സാഗ്രെബ് ∙ അര ഡസൻ ഗോളിനു ജയിച്ച സ്പെയിന്റെ സന്തോഷം ക്രൊയേഷ്യ ‘ഒറ്റ ഡോസിൽ’ തീർത്തു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ രണ്ടാം പാദ മൽസരത്തിൽ സ്പെയിനെതിരെ ക്രൊയേഷ്യയ്ക്ക് 3–2 ജയം. കഴിഞ്ഞ മാസം ഇരുടീമുകളും തമ്മിൽ മൽസരിച്ചപ്പോൾ 6–0ന് സ്പെയിനായിരുന്നു ജയം. ഇത്തവണ ക്രൊയേഷ്യയുടെ ജയത്തോടെ നാലാം ഗ്രൂപ്പിൽ സാധ്യതകൾ സങ്കീർണമായി. ആറു പോയിന്റോടെ സ്പെയിൻ തന്നെയാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും നാലു പോയിന്റ് വീതം. ഗോൾ ശരാശരിയിൽ ഇംഗ്ലണ്ട് മുന്നിൽ. ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ മൽസരം ഇതോടെ നിർണായകമായി. രണ്ടാം ഗ്രൂപ്പിലെ മൽസരത്തിൽ മിഷി ബാഷുവായിയുടെ ഇരട്ടഗോളിൽ ബൽജിയം ഐസ്‌ലൻഡിനെ തോൽപ്പിച്ചു. ഞായറാഴ്ച സ്വിറ്റ്സർലൻഡിനെതിരെ സമനില പിടിച്ചാൽ ബൽജിയത്തിനു ഫൈനൽസിലേക്കു യോഗ്യത നേടാം.
തലസ്ഥാനമായ സാഗ്രെബിൽ നടന്ന മൽസരത്തിൽ ടിൻ ജെദ്‌വജിന്റെ ഇരട്ടഗോളുകളാണ് ക്രൊയേഷ്യയ്ക്കു വിജയം നൽകിയ ത്. 93–ാം മിനിറ്റിലായിരുന്നു ജെദ്‌വജിന്റെ വിജയഗോൾ. 54–ാം മിനിറ്റിൽ ആന്ദ്രെ ക്രമാരിച് ക്രൊയേഷ്യയുടെ ആദ്യഗോൾ നേടി. ഡാനി സെബല്ലോസ് (56’), സെർജിയോ റാമോസ് (78’) എന്നിവരാണ് സ്പെയിനിന്റെ സ്കോറർമാർ. ആവേശത്തോടെ കളി തുടങ്ങിയത് ക്രൊയേഷ്യയാണെങ്കിലും സ്പെയിൻ ബോൾ പൊസഷൻ കാത്തു. എന്നാൽ ഇസ്കോയുടെ ലോങ്റേഞ്ചർ മാത്രമായിരുന്നു ആദ്യ പകുതിയിൽ അവരുടെ ഗോൾശ്രമം. ഇടവേളയ്ക്കു ശേഷം കളി തുറന്നു. 53–ാം മിനിറ്റിൽ റാമോസും സെർജി റോബർട്ടോയും തമ്മിലുള്ള ധാരണപ്പിശക് മുതലെടുത്ത് ക്രമാരിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.
എന്നാൽ രണ്ടു മിനിറ്റിനകം സെബല്ലോസിന്റെ ഗോളിൽ സ്പെയിൻ ഒപ്പമെത്തി. പിന്നാലെ അസ്പാസിനും അവസരം കിട്ടിയെങ്കിലും ഷോട്ട് ക്രോസ്ബാറിലേക്കായി. ലൂക്ക മോഡ്രിച്ചിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള ഹെഡറിൽ ജെദ്‌വജ് തന്റെ ആദ്യ രാജ്യാന്തര ഗോൾ കുറിച്ചതോടെ ക്രൊയേഷ്യ വീണ്ടും മുന്നിൽ. എന്നാൽ ക്രൊയേഷ്യയുടെ സന്തോഷം നീണ്ടില്ല. 69–ാം മിനിറ്റിൽ സിമെ വ്രസാൽകോയുടെ ഹാൻഡ് ബോളിൽ സ്പെയിനു പെനൽറ്റി കിക്ക്. റാമോസിനു പിഴച്ചില്ല. ഒരു പോയിന്റ് ഉറപ്പിച്ചു നിന്ന സ്പെയിന് ഇൻജുറി ടൈമിൽ മുറിവേറ്റു. ബ്രെകാലോയുടെ ഷോട്ട് കുത്തിയകറ്റിയ സ്പെയിൻ ഗോൾകീപ്പർ ഡേവിഡ് ഡിഗിയ ജെദ്‌വജിന്റ ഷോട്ടിൽ നിസ്സഹായനായി.
എട്ട്
ലോകകപ്പ് ഫൈനലിൽ കളിച്ച പതിനൊന്നിൽ എട്ടു പേരെയും നിലനിർത്തിയാണ് ക്രൊയേഷ്യൻ കോച്ച് സ്ലാട്ട്കോ ഡാലിച്ച് ടീമിനെ ഇറക്കിയത്. ജെദ്‌വജ്, നിക്കോള കാലിനിച്ച്, ക്രമാരിച്ച് എന്നിവർ ഇവാൻ സ്ട്രിനിച്ച്, ഡാനിയേൽ സുബാസിച്ച്, മരിയോ മാൻസൂക്കിച്ച് എന്നിവർക്കു പകരമിറങ്ങി. സുബാസിച്ചും മാൻസൂക്കിച്ചും ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചിരുന്നു.
ഡിഗിയ വേണോ; കെപ വേണോ?
മഡ്രിഡ് ∙ ‘പിഴവുകൾ ആവർത്തിക്കുന്ന ഗോൾകീപ്പർ ഡേവിഡ് ഡിഗിയയെ മാറ്റി കെപ അരിസബലാഗയ്ക്ക് അവസരം നൽകാൻ സമയമായി’– ക്രൊയേഷ്യയ്ക്കെതിരെ തോൽവിക്കു പിന്നാലെ സ്പാനിഷ് മാധ്യമങ്ങളും ആരാധകരും ആവശ്യമുയർത്തിത്തുടങ്ങി. ലോകകപ്പ് പ്രീ–ക്വാർട്ടറിൽ റഷ്യയോടു തോറ്റു പുറത്തായ സമയത്തു തന്നെ ഡിഗിയയ്ക്കെതിരെ വിമർശനമുയർന്നിരുന്നു. ഇന്നലെ ആന്ദ്രെ ക്രമാരിച്ചിന്റെ ആദ്യ ഗോളും ജെദ്‌വദിന്റെ മൂന്നാം ഗോളും ഡിഗിയയ്ക്കു തടയാമായിരുന്നു എന്നാണ് വിലയിരുത്തൽ. ക്രമാരിച്ചിന്റെ ആദ്യ ഗോളിനു മുന്നോട്ടു കയറി വരാതിരുന്ന ഡിഗിയ ബ്രെകാലോയുടെ ഷോട്ട് പുറത്തേക്ക് തട്ടിയകറ്റുന്നതിനു പകരം നേരെ ജെദ്‌വദിന്റെ കാൽക്കലേക്കാണ് നൽകിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലും ഡിഗിയയ്ക്കു കഷ്ടകാലമാണ്. 12 കളികളിൽ 21 ഗോളുകൾ വഴങ്ങിയ യുണൈറ്റഡ് ഇപ്പോൾ എട്ടാം സ്ഥാനത്താണ്. ചെൽസി ഗോൾകീപ്പർ കെപ അരിസബലാഗയെ ഡിഗിയയ്ക്കു പകരം ദേശീയ ടീമിൽ പരീക്ഷിക്കണമെന്നാണ് സ്പെയിൻ ആരാധകരുടെ ആവശ്യം. 12 കളികളിൽ എട്ടു ഗോളുകൾ മാത്രമാണ് കെപ ചെൽസി ജഴ്സിയിൽ ഇതുവരെ വഴങ്ങിയത്.