ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയതുകൊണ്ടോ പാക്കിസ്ഥാനെ തോൽപിച്ചതു കൊണ്ടോ സ്വർണം നേടാനാവാത്തതിന്റെ വേദന മാറില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് പറഞ്ഞു. സെമിയിൽ മലേഷ്യയ്ക്കെതിരെ ഷൂട്ടോഫിൽ പരാജയപ്പെട്ട ഇന്ത്യ പിന്നീടു വെങ്കലമെഡൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചിരുന്നു.
നിലവിലുള്ള ജേതാക്കളും ലോക ഹോക്കിയിലെ അഞ്ചാം റാങ്കുകാരുമായ ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നേടുമെന്നാണു പൊതുവേ വിലയിരുത്തപ്പെട്ടത്. പൂൾ ഘട്ടത്തിൽ 76 ഗോളുകൾ അടിച്ചുകൂട്ടി ഇന്ത്യ ആ പ്രതീക്ഷ കൂട്ടുകയും ചെയ്തിരുന്നു. അമിത ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിന്റെ പതനത്തിനു വഴിവച്ചതെന്നു പലരും കുറ്റപ്പെടുത്തി.
എന്നാൽ ശ്രീജേഷ് ഇതിനോടു വിയോജിക്കുന്നു. ‘‘ആരോപണം ശരിയല്ല. ആരെയും തോൽപിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ നിസ്സാര തെറ്റുകളാണു ഞങ്ങളെ വീഴ്ത്തിയത്. ’’