ഗുർപ്രീത്.. നീയാണു ഹീറോ! ഇന്നലത്തെ ഇന്ത്യ–ചൈന കളിയെക്കുറിച്ച് ഐ.എം. വിജയൻ

വിജയത്തിനു തുല്യമായ സമനിലയുമായി ഇന്ത്യ ചൈനയുടെ ഒളിംപിക്സ് സ്റ്റേഡിയത്തിൽ നിന്നു തിരിച്ചു കയറി. തല ഉയർത്തിത്തന്നെയാണ് ടീം ഇന്ത്യ ചൈനയുമായുള്ള കളി കഴിഞ്ഞു തിരിച്ചു വരുന്നത്. 

ഗുർപ്രീത് സിങ് സന്ധുവെന്ന ഇന്ത്യൻ ഗോൾകീപ്പറുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിനാണു മത്സരം സാക്ഷിയായത്. എത്ര മനോഹരമായാണ് അപകടമാകുന്ന പല ഷോട്ടുകളും നീക്കങ്ങളും ഗുർപ്രീത് ഇല്ലാതാക്കിയത്. എഴുന്നേറ്റു നിന്ന കയ്യടിച്ചു പോയ നിമിഷങ്ങൾ. ക്യാപ്റ്റന്റെ ആം ബാൻഡ് ലഭിച്ച സന്ദേശ് ജിങ്കാന്റെ ഊർജം അപാരമാണ്. നമ്മുടെ അനസ് കൂടി ജിങ്കാനൊപ്പം  ചേർന്നതോടെ പ്രതിരോധം കൂടുതൽ മികച്ചതായി. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രതിരോധ കൂട്ടായ്മ.   പരിശീലകൻ കോൺസ്റ്റന്റൈൻ എല്ലാവർക്കും അവസരം നൽകുന്നത് ശുഭസൂചകമാണ്.   സുനിൽ ഛേത്രിയും അഭിനന്ദനം അർഹിക്കുന്നു. ഛേത്രി നന്നായി കളിച്ചു. 

ഇനി റാങ്കിങ്ങിൽ 50 ൽ താഴെയുള്ള ടീമുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കണം. 1997ൽ ഞാനുൾപ്പെട്ട  സീനിയർ ടീമാണ് ചൈനയുമായി അവസാനം കളിച്ചത്. കൊച്ചിയിൽ നടന്ന നെഹ്റു കപ്പിന്റെ ആ മത്സരങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഒരു ലക്ഷത്തോളം പേരാണ് അന്നു ഗാലറിയിലുണ്ടായിരുന്നത്.