1973
ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളത്തിന് 1973 വരെ കാത്തിരിക്കേണ്ടിവന്നു. അന്ന് കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നായകൻ ടി.കെ. മണിയുടെ ഹാട്രിക്കിന്റെ ബലത്തിൽ കേരളം റെയിൽവേസിനെ മുട്ടുകുത്തിച്ചു (3-2). കേരളത്തിനുവേണ്ടി ആദ്യമായി സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ മണി അതോടെ കേരളത്തിന്റെ സ്വന്തം ‘ക്യാപ്‌റ്റൻ മണി’യുമായി. കേരളത്തെ പരിശീലിപ്പിച്ചത് ഒളിംപ്യൻ സൈമൺ സുന്ദർരാജും. (എന്നാൽ സന്തോഷ് ട്രോഫി ആദ്യമായി ഏറ്റുവാങ്ങിയ മലയാളി നായകൻ എന്ന ബഹുമതി ഇരിങ്ങാലക്കുടക്കാരൻ ഒ. ചന്ദ്രശേഖരന് അവകാശപ്പെട്ടതാണ്. 1963ൽ ജേതാക്കളായ മഹാരാഷ്‌ട്രയെ നയിച്ചത് ചന്ദ്രശേഖരനായിരുന്നു.)
1992
പിന്നെ കേരളം ജേതാക്കളായത് പത്തൊൻപതു വർഷങ്ങൾക്കുശേഷം 1992ലെ കോയമ്പത്തൂർ നാഷനൽസിൽ വച്ചാണ്. ഫൈനലിൽ ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം മലയാള മണ്ണിനു പുറത്തെ തങ്ങളുടെ ആദ്യ ദേശീയ കിരീടം ചൂടി. കേരള ക്യാപ്‌റ്റൻ വി.പി. സത്യൻ സന്തോഷ് ട്രോഫി ഏറ്റുവാങ്ങി.
1993
തൊട്ടടുത്ത വർഷവും കേരളത്തിന്റേതായിരുന്നു. കൊച്ചി ഒരിക്കൽകൂടി കേരളത്തിന്റെ ഭാഗ്യ മണ്ണായി. മഹാരാഷ്‌ട്രയെ 2-0ന് പരാജയപ്പെടുത്തി കേരളം ചരിത്രംകുറിച്ചു. അന്ന് കേരള ക്യാപ്‌റ്റൻ കുരികേശ് മാത്യുവായിരുന്നു.
2001
പിന്നെ കേരളം സന്തോഷ് ട്രോഫി ടൂർണമെന്റിൽ വെന്നിക്കൊടി പാറിച്ചത് 2001ലെ നാഷനൽസിലായിരുന്നു. ദക്ഷിണ ഇന്ത്യയ്ക്കു പുറത്തെ കേരളത്തിന്റെ ആദ്യ കിരീടം. ഫൈനലിൽ ഗോവയെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ കൂപ്പറേജ് ഗ്രൗണ്ടിൽ ചരിത്രം രചിച്ചത്. ഗോൾഡൻ ഗോളിന്റെ ബലത്തിലായിരുന്നു നാലാം ട്രോഫി വിജയം. നിശ്‌ചിത സമയത്ത് 2-2 ന് തുല്യത പാലിച്ചപ്പോൾ അബ്‌ദുൽ ഹക്കീം നേടിയ ഗോൾഡൻ ഗോൾ കേരളത്തിന്റെ വിജയഗോളായി, ഒപ്പം ഹക്കീമിന് ഹാട്രിക്കും. അന്ന് കേരളത്തെ നയിച്ചത് വി. ശിവകുമാറായിരുന്നു.
2004
ഏറ്റവും ഒടുവിൽ കേരളം സന്തോഷ് ട്രോഫി ജേതാക്കളായത് 2004ൽ ഡൽഹിയിലാണ്. അന്ന് കരുത്തരായ പഞ്ചാബിനെ 3–2ന് തോൽപിച്ചാണ് കേരളം അഞ്ചാം തവണ ജേതാക്കളായത്. കേരളത്തെ ഇക്കുറി കിരീടവിജയത്തിലേക്ക് നയിച്ചത് നായകൻ തിരുവനന്തപുരത്തുകാരൻ സിൽവെസ്‌റ്റർ ഇഗ്നേഷ്യസ്. നിശ്‌ചിതസമയം തീരും വരെ 2–2 എന്ന നിലയിലായിരുന്നു സ്‌കോർ. എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ നായകൻ ഇഗ്നേഷ്യസ് തൊടുത്തുവിട്ട പന്ത് പഞ്ചാബിന്റെ ഗോൾവലയം ചലിപ്പിച്ചു. ജയം കേരളത്തിന്.