സാൾട്ട് ലേക്ക്... ഞങ്ങൾ മറക്കില്ല

കൊൽക്കത്ത ∙ കിരീടരാവിൽ കൊൽക്കത്തയിൽ മഴ പെയ്തിറങ്ങുകയായിരുന്നു. അതു നനഞ്ഞാണു കേരള ടീം ഹോട്ടലിൽ മടങ്ങിയെത്തിയത്. നാലുവട്ടം സ്വപ്നം കണ്ട നേട്ടം ട്രോഫിയുടെ രൂപത്തിലെത്തിയപ്പോൾ ചിരിക്കാൻ പിശുക്കനായ കേരളത്തിന്റെ ക്യാപ്റ്റൻ രാഹുൽ വി.രാജിന്റെ മുഖത്തുപോലും നിറഞ്ഞ ചിരി. 72 വർഷം ചരിത്രമുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച കേരളത്തിന്റെ ആറു ക്യാപ്റ്റൻമാരിൽ ഒരാളാകുന്നു ഇനി രാഹുൽ വി.രാജ്.

ആദ്യന്തം ട്വിസ്റ്റ് നിറഞ്ഞ ഒരു ത്രില്ലർ സിനിമയാണു സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ രണ്ടുമണിക്കൂർ 15 മിനിറ്റിൽ ഓടിത്തീർന്നത്. 

രഞ്ജൻ ബർമനെന്ന ബംഗാളി താരത്തിന്റെ ചവിട്ടുകൊണ്ടു ചോര പൊടിഞ്ഞ താടിയിലെ മുറിവ് കെട്ടിവച്ചിറങ്ങിയ കേരള ഗോളി മിഥുൻ രണ്ട് കിക്കുകൾ തടഞ്ഞിട്ടു കാര്യങ്ങൾ എളുപ്പമാക്കി. 

മിഥുനെ ചവിട്ടിയ രഞ്ജൻ ബർമന് റഫറി ചുവപ്പു കാർഡ് നൽകി പുറത്തേക്കുള്ള വഴികാട്ടി. പിന്നീടുള്ള 15 മിനിറ്റ് ബംഗാളിന് 10 പേരുമായി കളിക്കേണ്ടി വന്നു.

എന്നാൽ രഞ്ജനെ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണു ബംഗാൾ ആരാധകർ എതിരേറ്റത്. കളിക്കിടയിലും എണ്ണത്തിൽ കുറവായ മലയാളി ആരാധകർക്കു നേരെ ബംഗാളികൾ തിരിഞ്ഞിരുന്നു. 

പൊലീസ് എത്തി പ്രത്യേക കാവൽ ഏർപ്പെടുത്തിയാണു പ്രശ്നങ്ങൾ ഒഴിവാക്കിയത്. കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ.മേത്തർ, സെക്രട്ടറി പി.അനിൽകുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ എന്നിവരുടെ നേതൃത്വത്തിൽ കേരള ടീം കപ്പ് ഏറ്റുവാങ്ങി. പരിശീലകൻ സതീവൻ ബാലനെ എടുത്തുയർത്തിയാണു ടീം ആഹ്ലാദം പങ്കുവച്ചത്.

കൊൽക്കത്തയുടെ മുഖമായ വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെത്തി ഫോട്ടോയെടുത്താണു ടീം ഹോട്ടലിൽ എത്തിയത്.