Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾ വരൾച്ച അവസാനിച്ചു; മൊറാട്ട കണ്ണീരണിഞ്ഞു

Europa League - Chelsea v Vidi FC ഗോൾ നേടിയ ചെൽസി താരം മൊറാട്ടയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

പാരിസ് ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബുകളായ ചെൽസിക്കും ആർസനലിനും ജയം. ഹംഗേറിയൻ ക്ലബായ വിഡിക്കെതിരെ അൽവാരോ മൊറാട്ടയുടെ ഗോളിലായിരുന്നു ചെൽസിയുടെ 1–0 ജയം. ആർസനൽ അസർബെയ്ജാൻ ക്ലബ് ക്വാരബാഗിനെ 3–0നു തോൽപ്പിച്ചു. എസി മിലാൻ, ബയെർ ലെവർക്യൂസൻ എന്നിവരും ജയം കണ്ടു. ആദ്യ പകുതിയിൽ നഷ്ടമാക്കിയ സുവർണാവസരത്തിനു പ്രായശ്ചിത്തം ചെയ്താണ് മൊറാട്ട 70–ാം മിനിറ്റിൽ ഗോളടിച്ചത്. ഓഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് സ്പാനിഷ് താരം ഗോൾ നേടുന്നത്. കണ്ണീരണിഞ്ഞാണ് മൊറാട്ട ഗോളിനെ ആഘോഷിച്ചത്. പകരക്കാരനായി ഇറങ്ങിയ റോസ് ബർക്‌ലിയുടെ ഹെഡർ ക്രോസ് ബാറിലിടിച്ചതും ചെൽസിയുടെ ജയം ചെറിയ മാർജിനിൽ ഒതുക്കി. വിഡി താരം ഇസ്ത്വാൻ കോവാക്സിന്റെ ഷോട്ട് മിന്നും സേവിലൂടെ രക്ഷപ്പെടുത്തി കെപ അരിസബലാഗ ചെൽസിയെയും കാത്തു. 

ക്വാരബാഗിനെതിരെ അനായാസമായ വിജയമായിരുന്നു ആർസനലിന്റേത്. നാലാം മിനിറ്റിൽ സോക്രട്ടീസ് ഗണ്ണേഴ്സിന്റെ ആദ്യ ഗോൾ നേടി. എമിലി സ്മിത്ത് റോ, മാറ്റിയോ ഗുയെൻഡൗഷി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിനെതിരെ ലീഡ് നേടിയ ശേഷമാണ് സ്കോട്ടിഷ് ക്ലബ് സെൽറ്റിക് 1–3നു തോറ്റത്. എന്നാൽ ഏഴു വട്ടം യൂറോപ്യൻ ചാംപ്യൻമാരായിട്ടുള്ള എസി മിലാൻ ഒളിംപിയാക്കോസിനെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ച് 3–1നു ജയിച്ചു. മുൻ ലിവർപൂൾ താരം സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് റാപ്പിഡ് വിയെന്നയെ 3–1നു തോൽപ്പിച്ചു. നിലവിലെ റണ്ണർ അപ്പായ ഫ്രഞ്ച് ക്ലബ് മാഴ്സെ രണ്ടു ഗോൾ ലീഡ് തുലച്ച് സൈപ്രസ് ക്ലബ് അപോളോൻ ലിമാസോളുമായി 2–2 സമനില വഴങ്ങി.