കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടാകില്ലെന്ന് ആരാധകരുടെ പ്രിയതാരം ഇയാൻ ഹ്യൂം. കുറച്ചുനാളായി ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇനി ബ്ലാസ്റ്റേഴ്സിലേക്കില്ലെന്ന് ഇയാൻ ഹ്യൂം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. താനല്ല, കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഇനിയുണ്ടാകില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ഇതുവരെ മൗനം പാലിച്ചതിന് ആരാധകരോട് ക്ഷമ പറഞ്ഞുകൊണ്ടാണ് ഹ്യൂമിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നെങ്കിലും ‘മറ്റൊരു പാത’യിൽ നീങ്ങാനാണ് ക്ലബ്ബിന് താൽപര്യമെന്ന് ഹ്യൂം അറിയിച്ചു.
അതേസമയം, ഹ്യൂം ഉൾപ്പെടെയുള്ള താരങ്ങൾക്കു പകരമായി കൂടുതൽ വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. നെമാഞ്ച പെസിച്ച്, കെസീറോൺ കിസീറ്റോ, കറേജ് പെക്കൂസൻ എന്നീ വിദേശതാരങ്ങൾക്കു പുറമെ സ്ലാവിസ സ്റ്റോജനോവിച്ച്, സിറിൽ കാലി, സ്ലോവേനിയൻ താരം മാറ്റെജ് പോപ്‌ലാറ്റ്നിക് എന്നിവരെ ബ്ലാസ്റ്റേഴ്സ് ഇതിനകം ടീമിലെത്തിച്ചിട്ടുണ്ട്.
ഹ്യൂമിന്റെ കുറിപ്പിന്റെ പൂർണരൂപം
ഇതുവരെ മൗനം പാലിച്ചതിന് ക്ഷമ ചോദിക്കട്ടെ. എല്ലാവർക്കും അറിയാവുന്നതുപോലെ ഐഎസ്എൽ അഞ്ചാം സീസണിൽ നിർഭാഗ്യവശാൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഞാൻ മടങ്ങിവരില്ല. പരുക്കിൽനിന്ന് മുക്തനായി മടങ്ങിവന്ന് ടീമിനായി കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും (ക്ലബ്ബും അങ്ങനെ ആഗ്രഹിച്ചുവെന്നാണ് ഞാൻ കരുതിയത്), അതിൽ മാറ്റം സംഭവിക്കുകയും മറ്റൊരു പാതയിൽ മുന്നോട്ടുപോകാൻ മാനേജ്മെന്റ് തീരുമാനിക്കുകയും െചയ്തിരിക്കുന്നു.
ഫുട്ബോളിൽ എപ്പോഴും ഇങ്ങനെയാണ്. ചില സമയത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ക്രൂരമായിരിക്കും. എങ്കിലും, എന്നത്തേയും പോലെ ക്ലബ്ബിനും ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കും എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.
എന്റെ കരിയറിലെ ഏറ്റവും നല്ല ആരാധകരായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. അവർ എല്ലാ വിജയവും അർഹിക്കുന്നുമുണ്ട്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയിൽ പങ്കാളിയാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, ഇതു ഫുട്ബോളാണ്. ഇവിടെ സാഹചര്യങ്ങൾ എന്തായാലും മുന്നോട്ടുപോയേ തീരൂ.
ഐഎസ്എൽ ആദ്യ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നതുമുതൽ എനിക്ക് നിങ്ങൾ നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ എക്കാലവും എനിക്ക് ‘സ്പെഷൽ’ ആളുകളായിരുന്നു. എന്നും ഞാൻ നിങ്ങളോട് കൃതഞ്ജതയുള്ളവനായിരിക്കും.
ചിലർ കരുതുന്നതുപോലെ, മറ്റൊരു ടീമുമായും ഞാൻ കരാർ ഒപ്പിട്ടിട്ടില്ല. പുതിയൊരു ടീമുമായി കരാർ ഒപ്പിടുന്നതിനു മുൻപ് കായികക്ഷമത പൂർണമായും വീണ്ടെടുക്കാനാണ് ശ്രമം.
കേരളാ ബ്ലാസ്റ്റേഴ്സിലെ എല്ലാ മെഡിക്കൽ ടീമംഗങ്ങൾക്കും സൗരഭ്, ഡോ. മനോജ്, മെൽഡ്രിക്, ഫിറ്റ്നസ് പരിശീലകൻ ഡേവ് റിച്ചാർഡ്സൻ എന്നിവർ തന്ന സർവ പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. നല്ല വ്യക്തികളും മരണം വരെ ഉറ്റസുഹൃത്തുക്കളുമാണ് നിങ്ങളെല്ലാം. എക്കാലവും എല്ലാ പിന്തുണയും നൽകി നിങ്ങൾക്കൊപ്പമുണ്ടാകും. എന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം!