മഡ്രിഡ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവെന്റസിലേക്കു കൂടുമാറിയതോടെ പകരക്കാരനെ തേടുന്ന റയലിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബാർസിലോന. ഈ ലോകകപ്പിലെ മിന്നും താരങ്ങളിലൊരാളായ ബൽജിയത്തിന്റെ ഏഡൻ ഹസാർഡിനെ ചാക്കിലാക്കാനുള്ള റയലിന്റെ ശ്രമങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി ആദ്യ ഓഫറുമായി ബാർസിലോന താരത്തെ സമീപിച്ചതായാണ് റിപ്പോർട്ട്.
മെസ്സി–സ്വാരസ് എന്നിവർക്കൊപ്പം ഹസാർഡ് കൂടിയെത്തുന്നതോടെ നെയ്മറിന്റെ അഭാവം തീർക്കുന്ന വിടവ് നികത്താമെന്ന പ്രതീക്ഷയിലാണ് ബാർസയുടെ നീക്കം. അതേസമയം, നെയ്മർ, എംബാപ്പെ എന്നീ പിഎസ്ജി താരങ്ങളിൽ നോട്ടമിട്ടിരിക്കുന്ന റയൽ ഇവരില്ലെങ്കിൽ ഹസാർഡിനെ സ്വന്തം പാളയത്തിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതിനിടെയാണ് ഹസാർഡിനായി വലവിരിച്ച് ബദ്ധവൈരികളായ ബാർസയുടെ രംഗപ്രവേശം.
നേരത്തെ, അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്മനെ ടീമിലെത്തിക്കാൻ ബാർസിലോന ശ്രമിച്ചെങ്കിലും നടന്നില്ല. അത്‌ലറ്റിക്കോ മഡ്രിഡിനോടുള്ള കൂറ് ആവർത്തിച്ചു പ്രഖ്യാപിച്ച് അവിടെത്തന്നെ തുടരാൻ ഗ്രീസ്മൻ തീരുമാനിച്ചതോടെയാണിത്. ഇതിനിടെ, ലിവർപൂളിൽനിന്ന് ബ്രസീലിയൻ താരം ഫിലിപെ കുടീഞ്ഞോയെയും ചൈനീസ് ലീഗിൽനിന്ന് ബ്രസീലിന്റെ തന്നെ പൗളീഞ്ഞോയെയും ടീമിലെത്തിക്കുകയും ചെയ്തു.
എന്നാൽ, ചൈനയിലേക്ക് മടങ്ങുന്ന പൗളീഞ്ഞോ പുതിയ സീസണിൽ ബാർസയ്ക്കൊപ്പമുണ്ടാകില്ല. ഈ സാഹചര്യത്തിൽ ഹസാർഡിനെക്കൂടി എത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ബാർസയുടെ ശ്രമം.