ലണ്ടൻ∙ പത്താം നമ്പർ ജഴ്സിയിലേക്കു മാറിയ ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മൽസരത്തിൽ പത്തരമാറ്റ് തിളക്കമുള്ള പ്രകടനവുമായി കളം നിറഞ്ഞ സാദിയോ മാനെയുടെ ഇരട്ടഗോൾ മികവിൽ, ലിവർപൂളിന് പുതിയ സീസണിൽ വിജയത്തുടക്കം. എതിരില്ലാത്ത നാലു ഗോളുകൾക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെയാണ് ലിവർപൂൾ കെട്ടുകെട്ടിച്ചത്. മറ്റൊരു മൽസരത്തിൽ കരുത്തരായ ആർസനിലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും വിജയത്തുടക്കമിട്ടു. അതേസമയം, സതാംപ്ടനും ബേൺലിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സീസണിലെ ആദ്യ ഗോൾരഹിത സമനിലയാണിത്.
റഹിം സ്റ്റെർലിങ് (14), ബെർണാഡോ സിൽവ (64) എന്നിവർ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആർസനലിനെ മുട്ടുകുത്തിച്ചത്. ആദ്യപകുതിയിൽ ഭാഗ്യം കൂടി തുണച്ചതുകൊണ്ടാണ് ആർസനലിന്റെ വലയിലെത്തിയ ഗോളെണ്ണം ഒന്നിൽ ഒതുങ്ങിയത്. രണ്ടാം പകുതിയിൽ ഭേദപ്പെട്ട കളി പുറത്തെടുത്തെങ്കിലും ലക്ഷ്യം കാണാനാകാതെ പോയതും ഉനായ് എമെറിയുടെ ടീമിന് തിരിച്ചടിയായി. ആർസീൻ വെംഗർക്കുശേഷം ആർസനൽ പരിശീലകസ്ഥാനം ഏറ്റെടുത്ത എമെറിക്ക് ഇതോടെ പ്രീമിയർ ലീഗിൽ തോൽവിത്തുടക്കം.
ആദ്യ മൽസരത്തിൽ നാലു ഗോളുകൾക്ക് ജയിച്ചതോടെ പോയിന്റ് പട്ടികയിൽ ചെൽസിയെ മറികടന്ന് ലിവർപൂൾ മുന്നിലെത്തി. ആദ്യ മൽസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ഈ സീസണിൽ ടീമിലെത്തിയ ഗോൾകീപ്പർ അലിസൻ ബക്കർ, നബി കെയ്റ്റ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ലിവർപൂൾ പരിശീലകൻ ആദ്യ മൽസരത്തിന് ടീമിനെ ഇറക്കിയത്. അതേസമയം, സ്വിസ് താരം ഷെർദാൻ ജാക്കിരി പകരക്കാരനായി രണ്ടാം പകുതിയിലും കളത്തിലിറങ്ങി.
സൂപ്പർതാരം മുഹമ്മദ് സലായാണ് ലിവർപൂളിനായി ഗോളടി തുടങ്ങിയത്. 19–ാം മിനിറ്റിൽ ഫിർമീനോയുടെ പാസിൽനിന്നായിരുന്നു സലായുടെ ആദ്യഗോൾ. പിന്നാലെ ആദ്യപകുതിയുടെ ഇൻജുറി സമയത്തും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി രണ്ടു ഗോൾ നേടിയ സാദിയോ മാനെ ലിവർപൂളിന്റെ ലീഡ് മൂന്നാക്കി. ആശ്വാസഗോൾ കണ്ടെത്താനുള്ള വെസ്റ്റ്ഹാമിന്റെ ശ്രമങ്ങൾക്കിടെ 88–ാം മിനിറ്റിൽ ഡാനിയൽ സ്റ്റുറിഡ്ജ് ഗോൾപട്ടിക പൂർത്തിയാക്കി.