സെമിയിൽ കുരുങ്ങാതെ ഫൈനൽ സന്തോഷത്തിനായി കേരളം ഇന്നിറങ്ങുന്നു. സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനലിൽ കേരളം ഇന്നു വടക്കു കിഴക്കൻ ശക്തികളായ മിസോറമിനെ നേരിടും. ഉച്ചയ്ക്കു 2.30 മുതൽ കൊൽക്കത്ത മോഹൻ ബഗാൻ ഗ്രൗണ്ടിലാണു മത്സരം. ഇന്നു നടക്കുന്ന മറ്റൊരു സെമിഫൈനലിൽ ആതിഥേയരായ ബംഗാൾ ബി ഗ്രൂപ്പ് ചാംപ്യന്മാരായ കർണാടകയെ നേരിടും. ഉച്ചയ്ക്കു 2.30നു ഹൗറ സ്റ്റേഡിയത്തിലാണു മത്സരം.
∙ ശക്തരുടെ പോരാട്ടം
കഴിഞ്ഞവർഷത്തെ സന്തോഷ് ട്രോഫി സെമിഫൈനലിൽ പരാജയപ്പെട്ട ടീമുകൾ ഇക്കൊല്ലം തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന കൗതുകം കേരള–മിസോറം മത്സരത്തിനുണ്ട്. കഴിഞ്ഞവർഷത്തെ സെമിയിൽ കേരളം ഗോവയോടു പരാജയപ്പെട്ടപ്പോൾ മിസോറം ബംഗാളിനോടാണ് അടിയറവു പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളും ജയിച്ചാണു കേരളം ഇക്കൊല്ലം സെമിയിൽ എത്തിയിരിക്കുന്നത്.
കർണാടകയോടു മാത്രം തോറ്റാണു മിസോറമിന്റെ സെമി പ്രവേശനം. ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരത്തിന്റെ വീറും വാശിയും വർധിക്കും. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിലൂടെ കേരളം കളി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ലോങ് പാസ് ഗെയിമിലൂടെയാണു മിസോറം ഇതുവരെ മുന്നേറിയത്. ശാരീരികമായ കരുത്തു കൂടി ഉപയോഗിച്ചാണു മിസോറമിന്റെ മത്സരം. കൂടാതെ എതിരാളികളുടെ കാലിൽനിന്നു പന്തു റാഞ്ചാൻ മിടുക്കന്മാരുമാണ് അവർ. ഇത് എത്രത്തോളം കേരളം പ്രതിരോധിക്കും എന്നതിലാകും വിജയത്തിന്റെ സമവാക്യമിരിക്കുന്നത്.
ഗോളടിക്കാൻ ഇരു ടീമുകളും മിടുക്കന്മാരാണ്. 15 ഗോളുകൾ കേരളം അടിച്ചുകൂട്ടിയപ്പോൾ 10 ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേടാൻ മിസോറമിനുമായി. കേരളത്തെ അപേക്ഷിച്ചു കൂടുതൽ വേഗത്തിലോടാൻ മിസോറം താരങ്ങൾക്കു സാധിക്കുന്നുണ്ട്. എന്നാൽ ഇതേ തന്ത്രം പയറ്റിയ ബംഗാളിനെതിരെ പിടിച്ചു നിൽക്കാൻ സാധിച്ചതു കേരളത്തിന് ആത്മവിശ്വാസം നൽകും.
4–4–2 എന്ന ഫോർമേഷനിലാകും സെമി ഫൈനലിലും കേരളമിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഗോൾ പോസ്റ്റ് കാത്ത ഹജ്മലിനു പകരം വി.മിഥുൻ തന്നെ ഗോൾ പോസ്റ്റ് കാക്കും. പ്രതിരോധത്തിലും മധ്യനിരയിലും കേരളം മാറ്റങ്ങൾ വരുത്താൻ ഇടയില്ല. ക്യാപ്റ്റൻ രാഹുൽ വി.രാജ് പ്രതിരോധത്തിന്റെ അമരത്തെത്തുമ്പോൾ, വൈസ് ക്യാപ്റ്റൻ എസ്.സീസൻ മധ്യനിര നിയന്ത്രിച്ചു കളത്തിലുണ്ടാകും.
പരുക്കുകൾ അടക്കം ഒരു ആശങ്കയും കേരളത്തെ വലയ്ക്കുന്നില്ല. ഇന്നലെ കൊൽക്കത്ത ഫോർട്ട് വില്യമിലെ ആർമി സ്കൂൾ ഗ്രൗണ്ടിലാണ് ഇന്നലെ വൈകിട്ട് കേരളം പരിശീലനത്തിനിറങ്ങിയത്.
∙ കേരളത്തിന്റെ വിങ്ങർമാർ
ഇരുവിങ്ങുകളിലൂടെയുമുള്ള ആക്രമണമാണു കേരളത്തിന്റെ കരുത്ത്. ഇതു നയിക്കുന്നത് അണ്ടർ 21താരങ്ങളായ എം.എസ്.ജിതിനും കെ.പി.രാഹുലും. ഇടതുവിങ്ങിലൂടെ രാഹുൽ മുന്നേറുമ്പോൾ, വലതുവിങ്ങിലൂടെയുള്ള ആക്രമണം ജിതിന്റെ കാലിൽ ഭദ്രം. നാലു ഗോളുകൾ നേടി കേരളത്തിന്റെ ടോപ് സ്കോറർ സ്ഥാനത്തു ജിതിൻ നിൽക്കുമ്പോൾ മൂന്നു ഗോളുകളുമായി രാഹുൽ തൊട്ടുപിന്നിലുണ്ട്. 90 മിനിറ്റും ഒരേപോലെ കളിക്കാൻ സാധിക്കുന്നുവെന്നതും ഇവരുടെ പ്രത്യേകത. ക്യാപ്റ്റൻ ലാൽ റിൻചാന നയിക്കുന്ന മിസോറം പ്രതിരോധത്തെ എത്രത്തോളം തകർക്കാൻ ഇരുവർക്കും സാധിക്കുന്നു എന്നതു കേരളത്തിനു നിർണായകം.
∙ റൊമാവിയ തുറുപ്പു ചീട്ട്
എതിർനിരയിൽ കനത്ത നാശം വിതച്ചു മുന്നേറാൻ സാധിക്കുന്ന ലാൽ റൊമാവിയ എന്ന മധ്യനിര താരമാണു മിസോറമിന്റെ തുറുപ്പു ചീട്ട്. നാലു ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട് ഈ അണ്ടർ 21 താരം. ഡ്രിബ്ലിങ്ങിൽ അഗ്രഗണ്യനാണു റൊമാവിയ. കാലിൽ പന്ത് ഒട്ടിച്ചുവച്ചതുപോലെ മുന്നേറിയെത്താൻ കഴിവുള്ള താരം.
റൊമാവിയയുടെ പാസുകൾ കണ്ടാൽ നാലു ചുറ്റും കണ്ണുണ്ട് ഈ താരത്തിന് എന്നു തോന്നും. കേരളത്തിന്റെ ക്യാപ്റ്റൻ രാഹുൽ വി.രാജിനും എസ്.ലിജോയ്ക്കും റൊമാവിയയെ പൂട്ടാൻ അധികജോലിയെടുക്കേണ്ടിവരും.
∙ മുന്നേറ്റം സുശക്തം
ഇരു ടീമുകളുടെയും മുന്നേറ്റനിര സുശക്തം. വി.കെ.അഫ്ദൽ നയിക്കുന്ന കേരളത്തിന്റെ മുന്നേറ്റം ഭദ്രമാണ്. എതിർ ഗോൾമുഖത്ത് ആശങ്കയുടെ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിൽ അഫ്ദൽ വിദഗ്ധനാണ്. എഫ്.ലാൽറിപുയിയ, ലാൽ റെമുവാറ്റ എന്നീ രണ്ടു മുന്നേറ്റനിര താരങ്ങളാണു മിസോറമിന്റെ ആക്രമണത്തിന്റെ കുന്തമുന. ബോക്സിലേക്ക് ഇരച്ചുകയറാൻ മിടുക്കരാണു രണ്ടുപേരും.