Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജക്കാർത്തയിലെ റെക്കോർഡിൽനിന്ന് ഒളിംപിക്സിലേക്കു നോക്കുമ്പോൾ; പ്രതീക്ഷ, ആശങ്ക

Indian-Flag ഏഷ്യൻ ഗെയിംസിസ് സമാപനച്ചടങ്ങിലേക്ക് ഇന്ത്യൻ പതാകയുമായി വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എത്തുന്നു. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

ജക്കാർത്ത ∙ റെക്കോർഡ് മെഡൽ നേട്ടത്തിന്റെ തലയെടുപ്പിലാണ് ഇന്തൊനീഷ്യയിൽനിന്ന് ഇന്ത്യ മടങ്ങുന്നത്. ഏഷ്യൻ ഗെയിംസിന്റെ 67 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിന്റെ പകിട്ടിൽ നിൽക്കുമ്പോഴും ആശങ്കയുടെ വഴികൾ തുറന്നിടുന്നുണ്ട് ഇത്തവണത്തെ വൻകര പോരാട്ടം.

അത്‌ലറ്റിക്സിലെ മികച്ച പ്രകടനം പ്രതീക്ഷയ്ക്കു വക നൽകുന്നതാണെങ്കിൽ ഹോക്കിയിലെയും കബഡിയിലെയും തിരിച്ചടികൾ ഞെട്ടിക്കുന്നതാണ്. 38 ഇനങ്ങളിൽ മത്സരിച്ച രാജ്യത്തിന് 20 ഇനങ്ങളിൽ ഒരൊറ്റ മെഡൽപോലും നേടാൻ കഴിഞ്ഞില്ലെന്നതു സങ്കടകരമാണ്. 

∙ മുന്നിൽ ഒളിംപിക്സ്

രണ്ടു വർഷത്തിനകലെയാണു ടോക്യോ ഒളിംപിക്സ്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം ഒളിംപിക്സ് വേദിയിൽ ചെറിയ തോതിലെങ്കിലും ആവർത്തിക്കാൻ കഴിഞ്ഞെങ്കിലേ വൻകരയിലെ പോരാട്ടവീര്യത്തിനു ലോക കായികവേദിയിൽ ആദരവും അംഗീകാരവും ലഭിക്കൂ. 1,500 മീറ്ററിൽ സ്വർണം നേടിയ മലയാളിതാരം ജിൻസൻ ജോൺസൺ കഴിഞ്ഞ റിയോ ഒളിംപിക്സിൽ ഇതേയിനത്തിൽ സ്വർണം നേടിയ താരത്തേക്കാൾ മികച്ച സമയത്തിലാണ് ഇവിടെ ഫിനിഷ് ചെയ്തത്. റിയോയിൽ യുഎസിന്റെ മാത്യു സെൻട്രോവിറ്റ്സ് മൂന്നു മിനിട്ട് 50 സെക്കൻഡിലാണ് 1,500ൽ സ്വർണം നേടിയത്.

ജിൻസൻ ജക്കാർത്തയിൽ സ്വർണമെടുത്തത് മൂന്നു മിനിട്ട് 44.72 സെക്കൻഡിലാണ്. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ പ്രകടനം (88.06 മീ) ഒളിംപിക് വെങ്കലദൂരത്തേക്കാൾ (85.38) മികച്ചതാണ്. ഷോട്ട്പുട്ടിൽ തേജീന്ദർപാൽ ടൂറിന്റെ സ്വർണദൂരം (20.75 മീ) കഴിഞ്ഞ ഒളിംപിക്സിലെ വെങ്കലത്തിനു (20.94) തൊട്ടടുത്തു നിൽക്കുന്നതാണ്. ഷൂട്ടിങ്ങിലെയും ഗുസ്തിയിലെയും സ്വർണനേട്ടങ്ങളും മികച്ചവ തന്നെ. ഒളിംപിക്സിലും പ്രതീക്ഷ വയ്ക്കാവുന്നത്. ബോക്സിങ്ങിൽ ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച അമിത്തും ഭാവിയിലെ താരമാണ്. 

∙ ഇങ്ങനെ വിട്ടാൽ പോരാ 

ചരിത്രത്തിലാദ്യമായി കബഡിയിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ സ്വർണത്തിലെത്താതെ ഇന്ത്യ വീണുപോയി. കബഡിയെ ലോകത്തിനു പരിചയപ്പെടുത്തിയ രാജ്യം അലസതയോടെ നീങ്ങിയതിന്റെ ഫലം. പ്രോ കബഡി ലീഗ് പോലെയുള്ള കാശിറക്കൽ പരിപാടികൾ നടത്തിയിട്ടും സ്വർണം പിടിക്കാൻ കഴിയാത്തതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. ഹോക്കിയിലും പിന്നിലായിപ്പോയതു തിരിച്ചടിയായി. പ്രതാപകാലത്തേക്കു തിരിച്ചെത്തുന്നുവെന്ന സൂചന നൽകിയശേഷമായിരുന്നു വീഴ്ച.

ഹാൻഡ്ബോൾ, വോളിബോൾ എന്നിവയിലെ നിരാശാജനകമായ പ്രകടനത്തിന് അസോസിയേഷനുകൾ ഉത്തരം പറയേണ്ടിവരും. മികച്ച ഫോമിൽ നിൽക്കുന്ന ഫുട്ബോൾ ടീമിനെ ഗെയിംസിന് അയയ്ക്കാതെ ചില ടീമുകളെ കുത്തിത്തിരുകിയവരുടെ ഉദ്ദേശ്യശുദ്ധിയും സംശയിക്കപ്പെടുന്നു. ടീം തിരഞ്ഞെടുപ്പിൽ കായിക മന്ത്രാലയത്തിന്റെ മേൽനോട്ടം വരുംകാലങ്ങളിലെങ്കിലും വേണ്ടതിന്റെ ആവശ്യകത വ്യക്തമാണ്. 

∙ യുവത്വത്തിന് സലാം

ഷൂട്ടിങ്ങിൽ സ്വർണം നേടിയ 16 വയസ്സുകാരൻ സൗരഭ് ചൗധരി. ബോക്സിങ്ങിൽ സ്വർണം നേടിയ ഇരുപത്തിരണ്ടുകാരൻ അമിത്. ഹെപ്റ്റാത്ത്‌ലണിൽ സ്വർണം നേടിയ ഇരുപത്തൊന്നുകാരി സ്വപ്ന ബർമൻ. ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇരുപതുകാരൻ നീരജ് ചോപ്ര. ഗുസ്തിയിൽ സ്വർണം നേടിയ ഇരുപത്തിനാലുകാരായ ബജ്‌രംഗ് പുനിയയും വിനേഷ് ഫൊഗട്ടും. പിന്തുണ നൽകിയാൽ ഇനിയും രാജ്യത്തിനായി മെഡൽ നേടാൻ കഴിവുള്ള ഒട്ടേറെ യുവതാരങ്ങളെ ജക്കാർത്തയിൽ കണ്ടു. അവരെ കൈവിടാതിരിക്കാനുള്ള നടപടികൾ വേണം.

അത്‍ലറ്റിക്സിൽ പതിവിനു വിപരീതമായി കരുത്തു കാട്ടിയതു പുരുഷതാരങ്ങളാണെന്നതും ശ്രദ്ധേയമാണ്. അത്‍ലറ്റിക്സിൽ ഇന്ത്യ നേടിയ ഏഴു സ്വർണമെഡലുകളിൽ അ‍ഞ്ചും പുരുഷൻമാരുടെ വകയായിരുന്നു. നിയമപോരാട്ടത്തിലൂടെ ട്രാക്കിലേക്കു തിരിച്ചെത്തിയ ദ്യുതി ചന്ദിനെപ്പോലെയുള്ളവരെ അംഗീകരിക്കാൻ ഇനിയും വൈകിക്കൂടാ. മെഡൽ നേടിയവർക്കുള്ള പാരിതോഷികം വൈകുന്നതു പലപ്പോഴും പരാതിയാണ്. അതിനിയും ആവർത്തിക്കപ്പെടില്ലെന്നു പ്രതീക്ഷിക്കാം.