മഡ്രിഡ്∙ ബാർസിലോന മുൻ പരിശീലകനായ ലൂയി എൻറിക്വെയെ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. മുൻ പരിശീലകൻ ജൂലൻ ലോപറ്റെഗിയെ ലോകകപ്പ് തുടങ്ങാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ സ്പെയിൻ പുറത്താക്കിയിരുന്നു. താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ഫെർണാണ്ടോ ഹിയറോ ലോകകപ്പിലെ സ്പെയിനിന്റെ മോശം പ്രകടനത്തെ തുടർന്നു കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞു. തുടർന്നാണ് എൻറിക്വെയുടെ നിയമനം.
രണ്ടു വർഷത്തെ കരാറാണു 48കാരനായ എൻറിക്വെയുമായുള്ളതെന്നു സ്പാനിഷ് ഫുട്ബോൾ അസോസിയേൻ പ്രസിഡന്റ് ലൂയി റൂബിയാലെസ് പറഞ്ഞു. മുൻ സ്പാനിഷ് മധ്യനിര താരമായിരുന്ന എൻറിക്വെയ്ക്കു കീഴിൽ ബാർസിലോന രണ്ടു സ്പാനിഷ് ലീഗ് കിരീടവും ഒരു ചാംപ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഫുട്ബോൾ താരമായിരിക്കേ റയലിനും ബാർസയ്ക്കും വേണ്ടി കളിച്ചിട്ടുമുണ്ട്.