മിലാൻ∙ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ തോൽവിയുടെ ക്ഷീണത്തിൽ നിന്നു യുവെന്റസ് കരകയറി. ഇറ്റാലിയൻ സെറി എ ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെയും മാരിയോ മാൻസൂക്കിച്ചിന്റെയും ഗോളുകളിൽ യുവെന്റസ് 2–0ന് എസി മിലാനെ തോൽപ്പിച്ചു. മിലാന്റെ സൂപ്പർ താരം ഗൊൺസാലോ ഹിഗ്വയിൻ പെനൽറ്റി നഷ്ടമാക്കിയതും പിന്നീട് ചുവപ്പുകാർഡ് കണ്ടതും മൽസരത്തെ സംഭവബഹുലമാക്കി. എട്ടാം മിനിറ്റിൽ സാൻ സിറോ സ്റ്റേഡിയത്തെ ആവേശത്തിലാക്കി മാൻസൂകിച്ച് ഹെഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. 81 ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. എട്ട് പോയിന്റിന്റെ ലീഡിലാണ് യുവെന്റസ് ഇപ്പോൾ.
യുണൈറ്റഡിൽ നിന്നേറ്റ സീസണിലെ ആദ്യ തോൽവിയുടെ ഷോക്കിലായിരുന്നു ടീം. അതിൽ നിന്നു മുക്തരാകാൻ ഈ വിജയത്തിനു കഴിഞ്ഞുവെന്ന് കോച്ച് മാസിമിലിയാനോ അലെഗ്രി പറഞ്ഞു. ഒരു ഗോൾ പോലും വഴങ്ങാതെ വിജയിക്കാൻ കഴിഞ്ഞതും നേട്ടമായി കോച്ച് എടുത്തുപറഞ്ഞു. ഈ തോൽവിയോടെ എസി മിലാൻ ലീഗിൽ ലാസിയോക്കും പിന്നിലായി. ഇടവേളയ്ക്കു മുൻപു ലഭിച്ച പെൻൽറ്റി ഗോളാക്കാൻ ഹിഗ്വയിനു കഴിഞ്ഞില്ല. നിരാശയിൽ റഫറിയോടു തട്ടിക്കയറിയ ഹിഗ്വയിൻ ചുവപ്പുകാർഡ് കണ്ടു പുറത്തുമായി.