ഇറ്റലി∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ റയൽ മഡ്രിഡ് മുൻ പരിശീലകൻ സിനദിൻ സിദാനും യുവെന്റസിലേക്കെന്ന് അഭ്യൂഹം. മാസിമിലാനോ അലെഗ്രി പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ക്ലബ്ബിന്റെ ഉപദേഷ്ടക സ്ഥാനമാണു സിദാനു വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണു വാർത്തകൾ. മുൻ ഫ്രഞ്ച് താരം സിദാനുമായി തൽക്കാലം കരാറിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നു യുവെന്റസ് അധികൃതർ വ്യക്തമാക്കിയെങ്കിലും യുവെന്റസിനെയും സിദാനെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുകയാണ്.
1996 മുതൽ 2001 വരെ യുവെന്റസ് താരമായിരുന്നു സിദാൻ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടന്നുവരവിനു തൊട്ടുപിന്നാലെ സിദാന്റ രണ്ടാം വരവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന യുവെന്റസ് ആരാധകർ ക്ലബ്ബിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെ നിരാശയിലാണ്. പരിശീലകൻ എന്ന നിലയിൽ റയൽ മഡ്രിഡിനു തുടർച്ചയായ മൂന്നു ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്തതിനു ശേഷം ‘ക്ഷീണിതനാണ്’ എന്ന വിശദീകരണത്തോടെയാണു കഴിഞ്ഞ സീസണിന് ഒടുവിൽ സിദാൻ സ്ഥാനം ഒഴിഞ്ഞത്.