കൊച്ചി∙ വെള്ളിത്തിളക്കമുള്ള ആ ട്രോഫി ഈ നാടിന്റെ തീവ്രമായ വികാരമാണെന്നു കേരളത്തിന്റെ ചുണക്കുട്ടികൾ അറിഞ്ഞു. ബംഗാളിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് സന്തോഷ് ട്രോഫി ദേശീയ കിരീടവുമായി മടങ്ങിയെത്തിയ കേരള ടീമിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ ആരവവും ആർപ്പുവിളികളുമായി ചങ്കിലേറ്റി വരവേൽക്കുകയായിരുന്നു കേരളത്തിലെ കളിപ്രേമികൾ. ആ സ്നേഹാദരങ്ങൾക്കു നടുവിൽ കളിക്കാരും അവരെ സ്വീകരിക്കാനെത്തിയ ഉറ്റവരുമെല്ലാം വീർപ്പുമുട്ടി.
കൊൽക്കത്തയിൽ നിന്ന് ഇന്നലെ രാവിലെ ചെന്നൈ വഴി കൊച്ചിയിലേക്കു തിരിച്ച ടീം വൈകിട്ട് 3.15ന് ആണ് നെടുമ്പാശേരിയിൽ പറന്നിറങ്ങിയത്. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ.മേത്തർ, സെക്രട്ടറി പി.അനിൽകുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ തുടങ്ങിയവരും ടീമിനൊപ്പമുണ്ടായിരുന്നു.
ടീമിനെ സ്വീകരിക്കാനായി അതിനു മുൻപേ തന്നെ കളി പ്രേമികളും കളിക്കാരുടെ ബന്ധുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. വാദ്യമേളങ്ങൾ കൊട്ടിത്തകർത്തു. സംസ്ഥാന സർക്കാർ പ്രതിനിധിയായി എത്തിയ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷമായ സ്വീകരണം.
ടെർമിനലിൽ നിന്നു ട്രോഫിയുമായി മുന്നിലെത്തിയതു ക്യാപ്റ്റൻ രാഹുൽ വി.രാജ്. ടീം അംഗങ്ങൾ പുറത്തേക്കിറങ്ങിയതോടെ ഗാലറികൾ പോലെ ആവേശക്കടലായി വിമാനത്താവള പരിസരം. കളിക്കാർക്ക് പുറത്തേക്ക് കടക്കാൻ തന്നെ ബുദ്ധിമുട്ടായി. ട്രോഫിക്കും ടീം അംഗങ്ങൾക്കുമൊപ്പം സെൽഫികളുടെ മേളം. പൊലീസ് വളരെ ബുദ്ധിമുട്ടിയാണു ടീം അംഗങ്ങളെ ബസിനടുത്തെത്തിച്ചത്. എംഎൽഎമാരായ പി.ടി.തോമസ്, അൻവർ സാദത്ത്, റോജി എം. ജോൺ, ഹൈബി ഈഡൻ, കലക്ടർ മുഹമ്മദ് സഫിറുല്ല തുടങ്ങിയവരും ടീം അംഗങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു.
കൊച്ചിയായി അടുത്ത ആവേശ വേദി. കേരളത്തിൽ ഫുട്ബോളിന്റെ കളിമുറ്റമായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അനുമോദന യോഗം. എറണാകുളം ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാദ്യമേളവുമായിട്ടായിരുന്നു സ്വീകരണം. ടീം അദ്യം കപ്പുമായി പോയത് സ്റ്റേഡിയത്തിലെ പുൽമൈതാനത്തേക്ക്. അഞ്ച് വർഷം മുൻപ് സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ സർവീസസിനോട് തോറ്റു കേരളത്തിന്റെ കണ്ണീർ വീണ അതേ മൈതാനത്തിൽ ടൈബ്രേക്കറിലൂടെ തന്നെ നേടിയ ആ കപ്പുമായി ടീം പോസ് ചെയ്തു. തുടർന്നായിരുന്നു അനുമോദന യോഗം.
കേരളത്തിന്റെ അഭിമാനമായി മാറിയ ഈ ടീമിലെ കളിക്കാർക്ക് കേരളത്തിന് പുറത്ത് മികച്ച പരിശീലന സൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. കെ.എം.ഐ.മേത്തർ, പി.അനിൽ കുമാർ, ടി.പി.ദാസൻ തുടങ്ങിയവരും പ്രസംഗിച്ചു. നായകൻ രാഹുൽ വി.രാജും പരിശീലകൻ സതീവൻ ബാലനും കളി അനുഭവങ്ങൾ പങ്കുവച്ചു.