ലോങ്ജംപിൽ നീന വെള്ളിത്തിളക്കത്തിലേക്കു ചാടുമ്പോൾ, ഊർജമായി ഗാലറിയിൽ ഒരാൾ; പിന്റോ!

മത്സരശേഷം ഭർത്താവ് പിന്റോയ്ക്കൊപ്പം നീന.

ജക്കാർത്ത ∙ ലോങ്ജംപ് പിറ്റിൽ കോഴിക്കോട് മേപ്പയൂരുകാരി വി.നീന വെള്ളിത്തിളക്കത്തിലേക്കു ചാടുമ്പോൾ ഊർജം പകരാൻ ഗാലറിയിൽ ഒരാൾ നിൽപുണ്ടായിരുന്നു: പിന്റോ മാത്യു. പ്രിയപ്പെട്ടവൾക്കു പ്രോത്സാഹനമേകാൻ സ്വന്തം പോക്കറ്റിൽനിന്നു പണമെടുത്ത് ഇന്തൊനീഷ്യയിലേക്കു പറന്നെത്തിയയാൾ. കഴിഞ്ഞ രണ്ടു മാസമായി നീനയുടെ പരിശീലകനും ഭർത്താവ് പിന്റോതന്നെ.

ഇന്നലെ 6.41 മീറ്ററിലാണു താരം ചാടിത്തുടങ്ങിയത്. 6.40 മീറ്ററും 6.50ഉം പിന്നിട്ട് നാലാം ശ്രമത്തിൽ 6.51. അവസാന രണ്ടു ശ്രമങ്ങളിൽ ആഞ്ഞു ശ്രമിച്ചെങ്കിലും 6.46ലും 6.50ലും തന്നെ നിന്നു. ഓരോ ജംപ് കഴിയുമ്പോഴും നിർദേശങ്ങളുമായി പിന്റോ ഗാലറിയിൽനിന്നു വിളിച്ചു. ഒടുവിൽ വിയറ്റ്നാമിന്റെ താവോ തിത്തുവിനു (6.55) പിന്നിൽ വെള്ളി ഉറപ്പിക്കുമ്പോൾ നീന തുള്ളിച്ചാടി; ഗാലറിയിൽ പിന്റോയും. അവർക്കൊപ്പം സന്തോഷത്തിൽ പങ്കുചേർന്നു മലയാളിതാരങ്ങളായ കെ.ടി.ഇർഫാൻ, വൈ.മുഹമ്മദ് അനസ്, എം.ശ്രീശങ്കർ, എ.വി.രാകേഷ് ബാബു എന്നിവരും.

കോമൺവെൽത്ത് ഗെയിംസിൽ പത്താമതായിപ്പോയതിന്റെ സങ്കടം തീർക്കുന്ന പ്രകടനമായി ഇന്നലത്തേത്. ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇതേ സ്റ്റേഡിയത്തിൽ നടത്തിയ ഇൻവിറ്റേഷൻ മീറ്റിൽ മെഡൽ നേടിയതിന്റെ പരിചയവും തുണച്ചെങ്കിലും കരിയറിലെ മികച്ച പ്രകടനമായ 6.66 മീറ്റർ ആവർത്തിക്കാനായില്ല. അതിനടുത്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ഇവിടെ സ്വർണം നീനയുടെ വഴിക്കു വന്നേനേ. ഭീഷണിയാകുമെന്നു കരുതിയ ചൈനീസ് താരം ഷു സിയലിങ് മികച്ച പ്രകടനം നടത്താതിരുന്നതും താരത്തിനു തുണയായി.

തന്റെ മെഡൽ പ്രളയക്കെടുതിയിലായ കേരളത്തിലെ ജനങ്ങൾക്കുള്ളതാണെന്നു നീന മത്സരശേഷം പറഞ്ഞു. ഹർഡിൽസ് താരമായ പാലാ സ്വദേശി പിന്റോയും കോഴിക്കോട്ടുകാരി നീനയും കഴി‍ഞ്ഞ വർഷമാണു വിവാഹിതരായത്. പ്രളയത്തിൽ ഇരുവരുടെയും വീടുകളിൽ പ്രശ്നമുണ്ടായില്ല. ദേശീയ ക്യാംപിലെ വിദേശ പരിശീലകൻ ബെദ്രോസ് ബെദ്രോസിയനുമായി താരങ്ങളിൽ പലരും അടുപ്പത്തിലല്ലെന്നാണ് അറിവ്. നീനയുടെ പരിശീലനം പിന്റോയുടെ തണലിൽ. ഇവിടെ പത്താമതെത്തിയ നയനയുടെ പരിശീലനം സഞ്ജയ് റായിക്കൊപ്പമാണ്.