സന്തോഷ് ട്രോഫി: ടീമംഗങ്ങൾക്ക് സർക്കാർ ജോലി, 2 ലക്ഷം സമ്മാനം

തിരുവനന്തപുരം∙ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും മുഖ്യ പരിശീലകനും രണ്ടുലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

മാനേജർ, അസിസ്റ്റന്റ് പരിശീലകൻ, ഫിസിയോ തെറപ്പിസ്റ്റ് എന്നിവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ്, കെ.പി. രാഹുൽ, വി.എസ്. ശ്രീക്കുട്ടൻ, എം.എസ്. ജിതിൻ, ജി. ജിതിൻ, ബി.എൽ. ഷംനാസ്, സജിത് പൗലോസ്, വി.കെ. അഫ്ദൽ, പി.സി. അനുരാഗ് എന്നീ 11 കളിക്കാർക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചു സർക്കാർ ജോലി നൽകും. സന്തോഷ് ട്രോഫി ടീമിലെ കളിക്കാരിൽ സ്വന്തമായി വീടില്ലാത്ത കെ.പി. രാഹുലിന് (പീലിക്കോട്, കാസർകോട്) വീടു നിർമിച്ചു നൽകാനും തീരുമാനിച്ചു.

ദേശീയ വോളിബോൾ ചാംപ്യൻഷിപ് നേടിയ കേരള ടീമിലെ 12 കളിക്കാർക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നൽകും. മാനേജർക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതമാണ് നൽകുക. വോളി ചാംപ്യൻഷിപ് നേടിയ ടീമിലെ സി.കെ. രതീഷിനു കിൻഫ്രയിൽ നിയമനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.