Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിനു ‘തൊണ്ണൂറുകൾ’ പോലെ സിന്ധുവിന് ഫൈനലുകൾ; ഈ വെള്ളി എന്നു പൊന്നാകും?

pv-sindhu-4 പി.വി. സിന്ധു

തുടർച്ചയായി 199 ആഴ്ച ബാഡ്മിന്റൻ ലോക റാങ്കിങ്ങിൽ ഒന്നാം റാങ്കിലിരുന്നിട്ടും പേരിനും പെരുമയ്ക്കുമൊത്ത മെഡൽ നേട്ടങ്ങൾ സാധ്യമാകാതെ പോയ മലേഷ്യൻ ഇതിഹാസ താരം ലീ ചോങ് വെയിയുടെ പാതയിലാണോ പി.വി. സിന്ധുവും? ലോക ബാഡ്മിന്റൻ വേദികളിൽ തുടർച്ചയായി ഫൈനലുകളിൽ പരാജയപ്പെടുന്നതാണ് ഇരുവർക്കുമിടയിലെ താരതമ്യങ്ങൾക്കു കാരണം. മൂന്നു തവണ വീതം ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലും ഫൈനലിൽ കടന്നിട്ടും വെള്ളിയിലൊതുങ്ങേണ്ടിവന്ന ഇതിഹാസമാണ് ലീ ചോങ് വെയ്. ഏഷ്യൻ ഗെയിംസിലും ലീയുടെ പേരിലുള്ളത് ഒരേയൊരു വെള്ളി! കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും നേടിയ സ്വർണമാണ് ലീയുടെ ‘വലിയ’ മെഡൽനേട്ടങ്ങൾ.

തൊണ്ണൂറുകളിൽ’ എത്തുമ്പോൾ റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്ന സാക്ഷാൽ സച്ചിനെപ്പോലെയാണ്, സിന്ധുവിന് കലാശപ്പോരുകൾ. അമിത സമ്മർദ്ദം തന്നെ തന്നെ വില്ലൻ. 2016 റിയോ ഒളിംപിക്സ് ഫൈനലിൽ കരോലിന മരിനോടു തോൽവി പിണഞ്ഞതിനുശേഷം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലുൾപ്പെടെ പതിനൊന്നു ഫൈനലുകളിലാണു സിന്ധു പരാജയം രുചിച്ചത്. കലാശക്കളിയിലേക്കെത്തുമ്പോൾ അമിത സമ്മർദത്തിന് അടിപ്പെടുന്നതാണു സിന്ധുവിനു വിനയാകുന്നതെന്നാണു വിലയിരുത്തൽ. ഫൈനൽ മൽസരങ്ങൾക്കിറങ്ങുമ്പോൾ ശാപം പിടികൂടിയ ശരീരഭാഷയാണു പി.വി.സിന്ധുവിന്. സ്വപ്ന സമാനമായ കുതിപ്പിനൊടുവിൽ മറ്റൊരു ഫൈനലിലും സിന്ധു തോറ്റു മടങ്ങിയിരിക്കുന്നു. കരുത്ത്, നിശ്ചയദാർഢ്യം, സാങ്കേതികത്തികവ്. ഇവ മൂന്നും ഒരുപോലെ സമ്മേളിക്കുന്ന ഈ ഇന്ത്യൻ താരത്തിന് ഫൈനലുകളിൽ തുടർച്ചയായി അടിതെറ്റുകയാണെന്നു കണക്കുകൾ പറയും.

ഇക്കഴിഞ്ഞ ലോകചാംപ്യൻഷിപ്പിലും തോറ്റതോടെ സിന്ധുവിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും, താൻ സ്വർണം കൈവിടുകയല്ല, രാജ്യത്തിനായി വെള്ളി നേടുകയാണു ചെയ്തതെന്ന കാര്യം മറക്കരുതെന്ന് ചൂണ്ടിക്കാട്ടി അവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യൻ ഗെയിംസ് ഫൈനലിലെ തോൽവി. അതേസമയം, 23 വയസ്സു മാത്രമുള്ള സിന്ധുവിന് ഒട്ടേറെ കിരീടങ്ങൾ നേടാനുള്ള സാധ്യത അവശേഷിക്കുകയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഫൈനലിൽ സിന്ധുവിന് അടിതെറ്റിയ ചില മൽസരങ്ങൾ

∙ റിയോ ഒളിംപിക്സ് 2016: ഇരുപത്തിയൊന്നുകാരിയായ സിന്ധുവിന്റെ കന്നി ഒളിംപിക്സ് ഫൈനൽ. സ്പെയിനിന്റെ കരോലിന മരിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയതിനുശേഷം സിന്ധു തോറ്റു. സ്കോർ 19–21, 21–12, 21–15. വെള്ളി നേട്ടത്തിലൂടെ സിന്ധു ചരിത്രമെഴുതിയെങ്കിലും കൈവിട്ടത് ഒളിംപിക് സ്വർണം.

∙ ഹോങ്കോങ് ഓപ്പൺ 2016: റിയോ ഒളിംപിക്സിനു പിന്നാലെ ഇവിടെയും ഫൈനലിൽ കടന്നെങ്കിലും സിന്ധു തോറ്റു. ചൈനീസ് തായ്പെയിയുടെ തായ് സൂയിങ്ങിനോട് സിന്ധു വലിയ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു (15–21, 17–21). റിയോ ഒളിംപിക്സിൽ താൻ തോൽപിച്ചു വിട്ട യിങ്ങിനെതിരെ സിന്ധുവിന് ഇത്തവണ വിജയം നേടാനായില്ല.

∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് 2017: ഒളിംപിക്സിലെ സ്വർണനഷ്ടത്തിന് ബാഡ്മിന്റൻ ലോക കിരീടം നേടി സിന്ധു പ്രായശ്ചിത്തം ചെയ്യും എന്ന പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്നു. ഫലം നിരാശ. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാര 19–21, 22–20, 20–22 ന് സിന്ധുവിനെ മറികടന്നു. ആദ്യ രണ്ടു സെറ്റുകൾ ഇരുവരും നേടിയപ്പോൾ നിർണായകമായ മൂന്നാം സെറ്റിൽ ത്രസിപ്പിക്കുന്ന കളിയാണ് നടന്നത്. 110 മിനിറ്റ് നീണ്ട കളിയുടെ ഗതിവേഗം ആവേശമുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു. ലോകചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണമെഡലിനായുള്ള കാത്തിരിപ്പ് ഇക്കുറിയും അവസാനിച്ചില്ല. നാൻജിങ്ങിൽ സിന്ധു വീണ്ടും വെള്ളി വെളിച്ചത്തിലേക്ക് ഒതുങ്ങിപ്പോയി. 

∙ ഹോങ്കോങ് ഓപ്പൺ 2017: ടൂർണമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു സിന്ധു. കിരീടനേട്ടത്തിൽ കുറഞ്ഞതൊന്നും സിന്ധുവിൽനിന്നു പ്രതീക്ഷിക്കാതെയിരുന്ന ആരാധകർക്കു വീണ്ടും നിരാശ. ഇത്തവണ തോൽവി തായ്‌വാന്റെ തായ് സൂയിങ്ങിനോട്. സ്കോർ 18–21, 18–21. 

∙ ലോക ബാഡ്മിന്റൻ സൂപ്പർ സീരിസ് 2017: ടൂർണമെന്റിലെ എല്ലാ മൽസരങ്ങളിലും എതിരാളികൾക്കുമേൽ വ്യക്തമായ മേൽകൈയോടെ ജയിച്ച് ഫെനലിൽ. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് ഇത്തവണ കലാശക്കളിയിൽ സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ 21–15, 12–21, 19–21.

∙ ദുബായ് സൂപ്പർ സീരിസ് 2017: ആ വർഷത്തെ അവസാന സൂപ്പർ സീരിസ് പോരാട്ടത്തിലും സിന്ധു ഫൈനലിൽ തോറ്റു. അന്ന് ലോക രണ്ടാം നമ്പർ താരമായിരുന്ന ജപ്പാന്റെ അകാനെ യമാഗുച്ചിക്കു മുന്നിൽ നാലാം റാങ്കുകാരി സിന്ധു കീഴടങ്ങി (21-15, 12-21, 19-21). ഓഗസ്റ്റിൽ ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പ് ഫൈനലിനു സമാനമായിരുന്നു ദുബായിലെ തോൽവിയും.

∙ ഇന്ത്യ ഓപ്പൺ സൂപ്പർ സീരിസ് 2018: പതിവുപോലെ, അവസാന പോയിന്റ് വരെ പോരാടിയിട്ടും പി.വി.സിന്ധുവിനു തൂവൽ അകലത്തിൽ മറ്റൊരു കിരീടനഷ്ടം. ഇന്ത്യ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം ഫൈനലിൽ സിന്ധു കൈവിട്ടു. യുഎസിന്റെ ബെയ്‌വെൻ സാങ്ങിനോട് അവസാനം വരെ പൊരുതിയിട്ടും തോൽവി. സ്കോർ: 18-21, 21-11, 20-22. 

∙ കോമൺവെൽത്ത് ഗെയിംസ് 2018: ഓൾ ഇന്ത്യൻ ഫൈനലിൽ സൈന നെഹ്‌വാളും സിന്ധുവും നേർക്കുനേർ. സ്വർണവും വെള്ളിയും ഇന്ത്യ ഉറപ്പിച്ച മൽസരത്തിൽ റാങ്കിങ്ങിൽ പിന്നിലുള്ള സൈനയ്ക്കായിരുന്നു വിജയം, സ്കോർ 21–18, 23–21.

∙ തായ്‌ലൻ‍ഡ് ഓപ്പൺ 2018: ഇവിടെയും സിന്ധു ഫൈനലിൽ തോറ്റു. ജപ്പാന്റെ നൊസോമി ഒക്കുഹാര 21–15, 21–18നാണു സിന്ധുവിനെ തോൽപിച്ചത്. 

∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് 2018: ചൈനയിലെ നാൻജിങ് യൂത്ത് ഒളിംപിക് ഗെയിംസ് സ്പോർട്സ് സെന്ററിൽ അരങ്ങേറിയ ലോക ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിൽ ഫൈനലിൽ കടന്ന സിന്ധു ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് സുവർണ പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ കോടിക്കണക്കിന് ഇന്ത്യക്കാരെ നിരാശരാക്കി ഇക്കുറിയും മെഡൽ നേട്ടം വെള്ളിയിലൊതുങ്ങി. കുറച്ചു നാളുകളായി സിന്ധുവിന്റെയും ഇന്ത്യയുടെയും സ്ഥിരം വൈരിയായി മാറിയ സ്പെയിനിന്റെ ഇതിഹാസ താരം കരോലിന മരിനോട് 21–19, 21–10ന് അടിയറവു പറയാനായിരുന്നു ഇവിടെയും വിധി. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം എന്ന സ്വപ്നം ഒരിക്കൽക്കൂടി പൊലിഞ്ഞു.

∙ ഏഷ്യൻ ഗെയിംസ് 2018: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ അസൂയാർഹമായ മുന്നേറ്റമായിരുന്നു സിന്ധുവിന്റേത്. ലോക റാങ്കിങ്ങിൽ തനിക്കു മുന്നിലുള്ള ജപ്പാന്റെ അകാനെ യമാഗുച്ചിയെയും തോൽപ്പിച്ച് ഫൈനലിൽ കടന്ന സിന്ധുവിൽ, ഇന്ത്യയൊന്നാകെ ഒരിക്കൽക്കൂടി പ്രതീക്ഷവച്ചു. ഇക്കുറിയും ഫലം തഥൈവ! നേരിട്ടുള്ള സെറ്റുകൾക്ക് ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർതാരം തായ് സൂയിങ് സിന്ധുവിനെ വീഴ്ത്തി.

വിജയങ്ങളിൽ ചിലത്

∙ ചൈന ഓപ്പൺ 2016: ഒളിംപിക്സ് മെ‍ഡൽ നേട്ടത്തിനു പിന്നാലെ പി.വി.സിന്ധു കരിയറിലെ ആദ്യ സൂപ്പർ സിരീസ് പ്രീമിയർ കിരീടം സ്വന്തമാക്കി. ഏഴു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ചൈന ഓപ്പണാണ് സിന്ധു സ്വന്തം പേരിലെഴുതിയത്. ഒരു മണിക്കൂർ നീണ്ട ഫൈനലിൽ സിന്ധു ആതിഥേയ താരം സൺ യുവിനെ കീഴടക്കി (21–11, 17–21, 21–11).

∙ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് 2017: ഒളിംപിക് സ്വർണ വിജയി സ്പെയിനിന്റെ കരോലിന മരിനെ തോൽപിച്ചു (21–19, 21–16). റിയോ ഒളിംപിക്സിലെ ഫൈനലിൽ മാരിനു മുന്നിൽ അടിയറവു പറഞ്ഞാണു സിന്ധു വെള്ളികൊണ്ടു തൃപ്തിപ്പെട്ടത്. സിന്ധുവിന്റെ ആദ്യ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് കിരീടം.

∙ കൊറിയ ഓപ്പൺ സൂപ്പർ സീരീസ് 2017: ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ തന്നെ തോൽപിച്ച ജപ്പാന്റെ നൊസോമി ഒക്കുഹാരയെ 22–20, 11–21, 21–18നു വീഴ്ത്തി സിന്ധു കിരീടത്തിൽ. അഞ്ചാം സീഡ് സിന്ധുവും എട്ടാം സീഡ് നൊസോമിയും തമ്മിലുള്ള പോരാട്ടം ഒരു മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്നു. ഇതോടെ കൊറിയ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു.