Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഏഷ്യൻ ഗെയിംസ്? ഏഷ്യൻ ഗെയിംസ് ചരിത്രത്തിലൂടെ ഒരു യാത്ര...

sondhi-nehru-asian-games ഏഷ്യൻ ഗെയിംസിന്റെ പിതാവ് പ്രഫ. ഗുരുദത്ത് സോന്ദി, ന്യൂഡൽഹിയിൽ നടന്ന 1951ലെ പ്രഥമ ഏഷ്യൻ ഗെയിംസ് വേദിയിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു.

ഏഷ്യൻ രാജ്യങ്ങളുടെ ഒളിംപിക്‌സാണ് ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ്. ഏഷ്യയിലെ ഏറ്റവും വലിയ കായികമാമാങ്കമാണ് ഈ മഹാമേള. നാലുവർഷത്തിലൊരിക്കൽ ഏഷ്യൻ ഗെയിംസ് നടക്കുന്നു. 1951ൽ ന്യൂഡൽഹിയിൽ തുടക്കംകുറിച്ച ഈ മേള ഒരിക്കൽപ്പോലും മാറ്റിവെയ്‌ക്കേണ്ടിവന്നിട്ടില്ല എന്നതിൽനിന്നും ഇതിന്റെ മാഹാത്മ്യം മനസിലാക്കാം. നാളിതുവരെ പതിനെട്ടു മേളകൾ നടന്നുകഴിഞ്ഞു. 

ഏറ്റവും കുടുതൽ തവണ ഏഷ്യാഡ് അരങ്ങേറിയ നഗരം എന്ന റെക്കോർഡ് തായ്‌ലൻഡിന്റെ തലസ്‌ഥാനമായ ബാങ്കോക്കിന് അവകാശപ്പെട്ടതാണ് . നാലു തവണ ഇവിടെ ഗെയിംസ് നടന്നിട്ടുണ്ട്-  1966, 1970, 1978, 1998 എന്നീ വർഷങ്ങളിൽ. ഇന്ത്യ രണ്ടു  തവണ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളി– 1951ലും 1982ലും (ന്യൂഡൽഹി).\

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയാണ് (മുൻപ് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ) ഓരോ മേളയും സംഘടിപ്പിക്കുന്നത്. ഏഷ്യൻ  ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കിയ രാജ്യം ചൈനയാണ്. അടുത്ത മേള 2022ൽ ചൈനയിലെ ഹാങ്ഷൂവിൽ നടക്കും.

∙ ഏഷ്യൻ ഗെയിംസിന്റെ ചരിത്രം

ഏഷ്യൻ രാജ്യങ്ങൾക്കായി ഒരു ലോകോത്തര കായികമേള എന്ന ആശയത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ആ ശ്രമങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ തുടക്കം കുറിച്ചിരുന്നു. ഒളിംപിക്‌സിന്റെ മാതൃകയിൽ ഏഷ്യയിലെ രാജ്യങ്ങൾക്കായി ഒരു ഭൂഖണ്ഡാന്തര കായികമേള എന്ന ആശയവുമായി ‘ഓറിയന്റൽ ഒളിംപിക്‌സ്’ 1913ൽ ആരംഭിച്ചു. ഇതിനിടെ 1927ൽ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ രൂപീകരിച്ചു.

1934ൽ വെസ്‌റ്റ് ഏഷ്യാറ്റിക് ഗെയിംസിന് ഡൽഹിയിൽ തുടക്കമായി. ഇന്ത്യയെക്കൂടാതെ അഫ്‌ഗാനിസ്‌ഥാൻ, സിലോൺ എന്നീ രാജ്യങ്ങളിൽനിന്നും അത്‌ലറ്റുകൾ പങ്കെടുത്തു. മേളയുടെ രണ്ടാം പതിപ്പ് ടെൽ അവീവിൽ നടത്താൻ തീരുമാനിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ വെളിച്ചത്തിൽ അത് ഉപേക്ഷിച്ചു. 1947ൽ ഇന്ത്യ സ്വതന്ത്രമായി. ഏഷ്യൻ വൻകരയിൽ വീണ്ടെുമൊരു കായികമേള നടത്തുന്നതിനെപ്പറ്റിയായി പ്രഫ. ഗുരുദത്ത് സോന്ദി എന്ന കായികപ്രേമിയുടെ ആലോചന. ഏഷ്യാറ്റിക് ഗെയിംസ് എന്ന ആശയം  സോന്ദി മുന്നോട്ടുവച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇതിന് പ്രോത്സാഹനം നൽകി.

1947ൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫെറൻസിൽ ഏഷ്യൻ രാജ്യങ്ങൾക്കായി ഒരു മഹാമേള എന്ന ആശയം ഉയർന്നു വന്നു. നെഹ്‌റുവിന്റെ ശക്‌തമായ വാദങ്ങൾ എല്ലാവരും ചെവിക്കൊണ്ടു. 1948ലെ  ഒളിംപിക്‌സിന് പങ്കെടുക്കാനെത്തിയ ഏഷ്യൻ രാജ്യങ്ങളിലെ സ്‌പോർട്‌സ് നേതാക്കൻമാർ ലണ്ടനിലെ മൗണ്ട് റോയൽ ഹോട്ടലിൽ ഒത്തുചേരുകയും ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ രൂപീകരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്‌തു. ഫിലീപ്പിൻസിലെ ജോർഗ് ബി. വർഗാസും ഇന്ത്യയുടെ ഗുരുദത്ത് സോന്ദിയും ഇതിന് നേതൃത്വം നൽകി. 1948ൽ ഏഷ്യാ അത്‌ലറ്റിക്‌സ് ഫെഡറേഷൻ രൂപംകൊണ്ടു. ഒപ്പം പ്രഥമ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ന്യൂഡൽഹിയിൽ നടത്താനും തീരുമാനമായി. അങ്ങനെ 1951ൽ പ്രഥമ മേള ഡൽഹിയിൽ ആരംഭിച്ചു.

ഏഷ്യാറ്റിക് ഗെയിംസ് എന്ന പേരിന് പകരം ഏഷ്യൻ ഗെയിംസ് എന്നാക്കുന്നതാണ് നല്ലത് എന്ന് നിർദേശിച്ചത് നെഹ്‌റുവായിരുന്നു. ആദ്യത്തെ ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ തലസ്‌ഥാനമായ ന്യൂഡൽഹി വേദിയൊരുക്കി. മുപ്പതിനായിരം കാണികളെ സാക്ഷിനിർത്തി, 1951 മാർച്ച് 4ന് ഇന്ത്യൻ പ്രസിഡന്റ് ഡോ. എസ്. രാജേന്ദ്രപ്രസാദ് പ്രഥമ മേള ഉദ്‌ഘാടനം ചെയ്‌തു. ചെങ്കോട്ടയിൽനിന്ന് കൊണ്ടുവന്ന ദീപശിഖ സ്‌റ്റേഡിയത്തിലെ ദീപത്തിൽ പകർന്നു. 

∙ ഏഷ്യൻ ഗെയിംസിന്റെ പിതാവ്

ഏഷ്യൻ ഗെയിംസ്   എന്ന ആശയം നടപ്പാക്കാനായി  ഏറെ വിയർപ്പൊഴുക്കിയ വ്യക്തി ഇന്ത്യക്കാരൻ പ്രഫ. ഗുരുദത്ത് സോന്ദിയാണ്. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്ന വിശേഷണം പ്രഫ. സോന്ദിക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യാ വിഭജനത്തിനുമുൻപ് ലാഹോർ ഗവൺമെന്റ് കോളജിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം.