ബൈക്കിൽ പറക്കുന്ന ഇന്തൊനീഷ്യൻ പ്രസിഡന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കോടിച്ചെത്തുന്ന പ്രസിഡന്റിന്റെ വിഡിയോ ലോകമാകെ വൈറലായിക്കഴിഞ്ഞു. ഇന്തൊനീഷ്യയിലെ ഏറ്റവും ജനകീയനായ നേതാവ് എന്ന നിലയിലേക്കാണു പ്രസിഡന്റ് ജോക്കോ വിദോദോ വളർന്നിരിക്കുന്നത്. ജനങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ ‘ജൊക്കോവി’ എന്നു വിളിക്കുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ സ്നേഹം വോട്ടായി മാറിയാൽ ഒരുതവണ കൂടി അദ്ദേഹം രാജ്യം ഭരിക്കും.
പെട്ടെന്നൊരു ദിനം കൊണ്ടല്ല ജൊക്കോവി ഇന്നു കാണുന്ന ജൊക്കോവിയായത്.
പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയിൽനിന്നു രാജ്യത്തിന്റെ നേതാവിലേക്ക് ഏറെദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. ഇന്തൊനീഷ്യയിലെ ജാവയിലാണു ജൊക്കോവി ജനിച്ചത്. ‘മുൽയോനോ’ എന്ന പേരാണു പിന്നീടു ജോക്കോ വിദോദോ എന്നാക്കി മാറ്റിയത്. പേരുമാറ്റലൊക്കെ ഈ നാട്ടിൽ പതിവാണത്രെ. ഫോറസ്ട്രിയിൽ ബിരുദമെടുത്തശേഷം അദ്ദേഹം കരകൗശല മേഖലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. പക്ഷേ, അധികകാലം അവിടെ നിന്നില്ല. മുത്തച്ഛൻ നടത്തിയിരുന്ന ഫർണിച്ചർ വ്യവസായത്തിൽ കുറെക്കാലം തൊഴിലാളിയായി. അതിനുശേഷം സ്വന്തമായി പ്ലൈവുഡ് കമ്പനി തുടങ്ങി.
അതിവേഗം അദ്ദേഹത്തിന്റെ ബിസിനസ് വളർന്നു. ഒട്ടേറെ വിദേശരാജ്യങ്ങളിലേക്കു ജൊക്കോവിയുടെ ‘റാക്കബു’ കമ്പനിയുടെ പ്ലൈവുഡ് പറന്നു. വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. ആദ്യം സ്വന്തം നഗരമായ സുരക്കാർത്തയുടെ മേയറായി, 2005ൽ. എല്ലാ നഗരവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയും നഗരത്തെ മോടിപിടിപ്പിക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടും ജനകീയമുഖം സമ്പാദിച്ചു. നഗരപദ്ധതികളുടെ കരാർ ഏറ്റെടുക്കുന്നതിൽനിന്നു സ്വന്തം കുടുംബാംഗങ്ങളെ വിലക്കിയ അദ്ദേഹത്തിന്റെ നടപടി ജനശ്രദ്ധയാകർഷിച്ചു.
2012ൽ മത്സരിച്ചു ജക്കാർത്തയുടെ ഗവർണറായി. മുന്നറിയിപ്പില്ലാതെയുള്ള പരിശോധനകൾക്ക് അദ്ദേഹം അവിടെ നേരിട്ടു നേതൃത്വം നൽകി. സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. ഉടൻ നടപടിക്ക് ഉത്തരവിട്ടു. ചേരികൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം സിവിൽവേഷത്തിൽ രംഗത്തിറങ്ങി. 2014ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എത്തിയപ്പോൾ സുകാർണോയുടെ പുത്രി മേഘാവതി സുകാർണോപുത്രി തന്റെ പാർട്ടിയുടെ (ഇന്തൊനീഷ്യൻ ഡെമോക്രാറ്റിക് പാർട്ടി–പിഡിഐപി) സ്ഥാനാർഥിയായി ജൊക്കോവിയെ പ്രഖ്യാപിച്ചു.
50 ശതമാനത്തിലധികം വോട്ടു നേടിയാലേ ഇവിടെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകൂ. ജൊക്കോവി നേടിയത് 53.15 ശതമാനം. ഒട്ടേറെ വികസന പരിപാടികൾ നടപ്പാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര ശുഭകരമല്ലെന്നതാണു യാഥാർഥ്യം.
പ്രസിഡന്റിന്റെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്. ജനുവരിയിൽ അദ്ദേഹം സ്വന്തമാക്കിയ ബൈക്ക് വാർത്തയായിരുന്നു. ഇന്തൊനീഷ്യയിലെ ഒരു സ്ഥാപനമാണു ജൊക്കോവിക്കായി ഈ സ്വർണ ബൈക്ക് രൂപകൽപന ചെയ്തത്. ബൈക്കോടിക്കൽ ഹരമാക്കിയ പ്രസിഡന്റ് ഇടയ്ക്കിടെ അതിൽ സഞ്ചരിക്കാറുമുണ്ട്. അതിന്റെ വിലയെത്രയെന്നോ? 14 കോടി ഇന്തൊനീഷ്യൻ റുപ്പയ (ഏകദേശം ആറരലക്ഷം രൂപ).