ഛേത്രിയുടെ ‘പകരക്കാരനായി’ യുവതാരം; ‘ഇന്ത്യൻ നെയ്മർ’ തട്ടാൽ റിട്ടേൺസ്!

കോമൾ തട്ടാൽ (ഫയൽ ചിത്രം)

ഭാവിയിലേയ്ക്കു നോക്കിയൊരു ‘ലോങ് പാസ്’ – ജോർദാനെതിരായ മൽസരത്തിനുള്ള ടീം ഇന്ത്യയുടെ ക്യാംപിലേയ്ക്കു കോമൾ തട്ടാൽ കടന്നുവരുമ്പോൾ ഇതിലേറെ യോജിക്കുന്നൊരു വിശേഷണം വേറെയുണ്ടാകില്ല. പതിനെട്ടിന്റെ പടവ് കടക്കാത്ത പയ്യൻ താരം എന്ന നിലയ്ക്കു മാത്രമല്ല ദേശീയ ടീമിന്റെ വിളി കോമളിന്റെ കാര്യത്തിൽ ഒരു മുഴം നീട്ടിയെറിഞ്ഞ നീക്കമാകുന്നത്.

ആകാശം മുട്ടുന്ന പ്രതീക്ഷകളുമായി വരവ് അറിയിച്ച ശേഷം പൊടുന്നനെ അവഗണനയുടെ നിഴലിൽ വീണുപോയ കൗമാരതാരത്തിനു കിട്ടിയ മൃതസഞ്ജീവനി കൂടിയാണ് ഈ തീരുമാനം. 

∙ വരവും വീഴ്ചയും

കാൽപന്തിന്റെ ലോകത്തു പുത്തൻ സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്ന ഇന്ത്യൻ ഫുട്ബോളിൽ ഇത്രയേറെ ആഘോഷിക്കപ്പെട്ടു കടന്നുവന്നൊരു കൗമാരതാരം വേറെയുണ്ടാവില്ല. അണ്ടർ–17 ലോകകപ്പിൽ ചരിത്രം കുറിച്ച ഇന്ത്യൻ സംഘത്തിലെ പ്രധാനിയായാണു സിക്കിമിൽ നിന്നുള്ള പയ്യൻ വരവറിയിച്ചത്. ബ്രിക്സ് അണ്ടർ–17 ഫുട്ബോൾ ചാംപ്യൻഷിപ്പിൽ  ബ്രസീലിന്റെ വലയിൽ എല്ലാം തികഞ്ഞൊരു ഗോൾ അടിച്ചുകയറ്റിയ കോമൾ ലോകകപ്പിലെ ഇന്ത്യൻ വിസ്മയമാകുമെന്ന പ്രവചനങ്ങളായിരുന്നു എങ്ങും.

ലോക ഫുട്ബോളിലെ വൻമരങ്ങളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കൗട്ടിങ് റഡാറിൽ ഇടംനേടിയതിന്റെ തിളക്കം കൂടിയുണ്ടായിരുന്നു ലോകകപ്പ് അരങ്ങേറ്റത്തിന്. ലോകകപ്പ് ഭൂപടത്തിലേയ്ക്കു ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞിറങ്ങിയ യുഎസിനെതിരായ മൽസരം കോമൾ തട്ടാലിന്റെ ‘മൽസരം’ ആയി മാറുകയും ചെയ്തു. ടീം ഇന്ത്യ ലോകകപ്പിന്റെ മൈതാനത്തു ചരിത്രം കുറിക്കുമ്പോൾ കൈയടിപ്പിക്കുന്ന ഇന്റർസെപ്ഷനും വശീകരിക്കുന്ന ഡ്രിബ്ലിങ്ങും അമ്പരപ്പിക്കുന്ന സ്പ്രിന്റുമെല്ലാമായി എതിരാളികളെ വെള്ളംകുടിപ്പിക്കുകയായിരുന്നു കൊച്ചുകോമൾ. 

യുഎസിനെ പോലെ കരുത്തുറ്റ എതിരാളികൾക്കെതിരെ ഗോൾ ഒഴികെയുള്ള എല്ലാ ആയുധങ്ങളും വിജയകരമായി തട്ടാൽ പരീക്ഷിച്ചെന്ന ഇന്ത്യൻ പരിശീലകൻ നോർട്ടൻ‌ ഡി മാറ്റോസിന്റെ വാക്കുകളിൽ തന്നെയുണ്ട് യുവനക്ഷത്രത്തിന്റെ തിളക്കം. എതിരാളികളെയും കാഴ്ചക്കാരെയും ഞെട്ടിച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ഇലവനിൽ നിന്നു കോമൾ തട്ടാൽ പുറത്തായ വാർത്തയാണു ഫുട്ബോൾ ലോകം കേട്ടത് .  യുഎസിനെതിരെ മിന്നും കളി പുറത്തെടുത്ത പയ്യനു പകരക്കാരുടെ നിരയിലായിരുന്നു പിന്നീടുള്ള ലോകകപ്പ്. കൊളംബിയ, ഘാന പോലെ ശരീരം കൊണ്ടുള്ള ഗെയിം കളിക്കുന്ന ടീമുകൾക്കെതിരെ തട്ടാൽ വിലപ്പോവില്ലെന്ന ഒഴുക്കൻ മറുപടിയിലൂടെയാണു ഡീ മാറ്റോസ് ആ ഒഴിവാക്കലിനെ ന്യായീകരിച്ചത്.

ഇന്നും അജ്‍ഞാതമാണ് കോമളിനെ കൈയൊഴിയാൻ കോച്ചിനെ പ്രേരിപ്പിച്ച കാരണങ്ങൾ. ടീമിനു ചേർന്നവനല്ലെന്നും തലക്കനം താരത്തെ കീഴടക്കിയെന്നും അച്ചടക്കം ഇല്ലാത്തവനെന്നുമുള്ള ആരോപണങ്ങൾ തലങ്ങും വിലങ്ങും പറന്നതോടെ കോമൾ എന്ന പ്രതിഭയുടെ ഭാവിയും ചോദ്യചിഹ്നമായി. പ്രതിഭ തെളിയിച്ചിട്ടും കോമളിനു പിന്നാലെ ഐഎസ്എൽ ടീമുകൾ പോലും ചെല്ലാത്ത സ്ഥിതി കൂടി വന്നതോടെ അകാലത്തിൽ അസ്തമിച്ച താരമെന്ന നിഴലിലായി ‘ഇന്ത്യൻ നെയ്മർ’ എന്നു വാഴ്ത്തപ്പെട്ട കൗമാരക്കാരൻ.

∙ കൈപിടിച്ച് കൊപ്പൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിന്റെ അവസാന നാളുകളിലാണ് കോമൾ തട്ടാലിന്റെ പേര് വീണ്ടും ഇന്ത്യൻ ഫുട്ബോൾ കേട്ടുതുടങ്ങിയത്. നിലവിലെ ജേതാക്കളായെത്തി നിറം മങ്ങിപ്പോയ എടികെയുടെ ക്ഷണം സ്വീകരിച്ചതോടെയാണു മുഖ്യധാരാ ഫുട്ബോളിലേയ്ക്കു താരം തിരിച്ചെത്തിയത്.  തിരിച്ചടികളിലും പരിശീലകരുടെ അഴിച്ചുപണിയിലും വലഞ്ഞ കൊൽക്കത്ത ടീമിൽ പകരക്കാരനായി ഒടുവിൽ കളത്തിലിറങ്ങാനും പതിനേഴുകാരന് അവസരം കിട്ടി. സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പുരിനെതിരെ ഇൻജ്വറി സമയത്തായിരുന്നു ആരും ശ്രദ്ധിക്കാതെ പോയ അരങ്ങേറ്റം. അഞ്ചാമൂഴത്തിൽ കോമളിനെ നിലനിർത്തിയ എടികെയുടെ തീരുമാനം ശരിവയ്ക്കുന്നതാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം. കാലു ഉചെയുടെ പിന്തുണക്കാരന്റെ റോളിൽ വിങ്ങുകളിലൂടെ പറന്നുകളിച്ച് അരങ്ങേറിയ കോമളിനു കൂടി അവകാശപ്പെട്ടതാണു ഡൽഹിക്കെതിരെ എടികെ നേടിയ ആദ്യജയം.

എമർജിങ് ഫുട്ബോളർ പുരസ്കാരനേട്ടത്തോടെ തുടങ്ങിയ കോമൾ ഇതുവരെ 5 മൽസരങ്ങളിൽ ബൂട്ട് കെട്ടി. ഒരു ഗോൾ സ്വന്തം പേരിലും കുറിച്ചുകഴിഞ്ഞ താരം എടികെയുടെ മധ്യത്തിലെ മുന്നണിപ്പോരാളിയായി മാറിക്കഴിഞ്ഞു. കരുത്തരായ ബെംഗളൂരുവിനെതിരായ മൽസരത്തിലായിരുന്നു കോമളിന്റെ ആദ്യ ഗോൾ. കീഴടക്കിയത് ഇന്ത്യൻ ഗോളി കൂടിയായ ഗുർപ്രീതിനെയും. ലാൻസറോട്ടെയും സാന്റോസും ഹാൽദറും പോലുള്ള സീനിയർ താരങ്ങൾ നിരക്കുന്ന എടികെ മധ്യത്തിലാണു പയ്യൻ കസറുന്നത്.  താരത്തിന്റെ പ്രതിഭയെക്കുറിച്ചും മികവിനെക്കുറിച്ചും സ്റ്റീവ് കൊപ്പലിനും നല്ലതേ പറയാനുള്ളൂ. ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാംപിലേയ്ക്കുള്ള കോമൾ തട്ടാലിന്റെ വരവിനു പിന്നിലും കൊപ്പൽ എന്ന ഫുട്ബോൾ ജീനിയസിന്റെ കഴിവും കരുതലും തന്നെ.

ഇതിഹാസതാരം സുനിൽ ഛേത്രിയുടെ പകരക്കാരനായുള്ള ആ സ്വപ്നവിളിയിൽ വീണ്ടും മിന്നിത്തുടങ്ങുകയാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിനക്ഷത്രം. വെറുതെയാകില്ല ഈ രണ്ടാം ജന്മമെന്നു വിളിച്ചോതുന്നുണ്ട് എടികെ ജഴ്സിയിലെ കോമളിന്റെ പ്രകടനം. ഉറപ്പിച്ചോളൂ, പടിഞ്ഞാറൻ സിക്കിമിലെ ടിംബെർബോങ് എന്ന ഗ്രാമത്തിൽ ജനിച്ച്, തുണിപ്പന്തിൽ കളി പഠിച്ചു വളർന്ന പയ്യൻ കൂട്ടംതെറ്റിയിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ ആ പേര് ഇന്ത്യൻ ഫുട്ബോളിന്റെ കൊടിയടയാളം ആകും. അരങ്ങേറ്റ അവസരത്തിലേതു പോലെ സുനിൽ ഛേത്രിയുടെ ‘പകരക്കാരൻ’ ആയി കോമൾ തട്ടാൽ ഇരമ്പിക്കയറുന്ന നാളുകളാകും വരാനിരിക്കുന്നത്.