ബാർസിലോന ∙ ചാംപ്യൻസ് ലീഗിൽനിന്നു പുറത്തായതിന്റെ ക്ഷീണം മാറ്റാൻ ബാർസിലോനയ്ക്കു സ്പാനിഷ് ലീഗ് ഫുട്ബോളിൽ റെക്കോർഡ് ജയം. വലെൻസിയയെ 2–1നു തോൽപിച്ച ബാർസ ലാ ലിഗയിൽ തോൽവിയറിയാതെ 39 മൽസരങ്ങൾ എന്ന റെക്കോർഡ് കുറിച്ചു. ലൂയി സ്വാരെസ്, സാമുവൽ ഉംറ്റിറ്റി എന്നിവരാണ് ബാർസയുടെ ഗോൾ നേടിയത്. ഫിലിപ്പെ കുടീഞ്ഞോയാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്.
15–ാം മിനിറ്റിൽ സ്വാരെസിനു പുറംകാൽകൊണ്ടു പാസ് നൽകിയ കുടീഞ്ഞോ രണ്ടാം പകുതിയുടെ തുടക്കത്തിൽ സുന്ദരമായ കോർണറിലൂടെ ഉംറ്റിറ്റിയുടെ ഹെഡറിനും വഴിയൊരുക്കി. 87–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ വലെൻസിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ബാർസ പിടിച്ചുനിന്നു. ക്യാപ്റ്റൻ ഡാനി പരെജോയാണു ഗോൾ നേടിയത്. ജയത്തോടെ ബാർസ 25–ാം ലീഗ് കിരീടം ഉറപ്പാക്കുന്നതിന് ഏഴു പോയിന്റ് അടുത്തെത്തി. 82 പോയിന്റുള്ള ബാർസയ്ക്കു 14 പോയിന്റ് പിന്നിലായി അത്‌ലറ്റിക്കോയാണു രണ്ടാം സ്ഥാനത്ത്. വലെൻസിയയും റയൽ മഡ്രിഡുമാണു മൂന്നും നാലും സ്ഥാനങ്ങളിൽ.