മഡ്രിഡ് ∙ ഇല്ല. ആരാധകരെ നിരാശരാക്കാൻ ഇത്തവണയും റയൽ മഡ്രിഡ് തയാറല്ല. പൊരുതിക്കളിച്ച ബയൺ മ്യൂണിക്കിനെ സ്വന്തം തട്ടകത്തിൽ 2–2 ന്റെ സമനിലയിൽ കുരുക്കി തുടർച്ചയായ മൂന്നാം വർഷവും ച്യാംപ്യൻസ് ലീഗിന്റെ കലാശക്കളിയിലേക്കു റയലിന്റെ ലോങ് മാർച്ച്. ഇരുപാദങ്ങളിലുമായി 4–3 ന്റെ ജയം! ച്യാംപ്യൻസ് ലീഗിൽ തുടർച്ചയായി മൂന്നു കിരീടം നേടി റയൽ ചരിത്രമെഴുതുമോ എന്ന ആകാംക്ഷ ബാക്കി.
ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടിറങ്ങിയ റയലിനെ ശരിക്കും വിറപ്പിച്ചാണ് ബയൺ മടങ്ങിയത്. ഒന്നാം പാദ സെമിക്കിടെ പരുക്കേറ്റ ആര്യൻ റോബനെ പുറത്തിരുത്തിയാണ് ബയൺ തുടങ്ങിയത്. ബോക്സിലേക്കുയർന്നുവന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിലെ പിഴവു മുതലെടുത്ത് ജോഷ്വ കിമിച്ച് മൂന്നാം മിനിറ്റിൽത്തന്നെ ബയണിനെ മുന്നിലെത്തിച്ചു. റയൽ ആരാധകർ തിങ്ങിനിറഞ്ഞ സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയം നിശ്ശബ്ദമായി.
എന്നാൽ 11–ാം മിനിറ്റിൽ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയർന്നു വന്ന മാർസെലോയുടെ ക്രോസിൽ തലവച്ച് ബെൻസിമ റയലിനെ ഒപ്പമെത്തിച്ചതോടെ കളി ചൂടുപിടിച്ചു. 33–ാം മിനിറ്റിൽ ഒരിക്കൽക്കൂടി ബയൺ മുന്നിലെത്തിയെന്നു തോന്നി.
തോമസ് മുള്ളറുടെ ഉഗ്രനൊരു ഷോട്ട് റയൽ ഗോൾകീപ്പർ കെയ്‌ലർ നവാസ് ഡൈവിലൂടെ രക്ഷപ്പെടുത്തിയെങ്കിലും വായുവിൽ ഉയർന്നുപൊങ്ങിയ പന്ത് എത്തിയത് ടോളിസോയുടെ നേർക്ക്. ഉയർന്നു ചാടി ടോളിസോ നൽകിയ ക്രോസ് പന്ത് ക്ലിയർ ചെയ്യാൻ ചാടിയ മാർസെലോയുടെ ശരീരത്തിൽ തട്ടിയശേഷം നേരെ ഹാമിഷ് റോഡ്രിഗസിന്റെ കാലിലേക്ക്. ക്ലോസ് റേഞ്ചിൽ ഹാമിഷ് റോഡ്രിഗസിന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു. റയൽ രക്ഷപ്പെട്ടു!
ഒന്നാം പകുതിയുടെ അധികസമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ് റയലിന്റെ ബോക്സിലേക്കു കിമ്മിച്ച് നീട്ടിയ ലോങ് ബോൾ ബോക്സിൽനിന്ന് ഉയർന്നു ചാടിയ മാർസെലോയുടെ കയ്യിൽ തട്ടിയത് ടിവി റീപ്ലേയിൽ വ്യക്തമായെങ്കിലും റഫറി ബയണിന് അനുകൂലമായി പെനാൽറ്റി നൽകിയില്ല.
രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം ബെൻസിമ വീണ്ടും റയലിനെ മുന്നിലെത്തിച്ചു. തനിക്കു നേരെയെത്തിയ ബാക്ക് പാസ് സ്വീകരിക്കുന്നതിൽ ബയൺ ഗോൾകീപ്പർ ഉൾറിച്ച് വരുത്തിയ പിഴവാണ് ഇത്തവണ റയലിനു തുണയായത്. ഉൾറിച്ചിനെ കടന്ന് ഒഴുകിനീങ്ങിയ പന്ത് പോസ്റ്റിലേക്കു തട്ടിയിടുക എന്ന പണി മാത്രമേ ബെൻസിമയ്ക്ക് ഉണ്ടായിരുന്നുള്ളൂ(2–1).
പിന്നീടിങ്ങോട്ട് തോമസ് മുള്ളറിലൂടെയും ലെവൻഡോവ്സികിയിലൂടെയും ഗോൾ മടക്കാൻ ബയണും ക്രിസ്റ്റ്യാനോയിലൂടെയും ബെൻസിമയിലൂടെയും ലീഡ് വർധിപ്പിക്കാൻ റയലും നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 63–ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസ് വീണ്ടും ബയണിനെ ഒപ്പമെത്തിച്ചു(2–2).
റോഡ്രിഗസിന്റെ ഒന്നാംതരം ഇടംകാലൻഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും റീബൗണ്ട് ഷോട്ട് താരം വലയിലെത്തിച്ചു. വിജയഗോളിനായിയുള്ള ബയണിന്റെ ശ്രമങ്ങൾ റയലിന്റെ പ്രതിരോധക്കോട്ടയിൽ തട്ടിത്തെറിച്ചതോടെ മത്സരം സമനിലയിൽ. ഇരുപാദങ്ങളിലുമായി 4–3 ന്റെ ജയത്തോടെ റയൽ ഫൈനലിലേക്കും...