ബാർസിലോന∙ മിലാൻ ഡാർബിയിലെ ഭാഗ്യം ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനെ തുണച്ചില്ല. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാർസിലോനയോട് ഇന്ററിനു തോൽവി (2–0). 32–ാം മിനിറ്റിൽ ലൂയി സ്വാരെസിന്റെ ക്രോസിൽനിന്നു ഗോളടിച്ച റാഫിഞ്ഞ ബാർസയ്ക്കു ലീഡ് നൽകി. രണ്ടാം പകുതിയിൽ ജോർഡി ആൽബയുടെ ഗോളിൽ (83') ബാർസ ജയമുറപ്പിച്ചു. എസി മിലാനെതിരായ മിലാൻ ഡാർബി ഉൾപ്പെടെ 7 മൽസരങ്ങളിലെ തുടർവിജയത്തിനു ശേഷമാണ് ഇന്ററിന്റെ തോൽവി.
ആൻഫീൽഡിലെ പോരാട്ടത്തിൽ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായുടെ ഇരട്ട ഗോൾ (45',51') മികവിലാണ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെ ലിവർപൂൾ തകർപ്പൻ ജയം (4-0) സ്വന്തമാക്കിയത്. റോബർട്ടോ ഫിർമിനോ (20'), മാനെ (80') എന്നിവരും ലിവർപൂളിനായി ഗോളടിച്ചു.
രണ്ടാം പകുതിയുടെ അധിക സമയത്ത് ഏയ്ഞ്ചൽ ഡി മരിയയുടെ ഗോളാണു നാപ്പോളിക്കെതിരെ പിഎസ്‌ജിയെ തോൽവിയിൽ നിന്നു രക്ഷപ്പെടുത്തിയത് (2-2). ലോറെൻസോ ഇൻസിഗ്‌നെ (29') ഡ്രൈസ് മെർട്ടെൻസ് (77') എന്നിവർ നാപ്പോളിക്കായി ഗോൾ നേടിയപ്പോൾ മാരിയോ റൂയിയുടെ സെൽഫ് ഗോളും (61') പിഎസ്ജിയെ തുണച്ചു. പിഎസ്‌വി– ടോട്ടനം മൽസരം സമനിലയിലായി (2-2). ലൂക്കാസ് മൗറ (39'), ഹാരി കെയ്ൻ (54') എന്നിവർ ടോട്ടനത്തിനായി വലകുലുക്കിയപ്പോൾ ഹിർവിങ് ലൊസാനോ (29'), ലൂക്ക് ഡി യോങ് (87') എന്നിവർ പിഎസ്‌വിയ്ക്കായും ഗോളടിച്ചു. 79–ാം മിനിറ്റിൽ ടോട്ടനം ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ചുവപ്പുകാർഡ് കണ്ടു പുറത്തായി.