Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ഗോൾ ലീഡ് കൈവിട്ട ബ്ലാസ്റ്റേഴ്സിന് തോൽവി; സൂപ്പർകപ്പിന് പുറത്ത്

NFC-Vs-KBFC-1 നെറോക്ക എഫ്സി–കേരളാ ബ്ലാസ്റ്റേഴ്സ് മൽസരത്തിൽനിന്ന്. (ചിത്രം: ട്വിറ്റർ)

ഭുവനേശ്വർ∙ രണ്ടു ഗോളിന്റെ ലീഡുമായി 70 മിനിറ്റു വരെ മുന്നേറുക. 12 മിനിറ്റിനിടെ മൂന്നു ഗോൾ വഴങ്ങി തോൽവിയേറ്റു വാങ്ങുക. ഐഎസ്എല്ലിൽ അടക്കാനാകാതെ പോയ കലിപ്പ്, സൂപ്പർകപ്പിൽ തീർക്കാനിറങ്ങിയ കേരളത്തിന് ഐ ലീഗ് ടീമായ നെറോക്ക എഫ്സിക്കെതിരെ ദയനീയ തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നെറോക്ക എഫ്സി ബ്ലാസ്റ്റേഴ്സിനെ കെട്ടുകെട്ടിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് കന്നി സൂപ്പർകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായി. മുന്നേറിയ നെറോക്ക എഫ്സിയാകട്ടെ ക്വാർട്ടറിൽ ഐഎസ്എൽ റണ്ണേഴ്സ് അപ്പായ ബെംഗളൂരു എഫ്സിയെ നേരിടും. കേരളത്തിനിന്നുള്ള ഗോകുലം കേരള എഫ്സിയെ തോൽപ്പിച്ചാണ് ബെംഗളൂരു ക്വാർട്ടറിൽ കടന്നത്.

ഭുവനേശ്വറിൽ നടന്ന വാശിയേറിയ മൽസരത്തിൽ രണ്ടു ഗോളിന്റെ ലീഡു നേടിയശേഷം ബ്ലാസ്റ്റേഴ്സ് മൽസരം കൈവിടുന്ന കാഴ്ച അത്യന്തം നിരാശപ്പെടുത്തുന്നതായിരുന്നു. 11–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മധ്യനിര താരം വിക്ടർ പുൾഗയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. ഈ ഗോളിന്റെ ആനൂകുല്യത്തിൽ ലീഡുമായി ഇടവേളയ്ക്കു കയറിയ ബ്ലാസ്റ്റേഴ്സിനായി 49–ാം മിനിറ്റിൽ മലയാളി താരം കെ.പ്രശാന്ത് ഉജ്വല ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടു ഗോൾ ലീഡുമായി മൽസരത്തിന്റെ 70 മിനിറ്റ് പൂർത്തിയാക്കിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ദയനീയ തോൽവി വഴങ്ങിയത്.

12 മിനിറ്റിനിടെ മൂന്നു ഗോൾ തിരിച്ചടിച്ച് നെറോക്ക എഫ്സി ബ്ലാസ്റ്റേഴ്സിനെ പിന്തള്ളുകയായിരുന്നു. 70–ാം മിനിറ്റിൽ ജീൻ ജൊവാക്കിമിലൂടെ ആദ്യ ഗോൾ മടക്കിയ നെറോക്ക എഫ്സി, 79–ാം മിനിറ്റിൽ വില്യംസിന്റെ ഹെഡർ ഗോളിലൂടെ മൽസരം സമനിലയിലാക്കി. പിന്നീട് മൂന്നു മിനിറ്റിനുള്ളിൽ പെനൽറ്റിയിലൂടെ മൂന്നാം ഗോളും നേടിയ അവർ വിജയത്തോടെ തിരിച്ചുകയറുകയും ചെയ്തു.

മൽസരത്തിലെ ഗോളുകൾ

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ: മധ്യനിര താരം പുൾഗ പെനൽറ്റിയിൽനിന്നു നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. 11–ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. സ്വന്തം ബോക്സിനുള്ളിൽ നെറോക്ക എഫ്സി താരം ഗുർമാംഗി സിങ് പന്തു കൈകൊണ്ടു തൊട്ടതിനാണ് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റി വിധിച്ചത്. കിക്കെടുത്ത പുൾഗ നെറോക്ക ഗോൾകീപ്പറിന് യാതൊരു അവസരവും നൽകാതെ പന്തു വലയിലാക്കി.

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ: മലയാളി താരം കെ. പ്രശാന്തിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിക്കുന്നു. 49–ാം മിനിറ്റിലാണ് പ്രശാന്ത് കന്നി സൂപ്പർകപ്പ് ഗോളുമായി വരവറിയിച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽനിന്ന് നിന്ന് പുൾഗ വഴി പന്ത് പെക്കൂസനിലേക്ക്. പെക്കൂസന്റെ നിലം പറ്റെയുള്ള ക്രോസിന് ഗോളിലേക്ക് വഴികാട്ടി പ്രശാന്ത്. ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു മുന്നിൽ.

നെറോക്കയുടെ ആദ്യ ഗോൾ: 70–ാം മിനിറ്റിൽ ആദ്യ ഗോൾ തിരിച്ചടിച്ച് നെറോക്ക എഫ്സി. ജീൻ ജൊവാക്കിമാണ് നെറോക്കയ്ക്കായി ലക്ഷ്യം കണ്ടത്. കോർണറിൽനിന്നു തുടക്കമിട്ട നീക്കത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ പന്തു ലഭിച്ച ജീൻ, മികച്ചൊരു വോളിയിലൂടെ ലക്ഷ്യം കണ്ടു. സ്കോർ 1–2

നെറോക്കയുടെ രണ്ടാം ഗോൾ: രണ്ടാം ഗോളുമായി നെറോക്ക വീണ്ടും. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തിയ നീക്കത്തിനൊടുവിൽ വില്യംസിലൂടെ നെറോക്കയ്ക്ക് സമനില ഗോൾ. മൽസരത്തിന് 79 മിനിറ്റ് പ്രായം. പ്രീതം സിങ്ങിന്റെ ക്രോസിന് തലവച്ച് നെറോക്കയ്ക്ക് സമനില സമ്മാനിക്കുന്ന വില്യംസ്. സ്കോർ 2–2.

നെറോക്കയുടെ മൂന്നാം ഗോൾ: രണ്ടു ഗോൾ പിന്നിൽനിന്നും മൂന്നു ഗോൾ തിരിച്ചടിച്ച് നെറോക്ക എഫ്സി മുന്നിലേക്കു വരുന്ന കാഴ്ച. 82–ാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ടു തടുത്ത വെസ് ബ്രൗണിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. നെറോക്കയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി ചിഡി വലയിലെത്തിച്ചതോടെ നെറോക്കയ്ക്ക് ലീഡ്. സ്കോർ 3–2

വിനീത്, പ്രശാന്ത് ആദ്യ ഇലവനിൽ

നേരത്തെ, മലയാളി താരങ്ങളായ സി.കെ. വിനീത്, കെ.പ്രശാന്ത് എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഇംഗ്ലിഷ് താരം പോൾ റച്ചൂബ്ക ഗോൾവല കാക്കുന്ന മൽസരത്തിൽ അരാത്ത ഇസൂമി, പുൾഗ എന്നിവരും ആദ്യ ഇലവനിൽ ഇടം കണ്ടെത്തി. ആദ്യ പകുതിയിൽ പരുക്കേറ്റ ക്യാപ്റ്റൻ സന്ദേശി ജിങ്കാൻ തിരിച്ചുകയറിയതോടെ മലയാളി താരം റിനോ ആന്റോയെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ കളിച്ചത്.