ചെൽസിക്ക് ‘ചെക്ക്’വച്ച് ചെക്ക്; ആരാധകരും കലിപ്പിൽ: പ്രതിരോധക്കോട്ട തകർന്നു, ‘കലികാലം’!
ചെൽസിയുടെ പുതിയ ഉടമകൾക്ക് കീഴിൽ പടിയിറങ്ങുന്ന പ്രമുഖരുടെ നിരയിലേക്ക് ഇതിഹാസ താരം പീറ്റർ ചെക്കും ചേർന്നതോടെ ആരാധകർ കലിപ്പിൽ.
ചെൽസിയുടെ പുതിയ ഉടമകൾക്ക് കീഴിൽ പടിയിറങ്ങുന്ന പ്രമുഖരുടെ നിരയിലേക്ക് ഇതിഹാസ താരം പീറ്റർ ചെക്കും ചേർന്നതോടെ ആരാധകർ കലിപ്പിൽ.
ചെൽസിയുടെ പുതിയ ഉടമകൾക്ക് കീഴിൽ പടിയിറങ്ങുന്ന പ്രമുഖരുടെ നിരയിലേക്ക് ഇതിഹാസ താരം പീറ്റർ ചെക്കും ചേർന്നതോടെ ആരാധകർ കലിപ്പിൽ.
ചെൽസിയുടെ പുതിയ ഉടമകൾക്ക് കീഴിൽ പടിയിറങ്ങുന്ന പ്രമുഖരുടെ നിരയിലേക്ക് ഇതിഹാസ താരം പീറ്റർ ചെക്കും ചേർന്നതോടെ ആരാധകർ കലിപ്പിൽ. ‘ഈ പുതിയ ഉടമകളെ ഞാൻ ഭയക്കുന്നു. നിലവിലുള്ള ഘടന തകർത്ത് ക്ലബ്ബിന് അകത്തും പുറത്തും അറിയാവുന്നവരെ പുറത്താക്കുക മാത്രമാണ് ചെയ്യുന്നത്’. ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
ക്ലബ് ഇതിഹാസമായി കണക്കാക്കുന്ന മുൻ ഗോൾകീപ്പർ 2019 മുതൽ ബ്ലൂസിന്റെ സാങ്കേതിക, പ്രകടന ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കന്നു. സ്‌പോർട്ടിങ് ഡയറക്ടർ മറീന ഗ്രാനോവ്‌സ്കയ, ക്ലബ് ചെയർമാൻ ബ്രൂസ് ബക്ക് എന്നിവർക്ക് പിന്നാലെയാണ് ചെക്ക് ക്ലബ് വിടുന്നത്.
∙ ഇതു മാറ്റത്തിനുള്ള സമയം: ചെക്ക്
ചെൽസി പുറത്തിറക്കിയ പ്രസ്താവനയിൽ ചെക്ക് പറഞ്ഞു: ‘കഴിഞ്ഞ മൂന്ന് വർഷമായി ചെൽസിയിൽ ഈ വേഷം (സാങ്കേതിക, പ്രകടന ഉപദേഷ്ടാവ്) ചെയ്യാൻ സാധിച്ചത് ഒരു വലിയ ബഹുമതിയാണ്. ക്ലബ് പുതിയ ഉടമസ്ഥതയിലായതിനാൽ, മാറ്റത്തിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു. 'പുതിയ ഉടമകൾക്കൊപ്പം ക്ലബ്ബ് ഇപ്പോൾ മികച്ച നിലയിലാണെന്നതിൽ സന്തോഷമുണ്ട്, പിച്ചിലും പുറത്തും ക്ലബ്ബിന്റെ ഭാവയെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്.'
ചെക്കിന്റെ വിടവാങ്ങലിൽ, ചെയർമാനും സഹ ഉടമയുമായ ബോഹ്ലി പറഞ്ഞു: ‘ചെൽസി കുടുംബത്തിലെ ഒരു പ്രധാന അംഗമാണ് പീറ്റർ. ടീം വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങൾ മനസ്സിലാക്കുന്നു, ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾക്കും ക്ലബ്ബിനോടുമുള്ള പ്രതിബദ്ധതയ്ക്കും നന്ദി. ഞങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേരുന്നു’.
∙ മണ്ടൻ തീരുമാനം?
എന്നാൽ, ചെൽസി ആരാധകർ അവരുടെ ക്ലബിന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ‘തീർച്ചയായും ഒരു മോശം നീക്കം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ടുഹേൽ ഇഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹം പലവട്ടം പറഞ്ഞു.' മറ്റൊരാരാധകൻ ട്വീറ്റ് ചെയ്തു.
‘ടോഡ് ബോഹ്ലി ശരിക്കും വീട് വൃത്തിയാക്കുകയാണ്’. എന്നായിരുന്നു മറ്റൊരു നിരീക്ഷണം. ‘പുതിയ ഉടമസ്ർ വരുമ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടാകുമെന്ന് ഓർക്കണം, എങ്കിലു ക്ലബ് ഇതിഹാസമെന്ന നിലയിൽ ചെക്ക് ക്ലബ്ബിൽ തുടരണം’. –മറ്റൊരു ആരാധകൻ എഴുതി.
∙ ട്രാൻസ്ഫർ നീക്കങ്ങളുടെ തമ്പുരാൻ
വൻവിലയ്ക്ക് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നെത്തിച്ച കെപ അരിസബലാഗയുടെ ഗോൾപോസ്റ്റിലെ മണ്ടത്തരങ്ങൾ ക്ലബ്ബിനെ തോൽവികളിലേക്ക് തള്ളിയിട്ട കാലമുണ്ടായിരുന്നു ചെൽസിക്ക്.
പിന്നാലെ ചെറിയ തുകയ്ക്ക് ഫ്രഞ്ച് ലീഗിൽ നിന്ന് സെനഗൽ താരം എഡ്വേഡ് മെൻഡിയെ എത്തിച്ചത് പീറ്റർ ചെക്കിന്റെ ഉറപ്പിലായിരുന്നു. പോസ്റ്റിൽ നടത്തിയ അസാമാന്യ പ്രകടനത്തോടെ മെൻഡി ചെക്കിന്റെ തീരുമാനം ന്യായീകരിച്ചു.
ഇടക്കാലത്ത് ഫ്രാങ്ക് ലാംപാർഡ് പരിശീലകനായിരുന്ന സമയത്ത് ടീമിനൊപ്പം പരിശീലിച്ച് വേണ്ടി വന്നാൽ കളത്തിലിറങ്ങാന്‍ പോലും തയാറായിട്ടുണ്ട് ചെക്ക് റിപ്പബ്ലിക് – ചെൽസി ഇതിഹാസമായെ ചെക്ക്.
∙ വെറുതെ ‘കൊടുത്ത’ താരങ്ങൾ
അന്റോണിയോ റൂഡിഗർ, ചെൽസിയുടെ രണ്ടാം ചാംപ്യൻസ് ലീഗ് വിജയത്തിനു ചുക്കാൻ പിടിച്ച താരം. ആക്രമണങ്ങളുടെ മുനയൊടിക്കാനും പ്രത്യാക്രമണങ്ങൾ തുടങ്ങിവയ്ക്കാനും വേണമെങ്കിൽ എതിർതാരങ്ങളെ ഡ്രിബ്ൾ ചെയ്ത് കയറാനും മിടുക്കൻ. ചെൽസി കൈവിട്ടു കളഞ്ഞ താരങ്ങളിൽ ഒരാൾ മാത്രമാണിത്. കരാർ കാലാവധി പൂർത്തിയായതോടെ റയൽ മഡ്രിഡിലേക്ക് റൂഡിഗർ ചേക്കേറി.
ഏറെക്കാലം ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞ അസ്പിലിക്യൂട്ടയും ടീം വിട്ടേക്കും. വിങ് ബാക്ക് മാർക്കോസ് അലോൻസോയാണ് വിടപറയുന്ന മറ്റൊരു താരം. ഇരുവർക്കും ഒരു വർഷ കരാർ മാത്രമാണ് ബാക്കിയുള്ളത്.
പ്രതിരോധത്തിൽ റൂഡിഗറിനൊപ്പം കോട്ടകെട്ടിയ അന്ദ്രെയാസ് ക്രിസ്റ്റൻസനാണ് കൂട്ടിത്തിലെ മറ്റൊരു പേരുകാരൻ. ഒരു ചില്ലിക്കാശ് പോലും താരങ്ങളുടെയും ട്രാൻസ്ഫറിൽ നിന്നു ലഭിച്ചില്ലെന്നതും ക്ലബ്ബിനെ ക്ഷീണിപ്പിച്ചു. ക്രിസ്റ്റൻസൻ ബാർസിലോനയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
വൻ തുകയ്ക്ക് ലെസ്റ്റർ സിറ്റിയിൽ നിന്ന് എത്തിച്ച ഡാനി ഡ്രിങ്ക് വാട്ടർ, അക്കാദമി താരങ്ങളായ ചാർലി മസൂണ്ട, ജെയ്ക് ക്ലാക്ക് സ്ലേറ്റർ (ക്യുപിആറിലേക്ക്) എന്നിവരും ചെൽസി വിടുകയാണെന്ന് സ്ഥിരീകരണം വന്നിരുന്നു. ശതകോടികൾ മുടക്കി വാങ്ങിയ റൊമേലു ലുകാക്കു വായ്പ അടിസ്ഥാനത്തിൽ ഇന്റർമിലാനിലേക്കുതന്നെ തിരിച്ചുപോയി.
∙ വിറ്റവരെ ഓർത്ത് ദുഃഖിക്കാം
അക്കാദമി താരമായ ഫികിയോ ടൊമോറിയെ എസി മിലാന് കൈമാറുമ്പോൾ ചെൽസി താരക്കൊഴുപ്പിലും പകരക്കാരുടെ മികവിലും ലോകത്ത് മുൻനിരയിലായിരുന്നു. ഏതു പൊസിഷനിലും തിളങ്ങിക്കളിക്കുന്ന താരക്കുമ്പാരം സ്വന്തമായുള്ളവർ. വെറ്ററൻ താരം തിയഗോ സിൽവ കൂടി എത്തിയതോടെയാണ് ടൊമോറി ബാധ്യതയാണെന്ന് ചെൽസി ചിന്തിച്ചത്. എന്നാൽ അസ്പിലിക്യൂട്ടയും അലോൻസോയും കൂടുമാറിയാൽ സിൽവയല്ലാതെ എടുത്തു പറയാൻ പേരുകേട്ട മറ്റൊരു താരവും ചെൽസി പ്രതിരോധത്തിലില്ല.
ടൊമോറി ഇറ്റലിയിൽ എസി മിലാനൊപ്പം ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഇറ്റാലിയൻ ഇതിഹാസ താരങ്ങൾ പോലും പുകഴ്ത്തിയ താരത്തിന്റെ പ്രകടനം ചെൽസിയുടെ ബുദ്ധിമോശം വരച്ചിടുന്നു. ക്രിസ്റ്റൽ പാലസിന് വിറ്റ മാർക് ഗുയേഹിയും പുതിയ ക്ലബ്ബിനായി തകർത്തു കളിച്ച സീസണാണ് കടന്നുപോയത്. പ്രതിരോധനിരയിലേക്ക് 2–3 പുതിയ താരങ്ങളെ എത്തിക്കേണ്ട ഗതികേടിലേക്ക് ചെൽസിയെ എത്തിച്ചതും അക്കാദമി താരങ്ങളുടെ വിൽപന തന്നെ.
English Summary: Peter Cech too bids farewell to Chelsea under new ownership. Crisis boiling?