ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിനു ശേഷം പി.യു. ചിത്രയ്ക്കു ജോലി നൽകാമെന്നു കേരള സർക്കാർ വാഗ്ദാനം. മെഡൽ ലക്ഷ്യമിട്ടു ഭൂട്ടാനിൽ പരിശീലനം നടത്തുന്ന ചിത്രയ്ക്കു കഴിഞ്ഞ മാസം ചെന്നൈ ആദായനികുതി ഓഫിസിൽ തൊഴിൽ അഭിമുഖത്തിനെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീനാണു ജോലി ഉറപ്പുനൽകിയതെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു.
‘ഹൈ ഓൾട്ടിറ്റ്യൂഡ്’ പരിശീലനം നിർണായക ഘട്ടത്തിലായിരുന്നതുകൊണ്ടു ചിത്രയ്ക്കു ചെന്നൈയിലെത്തുക പ്രായോഗികമായിരുന്നില്ല. ഏഷ്യൻ ഗെയിംസ് കഴിയുന്നതുവരെ അഭിമുഖം മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ചെങ്കിലും ‘ജോലി വേണമെങ്കിൽ എത്തിച്ചേരണ’മെന്നായിരുന്നു മറുപടി.
കഴിഞ്ഞദിവസം ലോക്സഭയിൽ കായിക സർവകലാശാലയെക്കുറിച്ചു നടന്ന ചർച്ചയിൽ രാജേഷ് ചിത്രയുടെ ദുരനുഭവം വിവരിച്ചിരുന്നു. രാജേഷ് ഇടപെട്ടിട്ടും ആദായനികുതി അധികൃതർ അനുകൂല നടപടിയെടുത്തിരുന്നില്ല.
‘ജോലിയെക്കുറിച്ചു ചിന്തിക്കേണ്ടതില്ല, അക്കാര്യം സർക്കാർ ഉറപ്പുനൽകുന്നു, ഏഷ്യാഡ് സ്വർണവുമായി വരിക’യെന്ന പ്രോത്സാഹന സന്ദേശമാണു കായികമന്ത്രി കേരളത്തിന്റെ ‘അഭിമാനതാര’ത്തിനു നൽകിയിരിക്കുന്നത്.
നേരത്തേ, ചിത്രയ്ക്കു 10,000 രൂപ പ്രതിമാസ സ്കോളർഷിപ്പും പരിശീലനത്തിനും ഭക്ഷണത്തിനും 500 രൂപ പ്രതിദിന അലവൻസും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.