Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശാനും ടീമിനും ‘ചുവപ്പു കാർഡ്’; 3–0 വിജയത്തോടെ എഫ്സി ഗോവ പ്ലേ ഓഫിൽ

fc-goa ഗോള്‍ നേടിയ എഫ്സി ഗോവ താരങ്ങളുടെ ആഹ്ലാദം

ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് എഫ്സി ഗോവ പ്ലേ ഓഫിൽ കടന്നു. ഗോൾകീപ്പർ സുബ്രതോ പോൾ ചുവപ്പു കാർ‌ഡ് കണ്ട് ഏഴാം മിനിറ്റിൽത്തന്നെ പുറത്തായതിനാൽ പത്തു പേരുമായിട്ടായിരുന്നു നിർണായക മൽസരത്തിൽ ജംഷഡ്പുരിന്റെ പോരാട്ടം. ഫെറാൻ കോറോ (29, 51), ലാന്‍സറോട്ടെ (69) എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്.

74–ാം മിനിറ്റിൽ ഗോവൻ ഗോൾ കീപ്പർ നവീൻ കുമാറും ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഒൻപതാം ജയത്തോടെ 18 മൽസരങ്ങളിൽനിന്ന് 30 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ഗോവയുടെ സെമി പ്രവേശനം. ഐഎസ്എല്ലിൽ നിന്നു പുറത്തായെങ്കിലും ടൂർണമെന്റിലെ അഞ്ചാം സ്ഥാനക്കാരെന്ന നിലയിൽ ജംഷഡ്പുരിന് സൂപ്പർകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.

പ്ലേ ഓഫ് ലൈനപ്പ് ഇങ്ങനെ

ഇതോടെ ഐഎസ്എൽ നാലാം സീസണിലെ ഐഎസ്എൽ പ്ലേ ഓഫ് ലൈനപ്പായി. ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയും നാലാം സ്ഥാനക്കാരായ എഫ്സി പുണെ സിറ്റിയും തമ്മിലാണ് ആദ്യ സെമി. മാർച്ച് ഏഴിന് രാത്രി എട്ടിന് പുണെയുടെ തട്ടകത്തിലാണ് ആദ്യപാദം. ബെംഗളൂരുവിന്റെ തട്ടകത്തിലെ രണ്ടാം പാദം മാർച്ച് 11ന് രാത്രി എട്ടിനും നടക്കും.

രണ്ടാം സ്ഥാനക്കാരായ െചന്നൈയിൻ എഫ്സിയാണ് എഫ്സി ഗോവയുടെ എതിരാളി. മാർച്ച് പത്തിന് രാത്രി എട്ടു മണിക്ക് ഗോവയുടെ തട്ടകത്തിലാണ് ആദ്യപാദം. രണ്ടാം പാദം മാർച്ച് 13ന് രാത്രി എട്ടിന് ചെന്നൈയിൽ നടക്കും.