ഹൈ ഓൾട്ടിറ്റ്യൂഡ് പരിശീലനത്തിൽ ചിത്ര

കോഴിക്കോട് ∙ കഴിഞ്ഞ രണ്ടു മാസത്തോളമായി ഭൂട്ടാനിലെ ഹൈ ഓൾട്ടിറ്റ്യൂഡ് കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന ചിത്രയ്ക്കു മുന്നിൽ രണ്ടാണ് ലക്ഷ്യങ്ങൾ: ഒന്ന്, ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ രാജ്യത്തിനായി ഒരു മെഡൽ. രണ്ട്, അതിനു പിന്നാലെ വരുന്ന കോണ്ടിനെന്റൽ മീറ്റിൽ മികച്ച പ്രകടനം. ട്രാക്കിൽ മെഡൽക്കൊയ്ത്തിനായി പോരാടുമ്പോഴും ട്രാക്കിനു പുറത്തെ വിവാദങ്ങളിലേക്കു പലപ്പോഴും വലിച്ചിഴയ്ക്കപ്പെട്ട താരങ്ങളിലൊരാളാണു ചിത്ര. 

യോഗ്യത ഉണ്ടായിട്ടും ലോക ചാംപ്യൻഷിപ്പിനുള്ള ടീമിൽനിന്നു ഫെഡറേഷൻ വെട്ടിയപ്പോൾ കേരളവും കായികലോകവും ചിത്രയ്ക്കൊപ്പമോടി. അർഹതപ്പെട്ട അവസരം നിഷേധിക്കപ്പെട്ടെങ്കിലും ഒടുവിൽ നീതി ചിത്രയ്ക്കൊപ്പമാണെന്ന് അധികാരികൾക്കു സമ്മതിക്കേണ്ടി വന്നു. 

ഏഷ്യൻ ഗെയിംസ് ഒരുക്കത്തിനായി ഭൂട്ടാനിൽ ഇന്ത്യൻ ക്യാംപിൽ പരിശീലനം നടത്തിവരുമ്പോഴാണ് ആദായനികുതി വകുപ്പ് ജോലിക്കുള്ള ഇന്റർവ്യൂവിനായി താരത്തിനു വിളി വന്നത്. 

ട്രയൽസിൽ താരം നേരത്തേ പങ്കെടുത്തിരുന്നു. ക്യാംപിൽനിന്നു വിടില്ലെന്നു പരിശീലകരും കൂടിക്കാഴ്ചയ്ക്ക് എത്തിയില്ലെങ്കിൽ ജോലി തരില്ലെന്നു വകുപ്പും പറഞ്ഞതോടെ താരം കുടുങ്ങി. 

കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്ന അപേക്ഷയും വകുപ്പ് തള്ളി. എംപിയും അത്‍ലറ്റിക് ഫെഡറേഷനും ഇടപെട്ടിട്ടു പോലും ഫലമുണ്ടായില്ല. എന്നാൽ, പിന്നീടു സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടായതോടെ ആശ്വാസത്തിലാണ് താരവും കുടുംബവും. 

ഇക്കുറി ജക്കാർത്തയിൽ മികച്ച പ്രകടനം നടത്തിയാൽ ചിത്രയ്ക്കു മെഡലിലെത്താം. കഴിഞ്ഞ തവണ ഇഞ്ചോണിൽ ഒ.പി. ജയ്ഷ 1500 മീറ്ററിൽ വെങ്കലം നേടിയത് നാലു മിനിറ്റ് 13.46 സെക്കൻഡിലാണ്.