സെന്റ് പീറ്റേഴ്സ്ബർഗ് ∙ ലയണൽ മെസ്സി.. മാർക്കോസ് റോഹോ... അനിവാര്യമായ വിജയം അർജന്റീനയ്ക്കു വേണ്ടി പിടിച്ചെടുത്തത് ഈ വീരനായകർ. ആദ്യന്തം നാടകീയത നിറഞ്ഞ മൽസരത്തിൽ നൈജീരിയയുടെ പോരാട്ടവീര്യത്തെ പ്രതിഭാസ്പർശത്തിലുടെ മറികടന്ന് അർജന്റീന നോക്കൗട്ടിലേക്ക്. മെസ്സിയുടെ മിന്നുന്ന വലംകാലൻ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ നൈജീരിയയുടെ സമനിലഗോളിലൂടെ മങ്ങിയതിനു പിന്നാലെയാണ് റോഹോയുടെ ഗോൾ, വിജയവും പ്രീക്വാർട്ടർ യോഗ്യതയും പിടിച്ചെടുത്തത്.
14–ാം മിനിറ്റിലാണ് മെസ്സി അർജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51–ാം മിനിറ്റിൽ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടർ മോസസ് സൂപ്പർ ഈഗിൾസിനെ ഒപ്പമെത്തിച്ചു. 86–ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോൾ. ഗ്രൂപ്പ് ഡിയിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായ അർജന്റീന 30ന് വൈകിട്ട് 7.30ന് ഫ്രാൻസിനെ നേരിടും.
റോസ്റ്റോവിൽ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ, ക്രൊയേഷ്യ 2–1ന് ഐസ്‌ലൻഡിനെ തോൽപിച്ചു. 53–ാം മിനിറ്റിൽ മിലൻ ബാഹേൽജും 90–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചുമാണു ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. 76–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നു സിഗുർദസൻ ഐസ്‌ലൻഡിനായി ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ ജൂലൈ ഒന്നിനു രാത്രി 11.30ന് ഡെന്മാർക്കിനെ നേരിടും.
അർജന്റീന– നൈജീരിയ മൽസരം വിഡിയോ സ്റ്റോറി കാണാം
ആദ്യപകുതിയിൽ അർജന്റീനയുടെ സമഗ്രാധിപത്യം. രണ്ടാം പകുതിയിൽ മിന്നുന്ന പോരാട്ടം. അർജന്റീനയ്ക്ക് എല്ലാം ഭദ്രമെന്നു തോന്നിച്ച ഘട്ടത്തിൽ ഹവിയർ മഷരാനോയുടെ വലിയ പിഴവാണ് കളി നാടകീയമാക്കിയത്. കോർണർ കിക്കിനിടെ അനാവശ്യമായ ഫൗളിലൂടെ മഷരാനോ വഴങ്ങിയ പെനൽറ്റി നൈജീരിയയ്ക്കു പിടിവള്ളിയായി. വിക്ടർ മോസസിന്റെ ഗോളിൽ സ്കോർ 1–1.
വിജയികളുടെ ശരീരഭാഷയോടെ ആഞ്ഞടിച്ച അർജന്റീന, ആദ്യ രണ്ടു മൽസരങ്ങളിൽ നിന്നു വ്യത്യസ്തമായ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങൾ കോർത്തിണക്കി. വലതു വിങ്ങിൽനിന്ന് ഗബ്രിയേൽ മെർക്കാദോയുടെ ക്രോസിൽ നിന്നു റോഹോ വിജയഗോൾ നേടിയതോടെ ഗാലറിയിൽ ആരവവും തുടങ്ങി.
വ്യത്യസ്തമായ ശൈലിയിലാണ് ഇന്നലെ അർജന്റീന തുടങ്ങിയത്. മധ്യനിരയിൽ എവർ ബനേഗ നീക്കങ്ങളുടെ സൂത്രധാരനായപ്പോൾ മുൻനിരയിൽ ഏയ്ഞ്ചൽ ഡി മരിയയും മെസ്സിക്കു മികച്ച പങ്കാളികളായി. ആദ്യത്തെ കാൽ മണിക്കൂറിൽ അഹമ്മദ് മൂസയുടെ മുന്നേറ്റം അർജന്റീന ബോക്സിൽ നേരിയ ഭീഷണി ഉയർത്തി. മെസ്സിയുടെ ഗോളിനു ശേഷം സമ്മർദത്തിലായ നൈജീരിയ അർജന്റീനയുടെ മേൽക്കോയ്മയ്ക്കു മുന്നിൽ നിസ്സഹായരായി.
ഗോളുകൾ വന്ന വഴി
∙ മെസ്സി (അർജന്റീന) - 14–ാം മിനിറ്റ്
സ്വന്തം പകുതിയിൽനിന്ന് നൈജീരിയൻ ഡിഫൻഡർമാർക്ക് മുകളിലൂടെ എവർ ബനേഗയുടെ ഹൈ ബോൾ. വലതു ഫ്ലാങ്കിലൂടെ പറന്നു കയറി മെസ്സി പന്ത് ആദ്യ ടച്ചിൽ പന്ത് നിയന്ത്രിച്ച്, ഇടതു കാൽ കൊണ്ട് തഴുകിയ ശേഷം തൊടുത്ത വലംകാലൻ ഷോട്ട് നൈജീരിയ ഗോളി ഫ്രാൻസിസി ഉസോഹെയെയും കടന്ന് വലയിലേക്ക്(1–0).
∙ വിക്ടർ മോസസ് (നൈജീരിയ) - 51–ാം മിനിറ്റ്
രണ്ടാം പകുതിയുടെ തുടക്കത്തിൽ നൈജീരിയയ്ക്ക് അനുകൂലമായ കോർണർക്കിനിടെ ഹവിയർ മഷരാനോ നൈജീരിയൻ താരം ലിയോൺ ബലോഗണ്ണിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് വിഎആർ സഹായത്തോടെയാണ് പെനൽറ്റി അനുവദിച്ചത്. കിക്കെടുത്ത ചെൽസി വിങ്ങർ വിക്ടർ മോസസിനു പിഴച്ചില്ല(1–1)
∙ റോഹോ (അർജന്റീന) - 86–ാം മിനിറ്റ്
അർജന്റീന വിജയ ഗോളിനു വേണ്ടി മരണക്കളി തുടരുന്നതിനിടെ വലതു ഫ്ലാങ്കിൽനിന്ന് വിങ് ബാക്ക് ഗബ്രിയേൽ മെർക്കാദോയുടെ ഉജ്വല ക്രോസ് നൈജീരിയൻ ബോക്സിലേക്ക്. ഓടിക്കറിയ റോഹോയുടെ ഉശിരൻ ഷോട്ട് വലയിലേക്ക് (2–1)