോൾ, യുക്രെയ്ൻ 2–1നു ജപ്പാനെയും കീഴടക്കി. 

മറ്റു മൽസര ഫലങ്ങൾ‌

ഇന്നലെ നടന്ന മറ്റു മൽസരങ്ങളിൽ സ്വിറ്റ്സർലൻഡ് പാനമയെയും (6–0), സ്കോട്‌ലൻഡ് ഹംഗറിയെയും (1–0), യുക്രെയ്ൻ ജപ്പാനെയും (2–1), ലിത്വാനിയ അർമേനിയയെയും (1–0), ജോർജിയ എസ്തോണിയയെയും (2–0), ഓസ്ട്രിയ ലക്സംബർഗിനെയും (4–0), റുമാനിയ സ്വീഡനെയും (1–0), പോളണ്ട് കൊറിയ റിപ്പബ്ലിക്കിനെയും (3-2), പെറു ഐസ്‌ലൻഡിനെയും (3–1), യുഎസ് പാരഗ്വായെയും (1–0) തോൽപ്പിച്ചു.