Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ഫുട്ബോളിൽ ഫ്രഞ്ച് വിപ്ലവം

റഷ്യയിൽ അരങ്ങേറിയ ലോകകപ്പ് ഫുട്ബോളിന്റെ മായികവേദിയിൽനിന്ന് ലോക ചാംപ്യന്മാരുടെ കിരീടവുമായി ഫ്രാൻസ് മടങ്ങുന്നു. ക്രൊയേഷ്യയ്ക്കെതിരെ നടന്ന ഫൈനലിൽ ആധികാരികമായ വിജയമാണ് ഫ്രാൻസ് നേടിയത്. 1998ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ജേതാക്കളായി 20 വർഷത്തിനുശേഷമുള്ള ഈ കിരീടധാരണത്തിൽ, അന്നത്തെ ടീമിന്റെ ക്യാപ്റ്റൻ ദിദിയെ ദെഷാം ഇത്തവണ പരിശീലകനായി കപ്പിൽ വീണ്ടും കൈപിടിച്ചത് കളിവിധിയുടെ മനോഹരമായ യാദൃച്ഛികതയുമായി. 

ഈ ലോകകപ്പിനു കളിക്കാൻ വന്ന 32 ടീമുകളിൽ ഏറ്റവും കരുത്തുറ്റ നിരയായിരുന്നു ഫ്രാൻസിന്റേത്. ഒരുവട്ടം ക്യാപ്റ്റനായി ലോകകപ്പ് ഫൈനലിന്റെ സമ്മർദത്തെ അതിജീവിച്ച ദിദിയെ ദെഷാമിന്റെ അനുഭവസമ്പത്തായിരുന്നു മറ്റൊരു നിർണായക ശക്തി. കളിച്ചു കിരീടം നേടിയ ഒരാൾക്ക് പരിശീലകനെന്ന നിലയ്ക്ക് ടീമിന് ഒട്ടേറെ കാര്യങ്ങളിൽ കരുത്തുപകരാൻ കഴിയും. അതാണു ഫൈനലിൽ ഉൾപ്പെടെ ഫ്രാൻസിന്റെ എല്ലാ കളികളിലും കണ്ടത്. 2006 ലോകകപ്പിലും 2016 യൂറോ കപ്പിലും ഫൈനൽ വരെയെത്തി നിരാശരായി മടങ്ങേണ്ടിവന്നതിന്റെ സങ്കടങ്ങളും ഫ്രാൻസ് ഇവിടെ കഴുകിക്കളഞ്ഞിരിക്കുന്നു. 

ഫ്രഞ്ച് ജനത ഈ വിജയം എല്ലാം മറന്ന് ആഘോഷിക്കുകയാണ്. ലോകകപ്പ് ടീമിൽ വിവിധ രാജ്യങ്ങളിൽനിന്നു കുടിയേറിയവരുടെ പിന്മുറക്കാരുണ്ട്. പല വർഗക്കാർ, പല നിറക്കാർ, വിവിധ ഭാഷകൾ സംസാരിക്കുന്നവർ എന്നിങ്ങനെ ലോകത്തിന്റെ തന്നെ പരിച്ഛേദമായി ഫ്രാൻസ് ടീമിനെ കാണാം. അങ്ങനെ നോക്കുമ്പോൾ ഈ ലോകകപ്പ് കിരീടം ഫ്രാൻസിനു മാത്രമല്ല, ലോകത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്ന് ആലങ്കാരികമായി പറയാം. ലോകത്തിന്റെ അതിരുകൾ മായിച്ചുകളഞ്ഞ കാൽപന്തുത്സവത്തിനു ചേരുന്ന പരിസമാപ്തിയും ഇതുതന്നെ.

അതേസമയം, 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യം ഫൈനലിന്റെ വിധിയിൽ പരാജിതരാകുമ്പോഴും തലയുയർത്തിയാണു മടങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനൊപ്പം തന്നെ ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചെറിയ വീഴ്ചകൾക്കുമുന്നിൽ ഹതാശരാവാതെ പൊരുതാൻ പ്രേരിപ്പിക്കുന്ന ആത്മവീര്യവും മാനസികബലവുമാണ് ക്രൊയേഷ്യയെ ഫൈനൽവരെയെത്തിച്ചത്. എത്ര വലിയ പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ പൊരുതിയാൽ നേട്ടമുറപ്പാണെന്ന വലിയ സന്ദേശം നമുക്കു മുന്നിൽ ബാക്കിയാക്കിയാണ് അവരുടെ മടക്കം.

അതിനൊപ്പം, ആവേശകരവും അവിസ്മരണീയവുമായ ഒട്ടേറെ കളിയോർമകളുമുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി യോഗ്യത നേടിയ 32 ടീമുകൾ, അവരുടെ വിജയപരാജയങ്ങൾ, അട്ടിമറികൾ, പുത്തൻ താരോദയങ്ങൾ. അർജന്റീന, ബ്രസീൽ, ജർമനി, സ്പെയിൻ തുടങ്ങിയ വൻമരങ്ങൾ വേഗംതന്നെ വീണു. ഇതിഹാസ താരങ്ങളായി ലോകം വാഴ്ത്തുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ തുടങ്ങിയവർ വലിയ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. 

സംഘാടന മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12 സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മൽസരങ്ങളാണു നടന്നത്. രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ റഷ്യയിലെ സംഘാടകരെ പ്രശംസിച്ചതു വാനോളമാണ്. ഈ ലോകകപ്പിൽ ആദ്യമായി നടപ്പാക്കിയ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം ഒട്ടേറെ വിവാദങ്ങളെയും കളത്തിനു പുറത്താക്കി. കളി കൂടുതൽ സുതാര്യവും സത്യസന്ധവുമായി. 

ഇന്ത്യ ഈ ലോകകപ്പ് വിജയം ശ്രദ്ധയോടെ കാണണം. 1956ലെ മെൽബൺ ഒളിംപിക്‌സിൽ സെമിഫൈനൽ വരെയെത്തിയതാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം. 1951ലും 1962ലും ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ സ്വർണം നേടിയതും നാംതന്നെ. നിലവാരമുള്ള കളിക്കളങ്ങളും അക്കാദമികളും മികച്ച ഫുട്ബോൾ സംസ്കാരവുമുണ്ടെങ്കിൽ ഇന്ത്യക്കും നേടാൻ കഴിയും, ലോക കിരീടം. ഫുട്‌ബോൾ കാണാനുള്ളതു മാത്രമല്ല, കളിക്കാനുള്ളതു കൂടിയാണ് എന്ന തിരിച്ചറിവിലേക്കും ദീർഘദർശിത്വമുള്ള ഇടപെടലുകളിലേക്കും പന്തടിച്ചു മുന്നേറാൻ നാം ഇനിയും വൈകിക്കൂടാ.