ലണ്ടൻ ∙ ഇംഗ്ലിഷ് ക്ലബ്ബുകളായ ആർസനലും ചെൽസിയും യൂറോപ്പിലെ രണ്ടാംനിര കിരീടപ്പോരാട്ടമായ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഗ്രൂപ്പ് റൗണ്ടിൽ സ്പോർടിങ്ങിനെ ആർസനൽ ഗോൾരഹിത സമനിലയിൽ പിടിച്ചപ്പോൾ ചെൽസി 1–0നു ബേറ്റ് ബോറിസോവിനെ കീഴടക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ച് ക്ലബ് ഒളിംപിക് മാഴ്സൈ തോറ്റു പുറത്തായി.
ജർമൻ ക്ലബ് എൻട്രാച്റ്റ് ഫ്രാങ്ക്ഫുർട്, ബയേർ ലെവർക്യൂസൻ, ഇറ്റാലിയൻ ക്ലബ് ലാസിയോ, സ്വിസ് ക്ലബ് എഫ്സി സൂറിക്ക്, യുക്രെയ്ൻ ക്ലബ് ഡൈനമോ സഗ്രേബ് എന്നിവയും അവസാന 32 ടീമുകളുടെ പട്ടികയിൽ ഇടം പിടിച്ചു. നോക്കൗട്ട് റൗണ്ടിലെ ടീമുകളുടെ മൽസരക്രമം നറുക്കെടുപ്പ് യുവേഫ ആസ്ഥാനത്തു 17നു നടക്കും.
കളിക്കിടെ ഗുരുതര പരുക്കേറ്റ ആർസനൽ സ്ട്രൈക്കർ ഡാനി വെൽബെക്ക് ആഴ്ചകളോളം കളത്തിനു പുറത്തിരിക്കും. കാൽക്കുഴയ്ക്കു പരുക്കേറ്റ ഇംഗ്ലിഷ് താരത്തിന് ഓക്സിജൻ നൽകിയാണു സ്ട്രെക്ചറിൽ ഗ്രൗണ്ടിനു പുറത്തേക്കു മാറ്റിയത്. യുഎസിനെതിരെ നടക്കുന്ന സൗഹൃദ മൽസരത്തിനും ക്രൊയേഷ്യയ്ക്ക് എതിരായ നേഷൻസ് ലീഗ് മൽസരത്തിനുമുള്ള ഇംഗ്ലണ്ട് ടീമിൽ ഡാനി വെൽബെക്കിനെ ഉൾപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണു സംഭവം.