ഇന്ത്യ ഉറച്ചു വിശ്വസിച്ചു, നീരജ് സ്വർണം എറിഞ്ഞു പിടിച്ചു!

നീരജ് ചോപ്ര

കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷയാണു നീരജ് ചോപ്ര കാത്തത്. ജാവലിൻ ത്രോയിൽ സ്വർണം നേടി താനാണ് ഇന്ത്യയുടെ സൂപ്പർതാരമെന്നു നീരജ് തെളിയിച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് ഈ യുവതാരം കുറെക്കാലമായി നടത്തുന്നത്. അതിന്റെ തുടർച്ചയെന്നോണം ജാവലിൻ ത്രോയിൽ രാജ്യം വർഷങ്ങളായി കാത്തിരിക്കുന്ന സ്വർണം ഒടുവിൽ നീരജ് എറിഞ്ഞെടുത്തു. അഭിനന്ദനങ്ങൾ നീരജ്. ഡയമണ്ട് ലീഗിലും മികച്ച പ്രകടനം തുടരാൻ കഴിയട്ടെ.

പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഗംഭീര പ്രകടനമാണു ധരുൺ അയ്യസാമി നടത്തിയത്. ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടനത്തിലൂടെ രാജ്യത്തിനു വെള്ളി സമ്മാനിക്കാൻ ആ ചെറുപ്പക്കാരനു കഴിഞ്ഞു. അവസാന വളവിൽ എതിരാളികളെ വകഞ്ഞുമാറ്റിക്കൊണ്ടുള്ള ധരുണിന്റെ കുതിപ്പ് ഒന്നു കാണേണ്ടതു തന്നെയായിരുന്നു. നമ്മുടെ ജോസഫ് ഏബ്രഹമിന്റെ പിൻഗാമിയാകാൻ പറ്റിയ ചെറുപ്പക്കാരൻ. വേഗവും സാങ്കേത്തികത്തികവും ഏറെ വേണ്ട ഹർഡിൽസ് മത്സരത്തിൽ ഇനിയും കൂടുതൽ മെഡലുകൾ ധരുൺ രാജ്യത്തിനു സമ്മാനിക്കട്ടെ.

പരിചയസമ്പത്തിന്റെ വിജയമാണു സുധ സിങ്ങിന്റേത്. കുതിച്ചു പാഞ്ഞ ബഹ്റൈൻ താരത്തെ പിടിച്ചാൽ കിട്ടില്ലെന്ന് ഉറപ്പായതോടെ വെള്ളിയിൽ ഉറച്ചുനിൽക്കാൻ ശ്രമിച്ച് സുധ നടത്തിയ പോരാട്ടം അനുഭവത്തിന്റെ കരുത്തുള്ള ഒരു താരത്തിനു മാത്രമേ കഴിയുകയുള്ളൂ. വരുംദിവസങ്ങളിൽ ഇനിയുമേറെ മെഡലുകൾ വരാനുണ്ട്. ഇന്ന് 800 മീറ്ററിൽ ജിൻസൺ ജോൺസൺ ഇറങ്ങുന്നു. ഇതാദ്യമായി ഏഷ്യൻ ഗെയിംസിൽ അവതരിപ്പിക്കുന്ന 4–400 മീറ്റർ മിക്സ്ഡ് റിലേയിലും ഇന്ത്യൻ സംഘം ഇന്നു മത്സരിക്കും. ഇന്ത്യൻ പതാക വാനിലുയരുന്നതു കാണാൻ കാണികൾക്കു ഭാഗ്യമുണ്ടാകട്ടെ.