റിയാദ് (സൗദി അറേബ്യ) ∙ മെസ്സിയില്ലാത്ത, സൂപ്പർ താരങ്ങളില്ലാത്ത അർജന്റീനയ്ക്ക് ഇറാഖിനെതിരെ 4–0 വിജയം. രാജ്യാന്തര സൗഹൃദമൽസരത്തിൽ ഇടക്കാല പരിശീലകൻ ലയണൽ സ്കാലോനി അവതരിപ്പിച്ച പുതുമുഖങ്ങളുടെ ടീം അനായാസമാണു വിജയിച്ചു കയറിയത്. ഗോൾകീപ്പർ സെർജിയോ റൊമേരിയോ, ഡിഫൻഡർ റാമിറോ ഫ്യൂനസ് മോറി, സ്ട്രൈക്കർ പൗലോ ഡിബാല എന്നിവർ മാത്രമായിരുന്നു ടീമിലെ പരിചയസമ്പന്നർ. ഇന്റർമിലാൻ താരം ലൗറ്റാരോ മാർട്ടിനെസ്, റോബർടോ പെരേര, ഡിഫൻഡർ ജർമൻ പെസ്സെല്ല, ഫ്രാങ്കോ സെർവി എന്നിവരാണു ഗോളടിച്ചത്. ബ്രസീലിനെതിരെ ചൊവ്വാഴ്ചയാണ് അർജന്റീനയുടെ അടുത്ത മൽസരം.
ലോകചാംപ്യന്മാരായ ഫ്രാൻസ് ഐസ്‌ലൻഡിനോടു തോൽവി വഴങ്ങാതെ കഷ്ടിച്ചു രക്ഷപ്പെട്ടു. രണ്ടു ഗോളിനു പിന്നിൽനിന്ന ഫ്രാൻസിനെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കിലിയൻ എംബപെയുടെ മികവിൽ ഫ്രാൻസ് 2–2 സമനിലയിൽ പിടിച്ചു.
ലോകകപ്പിലെ മോശം പ്രകടനം മറക്കാൻ ശ്രമിക്കുന്ന സ്പെയിൻ 4–1നു വെയ്ൽസിനെ തോൽപിച്ചു. ബോറൂസിയ ഡോർട്മുണ്ട് താരം പാസോ അൽകാസെർ (2), ക്യാപ്റ്റൻ സെർജിയോ റാമോസ്, ഡിഫൻഡർ മാർക് ബർത്ര എന്നിവർ ഗോൾ നേടി. ഹാമിഷ് റോഡ്രിഗസിന്റെ മികവിൽ കൊളംബിയ 4–2നു യുഎസ്എയെ തോൽപിച്ചു.
അമ്മയുടെ മരണം അറിയാതെ റെസാൻ
ബഗ്ദാദ് ∙ ഫുട്ബോൾ വമ്പന്മാരായ അർജന്റീനയ്ക്കെതിരെ ഇറാഖ് താരം ബാഷർ റെസാൻ കളിക്കുന്നതിനിടെയാണ് താരത്തിന്റെ അമ്മ ബഗ്ദാദിലെ വീട്ടിൽ മരണമടഞ്ഞെന്ന വാർത്ത ഇറാഖ് ടീം മാനേജ്മെന്റ് അറിഞ്ഞത്. റെഷാനെ ഇക്കാര്യം അറിയിക്കേണ്ട എന്നാണ് അധികൃതർ അദ്യം തീരുമാനിച്ചത്. എന്നാൽ 70–ാം മിനിറ്റിൽ റെസാനെ പിൻവലിച്ച അധികൃതർ അമ്മയുടെ മരണവിവരം താരത്തെ അറിയിച്ചു. പിന്നാലെ, റെസാൻ ഇറാഖിലേക്കു മടങ്ങുകയും ചെയ്തു.