ഏതാവശ്യത്തിനും ഒപ്പം നിൽക്കുന്ന വൊളന്റിയർമാർ. ഭാഷയറിയാതെ ബുദ്ധിമുട്ടി നിൽക്കുമ്പോൾ സഹായത്തിനെത്തുന്ന നഗരവാസികൾ. വിളിച്ചാൽ ഓടിയെത്തുന്ന മലയാളി കൂട്ടായ്മ. ചിരിക്കുന്ന മുഖങ്ങളായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി ചുറ്റിലും.
മെഡലുകൾ വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ റെക്കോർഡ് പ്രകടനം നടത്തിയപ്പോൾ സാക്ഷിയായി മീഡിയ ബോക്സിലിരിക്കാൻ കഴിഞ്ഞത് അപൂർവഭാഗ്യം. അടുത്തറിയാവുന്ന അത്‌ലീറ്റുകളായ ജിൻസൻ ജോൺസണും വൈ.മുഹമ്മദ് അനസും പി.യു.ചിത്രയും വി.നീനയും വൻകര പോരാട്ടത്തിൽ മെഡലണിഞ്ഞ് പോഡിയത്തിൽ കയറിയപ്പോൾ ആ കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം. ഇതിനെല്ലാമിടയിലും സങ്കടക്കനലായി കേരളത്തിൽനിന്നുള്ള പ്രളയവാർത്തകൾ.
ഭാഷയുടെ അതിർത്തികൾ ഇല്ലാതാക്കി എംപിസി എന്നറിയപ്പെടുന്ന മെയിൻ പ്രസ് സെന്ററിൽ ഒത്തുകൂടിയിരുന്നു വാർത്തകൾ അയയ്ക്കുന്ന നൂറുകണക്കിനു മാധ്യമപ്രവർത്തകർ. ഇന്തൊനീഷ്യയിൽനിന്നുള്ള ക്രിപ്റ്റോ, ബംഗ്ലദേശിൽനിന്നുള്ള ആതിഖ്, വിയറ്റ്നാമിൽനിന്നുള്ള ലെയ് വോ, ജപ്പാനിൽനിന്നുള്ള ജോ ഇൻ കൂ, ചൈനയിലെ വെയ് ചെൻ അങ്ങനെ എത്രയോ പേർ.
പൈസയുടെ കാര്യത്തിൽമാത്രം ഇന്ത്യക്കാരും ഇന്തൊനീഷ്യക്കാരും ഒരുപോലെയാണ്. ടാക്സി വാടക കൊടുത്താൽ ബാക്കി തരാൻ പല ഡ്രൈവർമാർക്കും മടിയാണ്. മൊബൈൽ കമ്പനികളുടെ ‘പ്ലാനി’ൽ നമ്മൾ വീണുപോകും. ഗെയിംസ് വേദികളിൽനിന്നു സുവനീർ വാങ്ങാമെന്നു വച്ചാൽ കൊള്ളവിലയാണ് എല്ലാത്തിനും. എണ്ണിയാൽ തീരാത്തത്ര കാഴ്ചകളെപ്പറ്റി പറയാൻ ഇനിയും ബാക്കിയുണ്ട്. 50 കിലോ സ്വർണം തലയിൽ ചുമന്നു നിൽക്കുന്ന ‘മൊനാസ്’ എന്ന ദേശീയ സ്മാരകം.
വൈകുന്നേരങ്ങളിൽ ബക്കറ്റ് പിരിവുമായി ഇറങ്ങുന്ന ‘ഒണ്ടെൽ ഒണ്ടെൽ’ എന്ന പരമ്പരാഗത കോലങ്ങൾ. അമ്പും വില്ലുമായി പലയിടങ്ങളിലും ഉന്നംപിടിച്ചു നിൽക്കുന്ന രാമലക്ഷ്മണൻമാർ. ‘മസാഷ് മസാഷ്’ എന്നു വിളിച്ചുപറഞ്ഞ് രാത്രി വൈകിയും തെരുവോരങ്ങളിൽ കറങ്ങിനടക്കുന്ന സുന്ദരിമാർ. ഷാറുഖ് ഖാന്റെ കടുത്ത ആരാധികയായ ഹോട്ടൽ ജീവനക്കാരി സാന്ദ്ര. നഗരത്തിലെ 252 ഷോപ്പിങ് മാളുകൾ. വാരാന്ത്യങ്ങൾ ആഘോഷമാക്കുന്ന ചെറുപ്പക്കാർ.
ഇനിയൊന്നിനും നേരമില്ല. ഗെയിംസ് പതാക താഴ്ന്നു. മടങ്ങാനുള്ള സമയമായി. ഇന്ത്യയുടെ ചരിത്രനേട്ടം വാക്കുകളിലൂടെ വായനക്കാരെ അറിയിക്കാനായി എന്ന സന്തോഷത്തിൽ മടക്കം. ഇനിയെന്നാണാവോ തിരിച്ചുവരേണ്ടി വരിക? ആ കാലമെത്തുന്നതുവരെ എല്ലാ ഇന്തൊനീഷ്യക്കാരോടും രണ്ടു വാക്ക്: സെലാമത്ത് തിങ്കൾ (ഗുഡ്ബൈ).