ആദ്യപകുതിയിൽ ‘കരുണകാട്ടി’, പിന്നെ ജയിച്ചുകയറി; ജയ് ജയ് ജിറോണ

കൊച്ചിയിൽ ടൊയോട്ട യാരിസ് ലാ ലിഗ പ്രീ–സീസൺ‌ ടൂർണമെന്റിൽ ജേതാക്കളായ ജിരോണ ടീം കിരീടവുമായി. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി ∙ ആദ്യമായി പരിചയപ്പെടുന്നയാളെ സൗഹാർദപരമായി ആലിംഗനം ചെയ്യുന്നവരാണ്സ്പാനിഷ് ജനത. തെറ്റിച്ചില്ല ഇവിടെയും. ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ അവസാന മൽസരത്തിന്റെ ആദ്യപകുതിയിൽ സംഭവിച്ചതും അതാണ്. ഒരൊറ്റ ഗോൾ. രണ്ടാം പകുതിയിൽ പിന്നെ നാലെണ്ണം കൂടി അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സിനെ 5–0 നു കീഴടക്കി ജിറോണ എഫ്സി പ്രഥമ പ്രീ സീസൺ കിരീടം സ്വന്തമാക്കിജിറോണ എഫ്സിക്കു വേണ്ടി ഗോൾ നേടിയത് എറിക് മോൻസ് (42'), പെദ്രോ പോറോ (54')

അലക്സ് ഗ്രാനൈൽ (57'), അദാന് ബെനിറ്റെസ് (73'), അലക്സ് ഗാർഷ്യ (92 ) കൂട്ടക്കൊലയ്ക്ക് ജിറോണ മുതിർന്നില്ല എന്നതു പ്രത്യേകം ശ്രദ്ധേയം. ആദ്യപകുതിയിൽ ഒന്നാംനിര താരങ്ങളെ അവർ പുറത്തിരുത്തി. രണ്ടാം പകുതിയിൽ ഇറക്കിക്കളിച്ചു. അതിന്റെ ഫലവും ഉണ്ടായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ആവുംവിധം പൊരുതി. എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ എതിരാളികൾ വേറിട്ട തലത്തിൽ ആയിരുന്നു. 

ഗ്യാലറിയിലെ മഞ്ഞപ്പട കയ്യടികളുമായി ജിറോണയ്ക്ക് യാത്രയയപ്പു നൽകിയതും ലാലിഗ പ്രീ സീസൺ ടൂർണമെന്റിന്റെ വിജയം.മധ്യനിരയിൽ കളി തിമിർക്കുമ്പോഴും ജിറോണയുടെ ഗോളി സ്വന്തം പകുതിയുടെ മധ്യത്തിൽ ഉണ്ടായിരുന്നു. എന്നുവച്ചാൽ സ്വന്തം ഗോളിൽനിന്ന് 40 അടിയെങ്കിലും മുന്നോട്ട്. അതിൽനിന്ന് അളക്കാം ആ ഗോളിയുടെയും ടീമിന്റെയും ആത്മവിശ്വാസം രണ്ടാം പകുതിയിൽ റിസർവ് ഗോളി, യൂത്ത്ടീമിലെ മാർക്ക് വിറ്റോ വന്നിട്ടും സ്വന്തം കോട്ടയ്ക്കു പുറത്തിറങ്ങി ഉലാത്തുന്ന രീതിതുടരുകയാണു ചെയ്തത്.കളിയുടെ ഗതി സൂചിപ്പിക്കുകയാണിവിടെ. കറേജ് പെക്കൂസന്റെഫ്രീകിക്ക് ജിറോണ ഗോളി പണിപ്പെട്ട് കുത്തിയകറ്റിയത് കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ സുവർണമുഹൂർത്തം.

∙ ഗോൾ 1:   പെദ്രോ പോറോ വലതുപാർശ്വത്തിലൂടെ കയറിച്ചെന്ന് ഓടിക്കയറി വലതുവിങ് ബാക്ക് എറിക് മോൻസിന് പന്തുനീട്ടിക്കൊടുത്തു . മോൻസിന്റെ അടി ഗോൾ രേഖയിൽനിന്ന് 90 ഡിഗ്രി ആംഗിളിൽനിന്ന് ഉജ്വലമായ ഗോൾ

∙ ഗോൾ 2:  രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡേവിഡ് കോപ്പോവി ഗോൾരേഖയ്ക്കടുത്തുനിന്നു ബോക്സിലേക്കു തൊടുത്ത പന്ത് പെദ്രോപോറോ ആദ്യം ഇടങ്കാലിലെടുത്ത് വലതു കാലിലേക്കുമാറ്റി ഷോട്ട് തൊടുത്തു.

∙ ഗോൾ 3:  രണ്ടാം ഗോളിന്റെ പുനരാവിഷ്കാരംപോലെ, യാവാൻ മാനിയുടെ കാസ് ഗോൾ രേഖവരെ എത്തിയ ശേഷം. അവിടെനിന്നു പിന്നിലേക്കു പാസ്, ക്യാപ്റ്റൻ അലക്സ് ഗ്രാനൈലിന്റെ ഷോട്ട്.ഇടങ്കാൽ. പന്തിനെ മെരുക്കാനോ മയക്കാനോ ശ്രമിക്കാതെ, കിട്ടിയപാടെ...

∙ ഗോൾ 4:  ഇടതുപാർശ്വത്തിലൂടെ കയറി വന്ന അദായി ബെനിറ്റസ് ബോക്സിനു പുറത്തു നിന്നു കാലിൽ പന്തെടുത്ത് ഒരു ചുവട് മുന്നോട്ടു കയറി മഴവില്ലുപോലെ ഒരു വോളിതൊടുത്തു.അനസ് എടത്തൊടിക തടയാൻ ശ്രമിച്ചത് ദേഹത്ത് തട്ടി പന്ത് വഴിമാറി.ഗോളിക്കു മുകളിലൂടെ വലയിലേക്ക്

∙ ഗോൾ 5:  പെനൽറ്റി ബോക്സിലെ ഫൗളിനെ തുടർന്ന് സ്പോട്ട് കിക്ക്.അലക്സ് ഗാർഷ്യക്ക് ലക്ഷ്യം പിഴച്ചില്ല.