ലിസ്ബൺ ∙ ലോകകപ്പിനു യോഗ്യത നേടാനാവാത്ത അന്നു മുതലുള്ള കഷ്ടപ്പാട് ഇറ്റലിയെ വിട്ടൊഴിയുന്നില്ല. യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മൽസരത്തിൽ പോർച്ചുഗൽ ഇറ്റലിയെ 1–0നു തോൽപ്പിച്ചു. ആന്ദ്രെ സിൽവയാണ് വിജയഗോൾ നേടിയത്. കഴിഞ്ഞ വാരം പോളണ്ടിനോട് ഇറ്റലി 1–1 സമനില വഴങ്ങിയിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുനിന്നിട്ടും അതിന്റെ കുറവ് കാണിക്കാതെയാണ് പോർച്ചുഗൽ ഇറ്റലിയെ വീഴ്ത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രുമയുടെ ക്രോസ് സ്വീകരിച്ചാണ് സിൽവ ഗോൾ നേടിയത്. ആദ്യ പകുതിയിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയെങ്കിലും ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മയുടെ മികച്ച പ്രകടനം ഗോൾ ഒഴിവാക്കി. ബെർണാഡോ സിൽവയുടെ ഒരു ശ്രമം ഗോൾലൈനിൽ അലെസ്സിയോ റൊമാഗ്‌നോലി രക്ഷപ്പെടുത്തുകയും ചെയ്തു. പോളണ്ടിനെതിരെ കളിച്ച ടീമിൽ നിന്ന് ഏഴു മാറ്റങ്ങളുമായാണ് ഇറ്റലി കോച്ച് റോബർട്ടോ മാൻചീനി ടീമിനെ ഇറക്കിയത്.
മറ്റു കളികളിൽ തുർക്കി 3–2ന് സ്വീഡനെയും സ്കോട്‌ലൻഡ് 2–0ന് അൽബേനിയയെയും തോൽപ്പിച്ചു. ടീമിന്റെ ആദ്യ രാജ്യാന്തര സൗഹൃദ മൽസരത്തിൽ കൊസൊവോ 2–0ന് ഫറോ ദ്വീപിനെ തോൽപ്പിച്ചു.