200 മീറ്ററിൽ പുറത്താകാൻ കാരണം രണ്ട് ഇന്ത്യക്കാർ: ഹിമാ ദാസ്

200 മീറ്ററിൽ ഫോൾസ് സ്റ്റാർട്ടിനെ തുടർന്ന് പുറത്തായ ഹിമ ദാസിന്റെ നിരാശ. ചിത്രം: സമീർ എ.ഹമീദ്

ജക്കാർത്ത ∙ ഏഷ്യൻ ഗെയിംസ് 200 മീറ്ററിൽ താൻ ഫോൾസ് സ്റ്റാർട്ടായതിനു കാരണം അസമിൽനിന്നുള്ള രണ്ടുപേരാണെന്നു ഹിമ ദാസ്. 400 മീറ്ററിലും 4–400 മീറ്റർ മിക്സ്ഡ് റിലേയിലും വെള്ളി നേടിയശേഷം ചൊവ്വ രാത്രിയിലാണ് അസം സ്വദേശിയായ ഹിമ തന്റെ നാട്ടുകാരായ രണ്ടുപേർക്കെതിരെ ആരോപണവുമായി പരസ്യമായി രംഗത്തിറങ്ങിയത്. ആളുകളുടെ പേരുകൾ താരം വെളിപ്പെടുത്തിയില്ല.

ചൊവ്വാഴ്ച രാത്രിയിൽ വനിതാ 200 മീറ്ററിന്റെ രണ്ടാം സെമിയിലാണു ഹിമ ഫോൾസ് സ്റ്റാർട്ടായത്. സ്റ്റാർട്ടറുടെ ഗൺ മുഴങ്ങും മുൻപേ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്നു കുതിച്ച ഹിമയെ സംഘാടകർ ചുവപ്പു കാർഡ് കാട്ടി പുറത്താക്കി. രാത്രി വൈകി നടക്കേണ്ട 4–400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇറങ്ങേണ്ടതിനാൽ ഇന്ത്യൻ ക്യാംപിന്റെ നിർദേശപ്രകാരം താരം മനഃപൂർവം ഫോൾസ് സ്റ്റാർട്ടാക്കി എന്നാണെന്നായിരുന്നു പൊതുവെയുള്ള സംസാരം. മിക്സ്ഡ് റിലേയിൽ ഇറങ്ങേണ്ടതിനാൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് 200 മീറ്റിൽ മത്സരിക്കാതെ പിൻമാറിയിരുന്നു.

മിക്സ്ഡ് റിലേയിൽ ഇന്ത്യൻ ടീമിനൊപ്പമോടി വെള്ളി നേടിയശേഷം രാത്രി വൈകി ഫെയ്സ്ബുക്ക് ലൈവിലൂടെയാണു താരം ആരോപണവുമായി രംഗത്തിറങ്ങിയത്.

‘200 മീറ്റർ സെമിക്കും മിക്സ്ഡ് റിലേക്കും ഇടയിൽ ചെറിയ സമയവ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് അസമിൽനിന്നുള്ള രണ്ടുപേർ സമൂഹമാധ്യമത്തിൽ എനിക്കെതിരെ പരാമർശങ്ങളുമായി രംഗത്തിറങ്ങിയത്. അവയിൽ ചിലത് എന്നെ മാനസികമായി തളർത്തി. 200ന്റെ സെമിക്കിറങ്ങുമ്പോൾ ഏകാഗ്രത നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. അതാണു ഫോൾസ് സ്റ്റാർട്ട് ആകാൻ കാരണം’ – ഹിമ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളെ മാനസികമായി തകർക്കാൻ ശ്രമിക്കരുതെന്ന അഭ്യർഥനയും ഹിമ നടത്തി. തന്റെ ആദ്യകാല പരിശീലകരായ നിപ്പോൺ ദാസ്, നബ്ജിത് ദാസ് എന്നിവർക്കൊപ്പമെത്തിയാണു ഹിമ ആരോപണമുന്നയിച്ചത്.